കേരളത്തിന്റെ മാരിടൈം, കപ്പൽ നിർമാണ മേഖലയ്ക്ക് വലിയ മുന്നേറ്റമാകുന്ന പുതിയ പദ്ധതിക്ക് വഴിതുറന്നു. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ ഏകദേശം 5,000 കോടി നിക്ഷേപമുള്ള ഷിപ്പ് ബ്ലോക്ക് ബിൽഡിങ് പദ്ധതിക്കായി 18.16 ഏക്കർ ഭൂമി പാട്ടത്തിന് നൽകാൻ മന്ത്രിസഭ അനുമതി നൽകി. പദ്ധതിയിലൂടെ ഏകദേശം 2,000 നേരിട്ടുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമേ അനുബന്ധ വ്യവസായങ്ങളിലും സേവനമേഖലകളിലും നിരവധി പരോക്ഷ തൊഴിലവസരങ്ങളും രൂപപ്പെടും.
കൊച്ചി നഗരത്തോട് ചേർന്നുള്ള രാമൻതുരുത്തിലെ 18.16 ഏക്കർ ഭൂമിയാണ് കൊച്ചിൻ ഷിപ്പ്‌യാർഡിന് പാട്ടത്തിന് നൽകുന്നത്. ഏറെക്കാലമായി പരിഗണനയിലുണ്ടായിരുന്ന നിർദേശം കൊച്ചിൻ ഷിപ്പ്‌യാർഡുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് സർക്കാർ അംഗീകരിച്ചത്.
ഭൂമിയുടെ പാട്ടത്തിലൂടെ സംസ്ഥാന സർക്കാരിന് പ്രതിവർഷം ₹1.45 കോടി ലഭിക്കും. ജിഎസ്ടി ഉൾപ്പെടെ വാർഷിക വരുമാനം ഏകദേശം ₹1.70 കോടി വരുമെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.
എന്താണ് Ship Block Building?
ആധുനിക കപ്പൽ നിർമാണത്തിൽ ഒരു കപ്പൽ മുഴുവനായി ഒരിടത്ത് ഘട്ടംഘട്ടമായി നിർമിക്കുന്നതിന് പകരം, ഹള്ളിന്റെ വലിയ ഭാഗങ്ങൾ ഉൾപ്പെടെയുള്ള വിവിധ ബ്ലോക്കുകൾ പ്രത്യേകം നിർമിച്ച് പിന്നീട് അവ കൂട്ടിച്ചേർക്കുന്ന രീതിയാണ് block construction.
ഇതിനായി വലിയ തോതിലുള്ള സ്റ്റീൽ ഫാബ്രിക്കേഷൻ, വെൽഡിങ്, മെക്കാനിക്കൽ-ഇലക്ട്രിക്കൽ ഇന്റഗ്രേഷൻ, ഹെവി എൻജിനീയറിങ് തുടങ്ങിയ ശേഷികൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ പുതിയ പദ്ധതി കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനൊപ്പം കേരളത്തിൽ ഒരു വലിയ മറൈൻ മാനുഫാക്ചറിംഗ് ഇക്കോസിസ്റ്റം വളരുന്നതിനും സഹായകമാകും.
പുതിയ പദ്ധതി ഒറ്റപ്പെട്ട നിക്ഷേപമല്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊച്ചിൻ ഷിപ്പ്‌യാർഡ് അതിന്റെ കപ്പൽ നിർമാണ, റിപ്പയർ ശേഷികൾ വലിയ തോതിൽ വികസിപ്പിച്ചുവരികയാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡിൽ ഏകദേശം ₹1,799 കോടി ചെലവിൽ നിർമിച്ച പുതിയ ഡ്രൈ ഡോക്ക് വലിയ LNG carriers, Capesize, Suezmax വിഭാഗത്തിലുള്ള കപ്പലുകൾ, ഓയിൽ റിംഗ്സ്, സെമി സബ് മേർസിബിൾസ് തുടങ്ങിയ വലിയ സമുദ്രയാനങ്ങൾ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതാണ്.
ഇതിന് പുറമെ വില്ലിംഗ്ടൺ ഐലൻഡിൽ ഏകദേശം ₹970 കോടി ചെലവിൽ അന്താരാഷ്ട്ര ഷിപ്പ് റിപ്പയർ ഫെസിലിറ്റി വികസിപ്പിച്ചിട്ടുണ്ട്. 6,000 ടൺ ശേഷിയുള്ള ഷിപ്പ് ലിഫ്റ്റി സംവിധാനവും ആറ് വർക്ക് സ്റ്റേഷനുകളും ഉൾപ്പെടുന്ന ഈ കേന്ദ്രം ഇന്ത്യയുടെ കപ്പൽ റിപ്പയർ ശേഷി വർധിപ്പിക്കുകയും കൊച്ചിയെ മേഖലയിലെ പ്രധാന ഷിപ്പ് റിപ്പയർ ഹബാക്കുകയും ചെയ്യുകയാണ്.
കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ വികസന പദ്ധതികൾ ഇന്ത്യയുടെ വലിയ മാരിടൈം ലക്ഷ്യങ്ങളുമായാണ് മുന്നോട്ടുപോകുന്നത്. കമ്പനി തന്നെ വ്യക്തമാക്കിയിട്ടുള്ളതുപോലെ, ആഭ്യന്തര-അന്താരാഷ്ട്ര കപ്പൽ നിരകൾക്ക് സേവനം നൽകുന്ന world-class ship repair ecosystem വികസിപ്പിക്കുകയും ഓഫ് ഷോർ ഫാബ്രിക്കേഷൻ, മറൈൻ എഞ്ചിനീയറിംഗ്, സ്കിൽ ഡെവലപ്മെന്റ് മേഖലകളിൽ ശേഷി വർധിപ്പിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ഇത് കേന്ദ്ര സർക്കാരിന്റെ Maritime India Vision 2030മായി ബന്ധപ്പെട്ട് നിൽക്കുന്നു.
₹5,000 കോടിയുടെ പുതിയ നിക്ഷേപത്തിന്റെ ഏറ്റവും നേരിട്ടുള്ള നേട്ടം ഏകദേശം 2,000 തൊഴിലവസരങ്ങളാണ്. ഷിപ്പ് ഫാബ്രിക്കേഷൻ, സ്റ്റീൽ പ്രൊസ്സസിംഗ്, വെൽഡിംഗ്, ഇലക്ട്രിക്കൽ എക്വിപ്മെന്റ്സ്, ലോജിസ്റ്റിക്സ്, എഞ്ചിനീയറിംഗ് സർവ്വീസ്, ഇൻഡസ്ട്രിയൽ മെയിന്റനൻസ്, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ നിരവധി അനുബന്ധ മേഖലകളിൽ പുതിയ ബിസിനസ് അവസരങ്ങൾ സൃഷ്ടിക്കാൻ പദ്ധതിക്ക് കഴിയും.
പ്രത്യേകിച്ച് കേരളത്തിലെ MSMEകൾക്കും മറൈൻ എഞ്ചിനീയറിംഗ് കമ്പനികൾക്കും ടെക്നീഷ്യൻസിനും എഞ്ചിനീയർമാർക്കും വലിയൊരു supply-chain ecosystem-ന്റെ ഭാഗമാകാനുള്ള സാധ്യതയാണ് തുറക്കുന്നത്.
₹5,000 കോടി നിക്ഷേപമുള്ള പുതിയ ഷിപ്പ്ബിൽഡിംഗ് ഫെസിലിറ്റി, ₹1,799 കോടിയുടെ പുതിയ ഡ്രൈ ഡോക്ക്, ₹970 കോടിയുടെ അന്താരാഷ്ട്ര ഷിപ്പ് റിപ്പയർ സംവിധാനം എന്നിവ ചേർത്തു നോക്കുമ്പോൾ കൊച്ചി ഇന്ത്യയിലെ പ്രധാന ഷിപ്പ് റിപ്പയർ-മറൈൻ എഞ്ചിനീയറിംഗ് ക്ലസ്റ്ററുകളിലൊന്നായി വളരുകയാണ്.
The Kerala state government will lease 18.16 acres of land for a ship block building project by central public sector enterprise Cochin Shipyard Limited, involving an investment of approximately ₹5,000 crore. The project is expected to create around 2,000 direct employment opportunities. Through the land lease, the state government will receive an annual income of ₹1.45 crore, which is estimated to reach nearly ₹1.70 crore per year including GST.
