ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും കേന്ദ്ര സർക്കാരും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിനും പ്രധാന പ്രാദേശിക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനുമായി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ സോണൽ കൗൺസിൽ യോഗം മഹാബലിപുരത്ത് നടന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ആണ് 31-ാമത് ദക്ഷിണേന്ത്യൻ സോണൽ കൗൺസിൽ യോഗം ചേർന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, കേരളത്തിൽ നിന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ, വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുൾപ്പെടെ പ്രമുഖർ യോഗത്തിൽ പങ്കെടുത്തു.

മുല്ലപ്പെരിയാറിൽ പുതുതായി നിർമിക്കുന്ന അണക്കെട്ടിൽ നിന്നുള്ള മുഴുവൻ വെള്ളവും തമിഴ്നാടിന് നൽകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. അണക്കെട്ടിന്റെ പൂർണ നിർമാണച്ചെലവ് കേരളം വഹിക്കുമെന്നും അണക്കെട്ടിന്റെ മാതൃക, നിർമാണം, സ്ഥാനം എന്നിവ തമിഴ്നാടിന് തീരുമാനിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ കേരളത്തിന്റെ ഈ ആവശ്യം തമിഴ്നാട് തള്ളി. മുൻ നിലപാടിൽ മാറ്റമില്ലെന്നും പുതിയ അണക്കെട്ടിന്റെ ആവശ്യം ഇല്ലെന്നും തമിഴ്നാട് വ്യക്തമാക്കി. തലശ്ശേരി-മൈസൂർ, നിലമ്പൂർ-നഞ്ചൻകോട് റെയിൽ പാതകളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടിയ കേരളംം, അന്തിമ DPR തയ്യാറാക്കാൻ കർണാടക സർക്കാരിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെയും സഹകരണം ആവശ്യപ്പെട്ടു. കേരളത്തെ കർണാടകവുമായും തമിഴ്നാടുമായും ബന്ധിപ്പിക്കുന്ന വനപാതകളിലെ രാത്രികാല യാത്രാ നിരോധനം യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കേരളം വ്യക്തമാക്കി. പൂർണ നിരോധനത്തിന് പകരം ശാസ്ത്രീയമായി നിർണയിച്ച സമയങ്ങളിൽ നിയന്ത്രിത വാഹന സഞ്ചാരം അനുവദിക്കുന്നത് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി യോഗത്തിൽ ആവശ്യപ്പെട്ടു.
ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക് മണ്ഡല പുനർനിർണയത്തിലൂടെ പാർലമെന്റിലെ പ്രാതിനിധ്യം കുറയാൻ ഇടയാകരുതെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ യോഗത്തിൽ ആവശ്യപ്പെട്ടു. 1971-ലെ ജനസംഖ്യാ കണക്കെടുപ്പ് അടിസ്ഥാനമാക്കി വരും 25 വർഷത്തേക്ക് ലോക്സഭാ സീറ്റുകളുടെ എണ്ണം 543 ആയി നിലനിർത്തണമെന്നും, വനിതാ സംവരണം ഈ നിലവിലെ സീറ്റുകൾക്കുള്ളിൽ തന്നെ നടപ്പാക്കണമെന്നും അദ്ദേഹം മുന്നോട്ടുവെച്ചു. കാവേരി നദീജല പങ്കുവെക്കലും മേക്കദാട്ടു പദ്ധതിയും യോഗത്തിൽ ചർച്ചയായി. മേക്കദാട്ടു പദ്ധതി തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും കർഷകർക്ക് പ്രയോജനകരമാകുമെന്ന് ഡി.കെ. ശിവകുമാർ വ്യക്തമാക്കിയെങ്കിലും, പദ്ധതി തങ്ങളുടെ താത്പര്യങ്ങൾക്ക് തിരിച്ചടിയാകുമെന്ന നിലപാടിൽ തമിഴ്നാട് ഉറച്ചുനിന്നു.
The Union Home Minister held a meeting with Chief Ministers to strengthen relations between southern states and the Central Government and to discuss key regional issues. The Southern Zonal Council meeting was held in Mahabalipuram, Tamil Nadu, under the chairmanship of Union Home Minister Amit Shah. Delimitation and the Cauvery issue were the primary topics of discussion. During the meeting, Chief Minister V.D. Satheesan stated that Kerala is willing to provide all the water from the proposed new dam at Mullaperiyar to Tamil Nadu. However, Tamil Nadu clarified that it would not accept a new dam.
