ഇന്ത്യയും അർമേനിയയും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ആയുധങ്ങൾ വാങ്ങുന്നതിലുപരി ഗവേഷണം, നവീന സാങ്കേതികവിദ്യകൾ, സംയുക്ത ഉൽപ്പാദനം തുടങ്ങിയ മേഖലകളിലേക്ക് സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള പുതിയ ധാരണാപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. 2020 മുതൽ ഏകദേശം 2 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറുകളാണ് ഇന്ത്യയും അർമേനിയയും തമ്മിൽ ഒപ്പുവെച്ചിട്ടുള്ളത്. പരമ്പരാഗത റഷ്യൻ ആയുധങ്ങളെ മാത്രം ആശ്രയിക്കുന്നതിന് പകരം പ്രതിരോധ സംവിധാനങ്ങൾ വൈവിധ്യവത്കരിക്കാൻ ഈ ബന്ധം അർമേനിയയെ സഹായിക്കുന്നുണ്ട്.
ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായി അർമേനിയ ഇതിനോടകം തന്നെ മാറി കഴിഞ്ഞു. ശത്രുക്കളുടെ പീരങ്കി ആക്രമണങ്ങൾ കണ്ടെത്താനുള്ള ‘സ്വാതി’ റഡാറുകൾ, ആകാശ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ, ദൂരപരിധി കൂടിയ ‘പിനാക’ മൾട്ടി-ബാരൽ റോക്കറ്റ് ലോഞ്ചറുകൾ എന്നിവ അർമേനിയയുടെ ആയുധശേഖരത്തിലെ പ്രധാന കരുത്താണ്. വ്യോമാക്രമണങ്ങളെ പ്രതിരോധിക്കുന്നതിനും ദൂരത്തുള്ള ആക്രമണങ്ങൾ നടത്തുന്നതിനും ഈ ഇന്ത്യൻ നിർമ്മിത സംവിധാനങ്ങൾ അർമേനിയയ്ക്ക് വലിയ തുണയാകുന്നു.

പ്രതിരോധ ഉപകരണങ്ങൾ കയറ്റുമതി ചെയ്യുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയ്ക്ക് അന്താരാഷ്ട്ര തലത്തിൽ വലിയ സ്വീകാര്യതയാണ് ഈ കരാറുകൾ നേടിത്തന്നിട്ടുള്ളത്. ആധുനിക യുദ്ധമുറകളിൽ ഡ്രോണുകളെ പ്രതിരോധിക്കുന്ന ആന്റി-ഡ്രോൺ സംവിധാനങ്ങൾ ഉൾപ്പെടെയുള്ളവയും ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി കൈമാറുന്നുണ്ട്. ഇന്ത്യയുടെ തദ്ദേശീയ പ്രതിരോധ നിർമ്മാണ മേഖലയുടെ വളർച്ചയ്ക്കും ആഗോള വിപണിയിലെ സാന്നിധ്യത്തിനും ഈ പങ്കാളിത്തം ശക്തമായ അടിത്തറയാണ് നൽകുന്നത്.
India and Armenia expand defense ties beyond weapon sales to joint R&D, boosting exports of Akash missile systems, Pinaka launchers, and Swathi radars
