പ്രതിരോധ രംഗത്ത് കൂടുതൽ കരുത്താർജ്ജിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ റഷ്യയിൽ നിന്ന് കൂടുതൽ അത്യാധുനിക ആയുധ സംവിധാനങ്ങൾ സ്വന്തമാക്കാൻ ഒരുങ്ങുന്നു. വ്യോമസേനയുടെ കരുത്ത് കൂട്ടുന്നതിനായി റഷ്യയുടെ അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമായ S-500, അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനമായ Su-57 എന്നിവ സ്വന്തമാക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ (SCO) ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും നടത്തിയ കൂടിക്കാഴ്ചയിൽ ഇരുവരും ഈ വിഷയം ചർച്ച ചെയ്യ്തുവെന്നാണ് റിപ്പോർട്ടുകൾ. ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക നീക്കത്തിൽ ഇന്ത്യയുടെ S-400 ‘സുദർശൻ’ മിസൈൽ പ്രതിരോധ സംവിധാനം ശത്രുക്കളുടെ വ്യോമാക്രമണങ്ങളെയും ഡ്രോണുകളെയും വിജയകരമായി പ്രതിരോധിച്ച് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ദീർഘദൂര അതിർത്തികളിൽ ശത്രുക്കളുടെ വിമാനങ്ങളെ കൃത്യമായി ലക്ഷ്യമിട്ട് തകർത്ത S-400-ന്റെ ഈ വിജയം, റഷ്യയിൽ നിന്നുള്ള പുതിയ പ്രതിരോധ സാങ്കേതികവിദ്യകൾ സ്വായത്തമാക്കാൻ ഇന്ത്യക്ക് കൂടുതൽ പ്രചോദനമായി. കൂടുതൽ S-400 സ്ക്വാഡ്രണുകൾ വാങ്ങുന്നതിനൊപ്പം അടുത്ത തലമുറ സംവിധാനങ്ങളിലേക്ക് കടക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് S-500 പ്രൊമീത്യസ് (S-500 Prometheus) വാങ്ങാനുള്ള ആലോചനകൾ ചർച്ചയിൽ വരുന്നത്. നിലവിലുള്ള S-400 നേക്കാൾ കൂടുതൽ ശേഷിയുള്ള പ്രതിരോധ സംവിധാനമാണിത്. ബാലിസ്റ്റിക് മിസൈലുകൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, ബഹിരാകാശത്തിന് തൊട്ടടുത്തുള്ള ഉപഗ്രഹ വേധ ഭീഷണികൾ എന്നിവയെ വരെ തകർക്കാൻ S-500-ന് കഴിയും.

അതുപോലെ അഞ്ചാം തലമുറയിലെ Su-57 സ്റ്റെൽത്ത് യുദ്ധവിമാനം (Su-57 Stealth Fighter) വാങ്ങാനുള്ള ചർച്ചകളും ഇന്ത്യ സജീവമമാത്തിയിട്ടുണ്ട്. റഷ്യയുടെ അഞ്ചാം തലമുറ (5th Generation) സൂപ്പർസോണിക് സ്റ്റെൽത്ത് യുദ്ധവിമാനമാണിത്. ശത്രു റഡാറുകളിൽ പെടാതെ കടന്നുചെല്ലാനും, ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് കൃത്യമായ ആക്രമണം നടത്താനും ഇതിന് ശേഷിയുണ്ട്. വ്യോമസേനയിലെ സ്ക്വാഡ്രണുകളുടെ കുറവ് പരിഹരിക്കാൻ Su-57 സഹായകരമാകുമെന്നാണ് വിലയിരുത്തൽ
ഇന്ത്യൻ പ്രതിരോധ മേഖലയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സാങ്കേതികവിദ്യ കൈമാറ്റത്തോടെയുമുള്ള (Technology Transfer) സംയുക്ത നിർമ്മാണത്തിനാണ് ഇന്ത്യ മുൻഗണന നൽകുന്നത്. ഇന്ത്യയുടെ ഈ നീക്കത്തെ ആഗോള ശക്തികൾ ഉറ്റുനോക്കുകയാണ്. റഷ്യയുമായുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നത് ഇന്ത്യയുടെ തന്ത്രപ്രധാന സുരക്ഷയ്ക്ക് വലിയ കരുത്തുപകരുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.
India to Acquire Advanced Weapon Systems from Russia. To boost the Indian Air Force’s capability, discussions regarding the acquisition of Russia’s advanced S-500 missile defense system and the 5th-generation Su-57 stealth fighter jet are moving to the next stage. As part of promoting ‘Make in India’ within the defense sector, India is prioritizing joint production accompanied by technology transfer.