ഉൽപ്പാദനച്ചെലവ് പുനഃപരിശോധിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ചില ഇലക്ട്രിക് കാറുകളുടെ പ്രാദേശിക നിർമ്മാണം താൽക്കാലികമായി നിർത്തിവച്ച് വിയറ്റ്നാമീസ് ഇവി നിർമ്മാതാക്കളായ വിൻഫാസ്റ്റ് (VinFast). VF3, VF6, VF7 എന്നീ മൂന്ന് ഇലക്ട്രിക് വാഹന പ്രോഗ്രാമുകളുടെയും പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ കമ്പനി വിതരണക്കാരോട് ആവശ്യപ്പെട്ടിട്ടുള്ളതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇന്ത്യയിൽ പ്രാദേശികമായി ഘടകഭാഗങ്ങൾ നിർമ്മിക്കുകയും സോഴ്സ് ചെയ്യുകയും ചെയ്യുക വഴി ചെലവ് കുറയ്ക്കാനും കൂടുതൽ മത്സരക്ഷമമായ വിലയിൽ കാറുകൾ വിപണിയിലിറക്കാനുമായിരുന്നു കമ്പനി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ ഉദ്ദേശിച്ച രീതിയിൽ വികസനച്ചെലവ് കുറയ്ക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഈ തീരുമാനം. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലുള്ള പ്ലാന്റിൽ കംപ്ലീറ്റ് നോക്ക്ഡ്-ഡൗൺ (CKD) കിറ്റുകൾ ഉപയോഗിച്ച് VF6, VF7 മോഡലുകളുടെ അസംബ്ലിംഗ് തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

അമേരിക്കയിലും യൂറോപ്പിലും വിപണി വിഹിതം നേടുന്നതിൽ നേരിട്ട പ്രതിസന്ധികളെ തുടർന്ന് വലിയ പ്രതീക്ഷയോടെയാണ് വിൻഫാസ്റ്റ് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിച്ചത്. ഇന്ത്യയിൽ 2 ബില്യൺ ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തുകൊണ്ട് കഴിഞ്ഞ വർഷമാണ് കമ്പനി തങ്ങളുടെ ആദ്യ നിർമ്മാണ ഫാക്ടറി ഇവിടെ ആരംഭിച്ചത്. നിലവിലുള്ള വാഹനങ്ങളുടെ വിൽപ്പനയെയോ അസംബ്ലിംഗിനെയോ പുതിയ തീരുമാനം ബാധിക്കില്ലെങ്കിലും, വിപണിയിലെ ഉപഭോക്തൃ പ്രതികരണങ്ങളും ആവശ്യകതയും അടിസ്ഥാനമാക്കി ഭാവി പദ്ധതികളിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്.
Vietnamese EV maker VinFast temporarily pauses local production of select electric car models in India to reassess development costs while continuing assembly at its Tamil Nadu plant
