വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സർക്കാരുകൾക്കും വലിയ ഭീഷണിയുയർത്തുന്ന സൈബർ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, വിവര ചോർച്ചയും മറ്റ് സുരക്ഷാ വെല്ലുവിളികളും പ്രതിരോധിക്കാൻ ആഗോളതലത്തിൽ വൻ തോതിൽ വിദഗ്ധരെ ആവശ്യമുണ്ടെന്ന് വിജിലൻസ് ഡയറക്ടർ മനോജ് അബ്രഹാം ഐ.പി.എസ്. പ്രൊഫഷണലുകളുടെ ഈ കുറവ് നികത്താൻ കേരളത്തിന് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഫ് 9 ഇൻഫോടെക്, കേരള സ്റ്റാർട്ടപ്പ് മിഷനുമായി (KSUM) സഹകരിച്ച് കൊച്ചിയിൽ സംഘടിപ്പിച്ച രണ്ടാമത് ‘കേരള സൈബർ സുരക്ഷാ സമ്മിറ്റിൽ’ (KCSS) സംസാരിക്കുകയായിരുന്നു അദ്ദേഹം.

Kerala Cyber Security Summit 2026

ഒറ്റ വെടിയുണ്ട പോലും ഉപയോഗിക്കാതെ രാജ്യങ്ങളുടെ പ്രവർത്തനം സ്തംഭിപ്പിക്കാനും പ്രതിരോധ സംവിധാനങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയും തകർക്കാനും ഇന്ന് സൈബർ ആക്രമണങ്ങൾക്ക് സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടും റാൻസംവെയർ ബാധിതരുടെ എണ്ണത്തിൽ 389 ശതമാനത്തിന്റെ വർധനയാണുണ്ടായിട്ടുള്ളത്. ഇന്ത്യയിൽ 2025-ൽ മാത്രം 19,813 കോടി രൂപയുടെ സാമ്പത്തിക നഷ്ടമാണ് സൈബർ തട്ടിപ്പുകളിലൂടെ സംഭവിച്ചത്. നിലവിൽ ലോകത്താകമാനം 4.8 മില്യൺ (48 ലക്ഷം) സൈബർ സെക്യൂരിറ്റി ഒഴിവുകളാണുള്ളതെന്നും, മികച്ച പ്രതിഭകളുള്ള കേരളത്തിന് ഈ തൊഴിൽ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ വലിയ മുൻതൂക്കമുണ്ടെന്നും മനോജ് അബ്രഹാം വ്യക്തമാക്കി.

സംസ്ഥാനത്തെ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സൗജന്യമായി സൈബർ സുരക്ഷാ പരിശീലനവും ബോധവൽക്കരണവും സർട്ടിഫിക്കറ്റും നൽകാനുള്ള എഫ് 9 ഇൻഫോടെക്കിന്റെ തീരുമാനത്തെ ചടങ്ങ് ഉദ്ഘാടനം ചെയ്ത ഹൈബി ഈഡൻ എം.പി അഭിനന്ദിച്ചു. സൈബർ സുരക്ഷ ബോർഡ് റൂമുകളിലോ സാങ്കേതിക സമ്മേളനങ്ങളിലോ മാത്രം ഒതുങ്ങിനിൽക്കേണ്ട ഒന്നല്ലെന്ന് എഫ് 9 ഇൻഫോടെക് സ്ഥാപകൻ ജയകുമാർ മോഹനചന്ദ്രൻ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 56,000 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ് പരാതികളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. എന്നാൽ ശക്തമായ പ്രതിരോധ സംവിധാനങ്ങൾ വഴി 32 ലക്ഷം പരാതികളിൽ നിന്നായി 11,000 കോടിയിലധികം രൂപ സംരക്ഷിക്കാൻ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ എയർ കമ്മഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ, കെ.എസ്.ഐ.ഡി.സി ചെയർമാൻ സി. ബാലഗോപാൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ സി.ഇ.ഒ വിനായക് ഗോഡ്സെ, എഫ് 9 ഇൻഫോടെക് സീനിയർ ലീഡർമാരായ രാജേഷ് രാധാകൃഷ്ണൻ, രാജേഷ് വിക്രമൻ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. ഡാറ്റാ സെക്യൂരിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (DSCI), ടൈ (TiE) കേരള, കൊച്ചിൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവരുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്.

Speaking at the Kerala Cyber Security Summit 2026, Manoj Abraham IPS highlighted a global shortage of 4.8 million cybersecurity professionals and called on Kerala to leverage its talent pool.

Share.
Leave A Reply

Exit mobile version