ടാറ്റാ ഗ്രൂപ്പിന്റെ റീട്ടെയിൽ സ്ഥാപനമായ ട്രെന്റിന്റെ (Trent Ltd) വാല്യൂ-ഫാഷൻ ബ്രാൻഡായ ‘സുഡിയോ’ (Zudio) രാജ്യത്ത് 1,000 സ്റ്റോറുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. 2016ൽ ആരംഭിച്ച ബ്രാൻഡ് പത്ത് വർഷത്തിനുള്ളിൽ ഇന്ത്യയിലെ 300ലധികം നഗരങ്ങളിലേക്കാണ് പ്രവർത്തനം വ്യാപിപ്പിച്ചത്. ഈ കാലയളവിൽ 10 കോടിയിലധികം ഉപഭോക്താക്കൾക്കാണ് സുഡിയോ സേവനം നൽകിയിട്ടുള്ളത്. സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ട്രെൻഡി വസ്ത്രങ്ങൾ ലഭ്യമാക്കുന്നതിലൂടെ സംഘടിത റീട്ടെയിൽ വിപണിയിൽ വൻ മുന്നേറ്റമാണ് സുഡിയോ കാഴ്ചവെച്ചിരിക്കുന്നത്.

ഒരൊറ്റ പരസ്യം പോലും നൽകാതെയാണ് സുഡിയോ ഈ വിപണി വിജയം കൈവരിച്ചതെന്നത് മറ്റൊരു പ്രധാന പ്രത്യേകതയാണ്. യാതൊരുവിധ പരസ്യ പ്രചാരണങ്ങളുമില്ലാതെ, ആകർഷകമായ വിലയും മികച്ച നിലവാരവും കൊണ്ട് മാത്രം ലക്ഷക്കണക്കിന് ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറാൻ സുഡിയോയ്ക്ക് സാധിച്ചു. ടയർ-2, ടയർ-3 നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള അതിവേഗ വിപുലീകരണവും ശക്തമായ വിതരണ ശൃംഖലയുമാണ് ട്രെന്റിന്റെ ഉടമസ്ഥതയിലുള്ള ഈ ബ്രാൻഡിനെ ഇന്ത്യയിലെ പ്രമുഖ വാല്യൂ-റീട്ടെയിൽ ശൃംഖലയാക്കി മാറ്റിയത്.
Tata Group’s value-fashion brand Zudio achieves a major milestone by crossing 1,000 stores across 300 Indian cities with zero advertisement spending
