ഇത്തവണ തുലാവർഷം കനക്കുമെന്ന കാലാവസ്ഥ പ്രവചനങ്ങൾക്കിടയിലും വയനാട്ടിലെ കാപ്പി കൃഷി മേഖലക്ക് പ്രത്യേകിച്ച് കാപ്പി സംരംഭകർക്ക് പ്രതീക്ഷ നൽകുന്ന നടപടികളുമായി നീങ്ങുകയാണ് കോഫീ ബോർഡ്. എൽനിനോ പ്രതിഭാസമടക്കം കനത്ത വരൾച്ച സമ്മാനിച്ചതോടെ തകർച്ച നേരിടുന്ന കാപ്പി കൃഷി മേഖലയെ അത്യാധുനിക തലത്തിലേക്ക് ഉയർത്തുന്നതിനായി 2500 കോടി രൂപയുടെ സമഗ്ര മാസ്റ്റർ പ്ലാൻ കോഫി ബോർഡ് തയ്യാറാക്കി കഴിഞ്ഞു. പഴക്കമേറിയ കാപ്പി ചെടികൾക്ക് പകരം അത്യത്പാദനശേഷിയുള്ള പുതിയ ഇനങ്ങൾ കർഷകർക്ക് നല്കുന്നതടക്കം മാസ്റ്റർ പ്ലാനിലുണ്ട് . ഈ പദ്ധതി പ്രകാരം വയനാട്ടിലെ പഴയ കാപ്പിത്തോട്ടങ്ങൾ പൂർണ്ണമായി നവീകരിക്കാനും പുനഃകൃഷിക്കായി 70% വരെ ഉയർന്ന സബ്സിഡി നൽകാനും ലക്ഷ്യമിടുന്നു.

സാധാരണയായി കാലവർഷത്തെ ദുർബലപ്പെടുത്തി വരൾച്ചയുമായെത്തിയ എൽ നിനോ പ്രതിഭാസം, നല്ല മഴയ്ക്കും പിന്നീട് കടുത്ത തണുപ്പിനും കേരളത്തിൽ കാരണമായ ലാ നിനാ എന്നിവയെ അതിജീവിച്ചു പിടിച്ചു നില്ക്കാൻ പാടുപെടുന്ന വയനാട്ടിലെ കാപ്പി മേഖലക്ക് അടുത്ത 10 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി നടപ്പിലാക്കുന്ന ഈ ബൃഹത്തായ പദ്ധതി, പുതിയൊരു ഊർജവും ഉണർവും സമ്മാനിക്കുമെന്നുറപ്പാണ്.
കാലാവസ്ഥാ വ്യതിയാനങ്ങളെയും വരൾച്ചയെയും പ്രതിരോധിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ജലസേചന മാർഗങ്ങളും മാസ്റ്റർ പ്ലാനിലൂടെ കർഷകർക്ക് പരിചയപ്പെടുത്തും.
പതിറ്റാണ്ടുകൾ പഴക്കമുള്ളതും ഉൽപ്പാദനക്ഷമത വളരെ കുറഞ്ഞതുമായ കാപ്പി ചെടികൾ പിഴുതുമാറ്റി, ഉയർന്ന വിളവ് തരുന്ന പുതിയ ഇനങ്ങൾ നട്ടുപിടിപ്പിക്കും. പഴയ ചെടികൾ മാറ്റി പുതിയവ നടുമ്പോൾ കർഷകർക്ക് നേരിടേണ്ടി വരുന്ന വലിയ സാമ്പത്തിക ബാധ്യത ഒഴിവാക്കാൻ പദ്ധതിയിലൂടെ ധന സഹായം ലഭിക്കും.
കർഷകരുടെ കൈകളിലേക്ക് നേരിട്ട് പ്രയോജനം എത്തുന്ന രീതിയിലുള്ള നിരവധി സബ്സിഡികളും പ്രത്യേക പാക്കേജുകളും മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.
കേരളത്തിലെ വയനാട് ജില്ലയിലെ കാപ്പി കർഷകരെ സഹായിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പും കേന്ദ്ര കോഫി ബോർഡും സംയുക്തമായി നിരവധി സബ്സിഡികളും ധനസഹായ പദ്ധതികളും നടപ്പിലാക്കി വരുന്നുണ്ട്. ഇന്ത്യൻ കോഫി ബോർഡിന്റെ ‘ഇന്റഗ്രേറ്റഡ് കോഫി ഡെവലപ്മെന്റ് സ്കീം’ നടപ്പാക്കി വരികയാണ്. കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനും ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാനുമായി വിപുലമായ ധനസഹായങ്ങളാണ് നിലവിൽ ലഭ്യമാക്കിയിട്ടുള്ളത്.ഇതിനു പുറമെയാണ് പുതിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നവീകരണ പദ്ധതി.
കെ.ഇ.ആർ.എ (KERA) പദ്ധതി വഴി ധനസഹായംലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന KERA പദ്ധതി വഴി വയനാട്ടിലെ കാപ്പി മേഖലയുടെ നവീകരണത്തിനായി 25 കോടി രൂപയുടെ പ്രത്യേക പദ്ധതി നിലവിലുണ്ട്. ഉൽപ്പാദനക്ഷമത കുറഞ്ഞതും പ്രായം ചെന്നതുമായ കാപ്പിത്തോട്ടങ്ങളിൽ പഴയ ചെടികൾ മാറ്റി പുതിയ ഉയർന്ന വിളവ് തരുന്ന തൈകൾ വെച്ചുപിടിപ്പിക്കുന്നതിന് ഹെക്ടറിന് 1,10,000 രൂപ സാമ്പത്തിക സഹായം നൽകുന്നു.
നിരവധി മൂല്യ വർധിത പദ്ധതികളും നിലവിലുണ്ട്. ക്ലൈമറ്റ് സ്മാർട്ട് കോഫി വിഭാഗത്തിൽ കെ-ഡിസ്കും (K-DISC) വ്യവസായ വകുപ്പും ചേർന്ന് വയനാടൻ കാപ്പിയുടെ ഗുണനിലവാരം ഉയർത്തി ‘വയനാടൻ കാപ്പി’ എന്ന പേരിൽ ആഗോള ബ്രാൻഡായി വിപണിയിലെത്തിക്കാൻ കർഷകർക്ക് സാങ്കേതിക സഹായങ്ങൾ നൽകുന്നു.
The Coffee Board unveils a ₹2,500 crore master plan to revitalize Wayanad’s coffee sector with high-yielding varieties, modern irrigation, and up to 70% replanting subsidies
