സെമികണ്ടക്ടർ നിർമാണ രംഗത്ത് ലോകത്തെ പ്രധാന കേന്ദ്രങ്ങളിലൊന്നായി മാറാനുള്ള ലക്ഷ്യവുമായി ഇന്ത്യ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിൽ നിർമിച്ച ചിപ്പുകൾ ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങിയെന്നും ന്യൂഡൽഹിയിൽ സെമികോൺ ഇന്ത്യ 2026 ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. “സിലിക്കൺ ടു സിസ്റ്റംസ്: ബിൽഡിംഗ് ദി ഇക്കോസിസ്റ്റം” എന്നതാണ് സെമികോൺ ഇന്ത്യ 2026ന്റെ പ്രമേയം.
ചിപ്പ് രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമപ്പുറം പാക്കേജിംഗ്, പരിശോധന, ഗവേഷണം, വിദഗ്ദ്ധ തൊഴിൽ ശക്തി എന്നിവ ഉൾപ്പെടുത്തി രാജ്യത്തിന്റെ സെമികണ്ടക്ടർ ശേഷി വിപുലീകരിക്കാനാണ് ഈ ഉച്ചകോടി ലക്ഷ്യമിടുന്നത്. കഴിഞ്ഞ ദശകത്തിൽ രാജ്യത്തിന്റെ ഇലക്ട്രോണിക്സ് നിർമ്മാണ മേഖലയിലുണ്ടായ വൻ വളർച്ചയും, 76,000 കോടി രൂപയുടെ പ്രാരംഭ നിക്ഷേപത്തോടെ ആരംഭിച്ച പദ്ധതിയുടെ തുടർച്ചയായി പ്രഖ്യാപിച്ച 1,27,500 കോടി രൂപയുടെ ‘സെമികോൺ ഇന്ത്യ പ്രോഗ്രാം 2.0’-ഉം ഈ മുന്നേറ്റത്തിന് ശക്തമായ അടിത്തറയായി മാറിയിട്ടുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 12 സെമികണ്ടക്ടർ പദ്ധതികൾക്കാണ് ഇതുവരെ അനുമതി ലഭിച്ചിട്ടുള്ളത്.
ഫാബ്രിക്കേഷൻ, അഡ്വാൻസ്ഡ് പാക്കേജിംഗ് എന്നിവയ്ക്ക് പുറമെ, ഈ ദശകത്തിനകം 85,000 വിദഗ്ദ്ധരായ സെമികണ്ടക്ടർ എൻജിനീയർമാരെ വാർത്തെടുക്കാനും ‘ചിപ്സ് ടു സ്റ്റാർട്ടപ്പ്’ (C2S) പോലുള്ള പദ്ധതികളിലൂടെ സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ആഗോളതലത്തിലുള്ള സപ്ലൈ ചെയിൻ ശൃംഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ‘പാക്സ് സിലിക്ക’ (Pax Silica) കൂട്ടായ്മയിലും ഇന്ത്യ പങ്കാളിയായിട്ടുണ്ട്.
ലോകമെമ്പാടുമുള്ള പ്രമുഖ ചിപ്പ് നിർമ്മാതാക്കൾ, നയരൂപകർത്താക്കൾ, നിക്ഷേപകർ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തുന്ന ഈ ഉച്ചകോടിയിൽ 300 അന്താരാഷ്ട്ര കമ്പനികൾ ഉൾപ്പെടെ 600-ലധികം പ്രദർശകരും 150-ലധികം പ്രഭാഷകരും പങ്കെടുക്കുന്നുണ്ട്. ഒറ്റപ്പെട്ട നിർമ്മാണ യൂണിറ്റുകൾക്കപ്പുറം ശക്തമായ ഒരു സമ്പൂർണ്ണ ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുക വഴി ആഗോള ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ ഇന്ത്യയുടെ പങ്ക് കൂടുതൽ നിർണ്ണായകമാക്കാൻ ഈ ഉച്ചകോടി സഹായിക്കും.
India leaps toward becoming a global semiconductor hub as PM Narendra Modi inaugurates Semicon India 2026, launching Made in India chips and ecosystem expansion.
