സൂര്യന്റെ ഊർജ്ജോത്പാദന പ്രക്രിയ ഭൂമിയിൽ പുനർസൃഷ്ടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങളിൽ നിർണ്ണായക മുന്നേറ്റം. ഗുജറാത്തിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാസ്മ റിസർച്ചിലെ എസ്‌.എസ്‌.ടി-1 (Steady State Superconducting Tokamak – SST-1) ടോകാമാക് സംവിധാനത്തിൽ പുതിയൊരു 82.6 ജിഗാഹെർട്സ്, 400 കിലോവാട്ട് ഗൈറോട്രോൺ (Gyrotron) സ്ഥാപിച്ചു. സൂര്യനെപ്പോലെ അത്യുഷ്ണമുള്ള പ്ലാസ്മ ദീർഘനേരം നിലനിർത്താനും അതിന്റെ സ്വഭാവങ്ങൾ പഠിക്കാനുമുള്ള രാജ്യത്തിന്റെ ഗവേഷണങ്ങൾക്ക് ഈ പുതിയ ഉപകരണം വലിയ കരുത്തുപകരും.

അണുസംയോജന (Nuclear fusion) പ്രക്രിയയിലൂടെ ക്ലീൻ എനെഞജി ഉൽപ്പാദിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘കൃത്രിമ സൂര്യൻ’ (Artificial Sun) പദ്ധതി ഇന്ത്യ മുന്നോട്ട് കൊണ്ടുപോകുന്നത്. പരമ്പരാഗത പവർ പ്ലാന്റുകൾ പോലെ ഇന്ധനം കരിക്കുന്നതിന് പകരം, ഉയർന്ന താപത്തിലും മർദ്ദത്തിലും ചെറിയ അണുക്കളുടെ കേന്ദ്രങ്ങൾ (Atomic nuclei) സംയോജിപ്പിച്ചാണ് ഫ്യൂഷൻ വഴി ഊർജ്ജം പുറത്തുവിടുന്നത്. ഇതിന്റെ ഭാഗമായി സൂര്യന്റെ കാമ്പിലുള്ളതിനേക്കാൾ 20 ഇരട്ടി അധിക ചൂടായ, 20 കോടി ഡിഗ്രി സെൽഷ്യസിനു മുകളിൽ പ്ലാസ്മ താപനില കൈവരിക്കാൻ ഇന്ത്യൻ ഗവേഷകർക്ക് ഇതിനകം കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഈ അതിതീവ്ര താപനിലയിലുള്ള പ്ലാസ്മ ചോർന്നുപോകാതെ ദീർഘനേരം സുസ്ഥിരമായി നിലനിർത്തുക എന്നതാണ് ശാസ്ത്രലോകം നേരിടുന്ന പ്രധാന വെല്ലുവിളി.

ഈ പ്രതിസന്ധി മറികടക്കാൻ സഹായിക്കുന്നതാണ് പുതിയ ഗൈറോട്രോൺ സംവിധാനം. ഉയർന്ന ആവൃത്തിയുള്ള മൈക്രോവേവ് ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന ഈ ഉപകരണം എസ്‌.എസ്‌.ടി-1 ടോകാമാക്കിലെ പ്ലാസ്മയിലേക്ക് ഊർജ്ജം പകർന്നുനൽകി അതിനെ ചൂടോടെ നിലനിർത്താൻ സഹായിക്കുന്നു. ശക്തമായ കാന്തിക മണ്ഡലങ്ങളുടെ സഹായത്തോടെ പ്ലാസ്മ റിയാക്ടറിന്റെ ഭിത്തികളിൽ സ്പർശിക്കാതെ സുരക്ഷിതമായി പിടിച്ചുനിർത്താൻ ഇത് ഗവേഷകരെ സഹായിക്കും. ഇത് ഉടൻതന്നെ വാണിജ്യ അടിസ്ഥാനത്തിലുള്ള ഒരു പവർ പ്ലാന്റായി മാറില്ലെങ്കിലും, സുസ്ഥിരമായ അണുസംയോജന ഊർജ്ജോത്പാദനമെന്ന ലക്ഷ്യത്തിലേക്കുള്ള ഇന്ത്യയുടെ നിർണ്ണായക ചുവടുവെപ്പാണ് ഈ പുതിയ മുന്നേറ്റം

India makes a significant breakthrough in its ‘Artificial Sun’ project with a new Gyrotron system installed on the SST-1 Tokamak in Gujarat for sustainable fusion energy research

Share.
Leave A Reply

Exit mobile version