കടക്കെണിയിലായ ഷാപൂർജി പല്ലോഞ്ചി ഗ്രൂപ്പിനെ സഹായിക്കാനായി, ടാറ്റാ സൺസിലെ കമ്പനി ഓഹരികൾ തിരികെ വാങ്ങാൻ നോയൽ ടാറ്റ നിർദ്ദേശം സമർപ്പിച്ചു. കുറഞ്ഞത് 25,000 കോടി രൂപയുടെ തുക ലഭ്യമാക്കുന്ന ഈ പ്രൊപ്പോസൽ ടാറ്റാ സൺസ് ബോർഡ് യോഗത്തിലാണ് അവതരിപ്പിച്ചത്. എസ്.പി ഗ്രൂപ്പിന്റെ കുടുംബ സ്ഥാപനങ്ങളുടെ നിശ്ചിത ഓഹരികൾ രണ്ട് ഘട്ടങ്ങളായി ഏറ്റെടുക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

18 മാസംകൊണ്ട് രണ്ട് ഘട്ടങ്ങളായി ‘സെലക്ടീവ് ക്യാപിറ്റൽ റിഡക്ഷൻ’ വഴി ഈ ഇടപാട് പൂർത്തിയാക്കുമെന്നാണ് ടാറ്റ ട്രസ്റ്റ് അറിയിച്ചിരിക്കുന്നത്. ഇതിനുള്ള തുക കമ്പനിയുടെ ആഭ്യന്തര ഫണ്ടിൽ നിന്നോ മറ്റ് ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിൽപനയിലൂടെയോ കണ്ടെത്താനാണ് നോയൽ ടാറ്റ നിർദ്ദേശിച്ചിരിക്കുന്നത്. ഉയർന്ന വായ്പാ ബാധ്യതയുള്ള എസ്.പി ഗ്രൂപ്പിന് ഈ നീക്കം വലിയ സാമ്പത്തിക ആശ്വാസമാകും.
ഉയർന്ന പലിശ നിരക്കിലുള്ള വായ്പാ ബാധ്യതകളിൽ നിന്ന് മോചനം നേടാൻ എസ്.പി ഗ്രൂപ്പിന് ഈ നീക്കം ഏറെ നിർണ്ണായകമാണ്. റീഫിനാൻസിങ് നടത്തിയിരുന്നെങ്കിലും വലിയ തോതിൽ പലിശ നൽകേണ്ടി വരുന്ന സാഹചര്യത്തിൽ, ടാറ്റ സൺസിലെ ഓഹരി വിൽപനയിൽ വ്യക്തമായ പുരോഗതി ഉണ്ടാകണമെന്ന് വായ്പാ ദാതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് എൻ.സി.എൽ.ടി നടപടികൾ ആരംഭിക്കാനും ഇരു ഗ്രൂപ്പുകളിലെയും ഉദ്യോഗസ്ഥരുമായി ചർച്ചകൾ തുടരാനും നോയൽ ടാറ്റ ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
Noel Tata proposes a ₹25,000 crore deal for Tata Sons to buy back Shapoorji Pallonji Group’s stake, offering major debt relief to the SP Group
