ശ്രീലങ്കയിലെ തുറമുഖ–ലോജിസ്റ്റിക്സ് മേഖലയിൽ നിർണായക വികസനവുമായി അദാനി പോർട്സ് ആൻഡ് സ്പെഷ്യൽ ഇക്കണോമിക് സോൺ (APSEZ). കൊളംബോ വെസ്റ്റ് ഇന്റർനാഷണൽ ടെർമിനലിന്റെ (CWIT) രണ്ടാംഘട്ട ശേഷി വികസനം ശ്രീലങ്കൻ പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ ഉദ്ഘാടനം ചെയ്തു.

750 മില്യൺ ഡോളറിന്റെ മൊത്തം നിക്ഷേപത്തോടെ നടപ്പാക്കിയ വികസനത്തിലൂടെ CWITയുടെ വാർഷിക കണ്ടെയ്നർ കൈകാര്യം ചെയ്യൽ ശേഷി 1.6 മില്യൺ TEU-യിൽ നിന്ന് 3.2 മില്യൺ TEU ആയി ഇരട്ടിയായി. 2028ഓടെ കൊളംബോ തുറമുഖത്തിന്റെ മൊത്തം ശേഷി 13 മില്യൺ TEU ആയി ഉയർത്തുകയാണ് ലക്ഷ്യം. ഇതിന്റെ ഏകദേശം 25 ശതമാനം കൈകാര്യം ചെയ്യാനുള്ള ശേഷിയിലേക്കാണ് CWIT എത്തുന്നത്.
18 മാസത്തിൽ 20 ലക്ഷം TEU
പ്രവർത്തനം ആരംഭിച്ച് ആദ്യ 18 മാസത്തിനുള്ളിൽ 2 മില്യൺ TEU കണ്ടെയ്നറുകൾ കൈകാര്യം ചെയ്തതായും CWIT അറിയിച്ചു. പ്രവർത്തനത്തിന്റെ ആദ്യ വർഷത്തിനുള്ളിൽ തന്നെ ഒരു മില്യൺ TEU കൈകാര്യം ചെയ്ത ഏറ്റവും വേഗമേറിയ ടെർമിനൽ എന്ന നേട്ടവും CWIT നേരത്തെ സ്വന്തമാക്കിയിരുന്നു.
പുതിയ ശേഷി വികസനത്തോടെ മൂന്ന് അൾട്രാ ലാർജ് കണ്ടെയ്നർ കപ്പലുകൾ ഒരേസമയം ടെർമിനലിൽ അടുപ്പിക്കാനാകും. ആഗോള കിഴക്ക്–പടിഞ്ഞാറ് വ്യാപാരപാതയിലെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി കൊളംബോയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ ഇത് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ശ്രീലങ്കയിലെ ആദ്യ പൂർണ ഓട്ടോമേറ്റഡ് ഡീപ് വാട്ടർ ടെർമിനൽ
ശ്രീലങ്കയിലെ ആദ്യത്തെ സമ്പൂർണ ഓട്ടോമേറ്റഡ് ഡീപ് വാട്ടർ കണ്ടെയ്നർ ടെർമിനലാണ് CWIT. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിയിലാണ് ടെർമിനൽ വികസിപ്പിച്ചിരിക്കുന്നത്. പൂർണമായും വൈദ്യുതീകരിച്ച പ്രവർത്തന സംവിധാനവും ടെയിൽപൈപ്പ് എമിഷൻ ഇല്ലാത്ത പ്രവർത്തനവുമാണ് ടെർമിനലിന്റെ പ്രത്യേകതയെന്ന് കമ്പനി അറിയിച്ചു.
APSEZ, ജോൺ കീൽസ് ഹോൾഡിങ്സ്, ശ്രീലങ്ക പോർട്സ് അതോറിറ്റി എന്നിവയുടെ പങ്കാളിത്തത്തിലാണ് CWIT വികസിപ്പിച്ചിരിക്കുന്നത്. 35 വർഷത്തെ Build-Operate-Transfer (BOT) കൺസഷൻ അടിസ്ഥാനത്തിലാണ് പദ്ധതി. ഇതിലൂടെ 3,000-ത്തിലധികം നേരിട്ടും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിച്ചതായും കമ്പനി പറയുന്നു.
ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന വ്യാപാരകേന്ദ്രമാകാൻ കൊളംബോ
CWITയുടെ നേട്ടം ശ്രീലങ്കയുടെ സാമ്പത്തിക ഭാവിക്കും കൊളംബോ തുറമുഖത്തിനും പ്രധാനപ്പെട്ടതാണെന്ന് പ്രധാനമന്ത്രി ഡോ. ഹരിണി അമരസൂര്യ പറഞ്ഞു. ആഗോള വ്യാപാരത്തിന്റെ നിർണായക പാതയിൽ സ്ഥിതി ചെയ്യുന്ന ശ്രീലങ്കയെ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രധാന മാരിടൈം–ലോജിസ്റ്റിക്സ് ഹബ്ബാക്കി മാറ്റുന്നതിന് ഇത്തരം നിക്ഷേപങ്ങൾ സഹായിക്കുമെന്നും അവർ വ്യക്തമാക്കി.
CWITയുടെ ശേഷി 3.2 മില്യൺ TEU ആയി ഉയർത്തുന്നത് APSEZയുടെ അന്താരാഷ്ട്ര പോർട്ട് ശൃംഖലയിലെ നിർണായക നാഴികക്കല്ലാണെന്ന് APSEZ ഹോൾ ടൈം ഡയറക്ടർ & CEO അശ്വനി ഗുപ്ത പറഞ്ഞു. വർധിച്ച ശേഷി, സമ്പൂർണ ഓട്ടോമേഷൻ, ഡീപ് വാട്ടർ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലൂടെ കൊളംബോയിലെ പ്രധാന ട്രാൻസ്ഷിപ്പ്മെന്റ് ഗേറ്റ്വേയായി CWITയെ വളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിൽ 16 തുറമുഖങ്ങളും ടെർമിനലുകളും ഉൾപ്പെടുന്ന ശൃംഖല പ്രവർത്തിപ്പിക്കുന്ന APSEZ, ഓസ്ട്രേലിയ, കൊളംബോ, ഇസ്രായേൽ, ടാൻസാനിയ എന്നിവിടങ്ങളിലായി നാല് അന്താരാഷ്ട്ര തുറമുഖങ്ങളിലും സാന്നിധ്യമുണ്ട്. കമ്പനിയുടെ നിലവിലെ മൊത്തം കാർഗോ കൈകാര്യം ചെയ്യൽ ശേഷി പ്രതിവർഷം 653 മില്യൺ ടണ്ണാണ്. 2030ഓടെ ഒരു ബില്യൺ ടൺ കാർഗോ ത്രൂപുട്ടാണ് APSEZ ലക്ഷ്യമിടുന്നത്.
APSEZ’s Colombo West International Terminal Doubles Capacity to 3.2 million TEUs with Total USD 750 Million Investment
