സെപ്റ്റംബർ മാസം കടന്നുപോയത് രാജ്യത്ത് ഇലക്ട്രിക് വാഹണ (ഇവി) വിപണിയിൽ പുതിയ റെക്കോർഡുകൾ കുറിച്ചുകൊണ്ട്. വാഹൻ ഡാഷ്ബോർഡ് കണക്കുകൾ പ്രകാരം സെപ്റ്റംബറിൽ രാജ്യത്ത് ആകെ രജിസ്റ്റർ ചെയ്ത ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം സർവ്വകാല റെക്കോർഡായ 3.3 ലക്ഷം യൂണിറ്റിലെത്തി. തുടർച്ചയായ നാലാം മാസമാണ് ഇവി രജിസ്ട്രേഷൻ 3 ലക്ഷം കടക്കുന്നത് എന്നത് ഈ മേഖലയുടെ സുസ്ഥിര വളർച്ചയെയാണ് സൂചിപ്പിക്കുന്നത്.

ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ട് രജിസ്ട്രേഷൻ 2.07 ലക്ഷം യൂണിറ്റായി ഉയർന്നു; ടിവിഎസ്, ബജാജ് കമ്പനികൾ തങ്ങളുടെ ഉൽപ്പാദനം ഇരട്ടിയാക്കുകയും ചെയ്തു. ഇലക്ട്രിക് പാസഞ്ചർ കാറുകളുടെ വിൽപ്പനയും ഇരട്ടിയായി ഏകദേശം 36,000 യൂണിറ്റിലെത്തി, ടാറ്റയും മഹീന്ദ്രയും വിപണിയിൽ മുൻനിര സ്ഥാനം നിലനിർത്തി. ഇതോടൊപ്പം ഇലക്ട്രിക് മുചക്ര വാഹനങ്ങളുടെ വിൽപ്പനയും 86,000 യൂണിറ്റുകൾ കടന്ന് ശക്തമായ തിരിച്ചുവരവ് നടത്തിയിട്ടുണ്ട്.
