പ്രതിരോധം, ബഹിരാകാശം, സ്ട്രാറ്റജിക് ഡീപ്-ടെക് മേഖലകളിൽ പ്രവർത്തിക്കുന്ന ‘ഒപ്റ്റിമൈസ്ഡ് സൊല്യൂഷൻസ്’ (Optimized Solutions) എന്ന മുൻനിര സാങ്കേതിക കമ്പനിയിൽ പ്രമുഖ വ്യവസായികളായ യോഹൻ പൂനാവാലയും ഭാര്യ മിഷേൽ പൂനാവാലയും നിക്ഷേപം നടത്തി. ഐ.എസ്.ആർ.ഒയുടെ ചന്ദ്രയാൻ, മംഗൾയാൻ തുടങ്ങിയ ചരിത്രപ്രധാനമായ ബഹിരാകാശ ദൗത്യങ്ങൾക്കും ഡി.ആർ.ഡി.ഒയുടെ വിവിധ ലാബുകൾക്കും സൈന്യത്തിനും ആവശ്യമായ തന്ത്രപ്രധാനമായ ഇലക്ട്രോണിക് സംവിധാനങ്ങൾ നിർമ്മിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കമ്പനിയാണിത്. ഇന്ത്യയുടെ തദ്ദേശീയമായ സാങ്കേതിക വികസനത്തിനും അത്യാധുനിക നിർമ്മാണ മേഖലയ്ക്കും ഊന്നൽ നൽകുന്ന കമ്പനി, വരുംകാലങ്ങളിൽ ഇന്ത്യയിൽ സമ്പൂർണ്ണ ഉപഗ്രഹ പ്ലാന്റുകൾ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. കമ്പനിയിലെ ഇവരുടെ നിക്ഷേപത്തുക പരസ്യമാക്കിയിട്ടില്ല.

ഇന്ത്യയുടെ പ്രതിരോധ-ബഹിരാകാശ മേഖലകൾ വൻ വളർച്ച കൈവരിക്കുന്ന ഈ ഘട്ടത്തിൽ, പൂനാവാല ഗ്രൂപ്പിന്റെ ഈ കടന്നുവരവ് ഏറെ പ്രാധാന്യമർഹിക്കുന്നതാണ്. ഇന്ത്യയുടെ പ്രതിരോധ ഉൽപ്പാദനം റെക്കോർഡ് തലത്തിലെത്തിയതും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വർദ്ധിച്ചതും ഈ നിക്ഷേപത്തിന് കൂടുതൽ കരുത്ത് പകരുന്നുവെന്ന് പൂനാവാല എൻജിനീയറിങ് ഗ്രൂപ്പ് ചെയർമാൻ യോഹൻ പൂനാവാല വ്യക്തമാക്കി. കമ്പനിയുടെ വളർച്ചയിലും സാങ്കേതിക മുന്നേറ്റത്തിലും തങ്ങൾക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും, ഇന്ത്യയുടെ സ്വാശ്രയ പ്രതിരോധ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ ഈ പങ്കാളിത്തം നിർണായകമാകുമെന്നും ഒപ്റ്റിമൈസ്ഡ് സൊല്യൂഷൻസ് സ്ഥാപകൻ സന്ദീപ് ഷാ പറഞ്ഞു.
Prominent business figures Yohan and Michelle Poonawalla have invested in Optimized Solutions, a leading Indian deep-tech firm supporting ISRO space missions and DRDO defense projects.