പശ്ചിമേഷ്യൻ സംഘർഷം മൂർച്ഛിച്ചതിനെത്തുടർന്ന് കേരളത്തിൽ നിന്നുള്ള ഗൾഫ് വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള സർവീസുകളെ പ്രതിസന്ധി ബാധിച്ചു. സൗദി അറേബ്യ, ഖത്തർ, യു.എ.ഇ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള സർവീസുകളാണ് പ്രധാനമായും തടസ്സപ്പെട്ടത്.

തിരുവനന്തപുരത്ത് നിന്ന് ദമാമിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസും റദ്ദാക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു. കൊച്ചിയിൽ മാത്രം അഞ്ച് ആകാശ എയർ സർവീസുകൾ ഉൾപ്പെടെ പത്തോളം വിമാനങ്ങൾ റദ്ദാക്കിയതായി കൊച്ചി രാജ്യാന്തര വിമാനത്താവള അധികൃതർ അറിയിച്ചു.
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് റിയാദിലേക്കും തിരിച്ചുമുള്ള സർവീസുകളും തടസ്സപ്പെട്ടിട്ടുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിലായി മൂന്ന് ഡിപാർചറുകളും മൂന്ന് അറൈവലുകളുമാണ് കരിപ്പൂരിൽ റദ്ദാക്കിയത്. സൗദിയ, ഫ്ലൈനാസ്, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങിയ വിമാനങ്ങളെയാണ് ഇത് ബാധിച്ചത്. എന്നാൽ ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കുള്ള ചില സർവീസുകൾ തടസ്സമില്ലാതെ തുടരുന്നുണ്ട്. കണ്ണൂരിൽ നിന്നും റിയാദിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു.
Gulf flight services from Kochi, Kozhikode, and Kannur airports face major disruptions and cancellations due to escalating conflicts in West Asia