ആഗോള ബാല്ലിസ്റ്റിക് മിസൈൽ വിപണിയിലെ പുതിയ സാധ്യതകൾ പ്രയോജനപ്പെടുത്താൻ പ്രതിരോധ ഗവേഷണ വികസന സംഘടന (DRDO). വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആവശ്യകത പരിഗണിച്ച് ഹ്രസ്വദൂര ബാല്ലിസ്റ്റിക് മിസൈലുകൾ (SRBM) കയറ്റുമതിക്കായി വികസിപ്പിക്കാനാണ് ഡിആർഡിഒ ലക്ഷ്യമിടുന്നത്.

നിലവിൽ ഇന്ത്യയുടെ പ്രളയ് മിസൈലിന് അന്താരാഷ്ട്ര തലത്തിൽ ആവശ്യക്കാരുണ്ടെങ്കിലും മിസൈൽ സാങ്കേതികവിദ്യ നിയന്ത്രണ കരാർ (MTCR) മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ പതിപ്പുകൾ ആവശ്യമാണ്. ബ്രഹ്മോസ് മിസൈലുകൾക്ക് പിന്നാലെ 100 മുതൽ 300 കിലോമീറ്റർ വരെ ദൂരപരിധിയുള്ള തന്ത്രപ്രധാന മിസൈലുകൾക്കായി നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്.
മുൻപ് നിർമ്മിച്ചിരുന്ന പൃഥ്വി മിസൈലുകളുടെ നിർമ്മാണം നിർത്തിയതോടെ ഈ മേഖലയിൽ ഉണ്ടായ ഒഴിവ് നികത്താൻ ഈ നീക്കത്തിലൂടെ സാധിക്കും. പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതോടെ ഈ എക്സ്പോർട്ട് വേരിയന്റുകളുടെ വികസനത്തിലേക്ക് ഡിആർഡിഒ കടക്കും. ചൈനയും ഉത്തര കൊറിയയും ഈ വിപണിയിൽ സ്വാധീനം ചെലുത്തുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഈ നീക്കം വലിയ പ്രതിരോധ വാണിജ്യ സാധ്യതകൾ തുറന്നിടും.
DRDO plans to develop export variants of short-range ballistic missiles like Pralay to target the global defense market in compliance with MTCR guidelines.
