യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ബുധനാഴ്ച ഗുജറാത്തിലെ ജാംനഗറിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ (RIL) പ്ലാന്റ് സന്ദർശിച്ചു. ഊർജ്ജ മേഖലയിലെ സഹകരണം, അത്യാധുനിക നിർമ്മാണം, അമേരിക്കൻ കമ്പനികളും റിലയൻസും തമ്മിലുള്ള വ്യാവസായിക പങ്കാളിത്തം എന്നിവയായിരുന്നു ചർച്ചകളിലെ പ്രധാന വിഷയം. ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോറും റൂബിയോയോടൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു. റിലയൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനിയും എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനിയും ചേർന്നാണ് പ്രതിനിധി സംഘത്തെ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും വലിയ സിംഗിൾ-സൈറ്റ് എണ്ണശുദ്ധീകരണശാല നിരീക്ഷിച്ച സംഘത്തിന്, അവിടെയുള്ള അത്യാധുനിക സാങ്കേതികവിദ്യകളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചു നൽകി.

ഘട്ടംഘട്ടമായി പ്രവർത്തനസജ്ജമാകുന്ന റിലയൻസിന്റെ പുതിയ ഊർജ്ജ ഗിഗാ ഫാക്ടറികളെക്കുറിച്ചും നിർമ്മാണത്തിലിരിക്കുന്ന ഡാറ്റാ സെന്ററുകളെക്കുറിച്ചും യു.എസ് പ്രതിനിധികളെ ധരിപ്പിച്ചു. അത്യാധുനിക നിർമ്മാണ രംഗത്തും ആഴത്തിലുള്ള സാങ്കേതികവിദ്യകളിലുമുള്ള (deep-tech) റിലയൻസിന്റെ നിക്ഷേപങ്ങളെ പ്രതിനിധി സംഘം പ്രശംസിച്ചു. പരമ്പരാഗത- പുനരുപയോഗ ഊർജ്ജ മേഖലകളിലെ സഹകരണം, ആഗോള ഊർജ്ജ രംഗത്തെ പുതിയ മാറ്റങ്ങൾ, വിതരണ ശൃംഖല ശക്തമാക്കൽ തുടങ്ങിയ കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. അമേരിക്കയിലേക്ക് തിരിക്കുന്നതിന് മുൻപ് ഏതാനും മണിക്കൂറുകൾ ജാംനഗറിൽ ചെലവഴിച്ച റൂബിയോ, ഇന്ത്യ എണ്ണ ശുദ്ധീകരണ രംഗത്തെ ഒരു ‘സൂപ്പർ പവർ’ ആണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
US Secretary of State Marco Rubio visited Reliance’s Jamnagar refinery in Gujarat to discuss global energy cooperation, Venezuelan crude processing, gigafactories, and tech partnerships with Mukesh Ambani and Anant Ambani. Rubio praised India as an oil refining superpower.
