ചൈനയിൽ ഉന്നതവിദ്യാഭ്യാസം നേടിയ യുവാക്കൾക്കിടയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നത് ഇന്ത്യയ്ക്കുള്ള വലിയ മുന്നറിയിപ്പാണെന്ന് സോഹോ (Zoho) സ്ഥാപകൻ ശ്രീധർ വെമ്പു. ചൈനയിൽ 20 നും 24 നും ഇടയിൽ പ്രായമുള്ള തൊഴിൽരഹിതരിൽ 70 ശതമാനവും ബിരുദധാരികളാണെന്ന് ചൂണ്ടിക്കാണിച്ച അദ്ദേഹം, എക്സിലൂടെയാണ് (ട്വിറ്റർ) തന്റെ ആശങ്ക പങ്കുവെച്ചത്. പരമ്പരാഗതമായി പഠിച്ച് “സ്ഥിരവരുമാനമുള്ള ജോലികൾ” നേടുന്ന രീതിയാണ് ലോകമെമ്പാടുമുള്ള വിദ്യാഭ്യാസ സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ എ.ഐ, ഓട്ടോമേഷൻ സാങ്കേതികവിദ്യകളുടെ വളർച്ചയോടെ ഇത്തരം തൊഴിലവസരങ്ങളുടെ വളർച്ച മന്ദഗതിയിലാകുകയും നിലവിലുള്ള ജോലികൾ തന്നെ ഭീഷണിയിലാകുകയും ചെയ്യുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.

ഇന്ത്യയിലും ഉന്നത ബിരുദധാരികളായ യുവാക്കളുടെ തൊഴിലില്ലായ്മ നിരക്ക് വർധിച്ചുവരികയാണ്. ബിരുദം നേടുന്നവരുടെ എണ്ണത്തിനനുസരിച്ച് അനുയോജ്യമായ സ്ഥിരജോലികൾ സൃഷ്ടിക്കപ്പെടുന്നില്ലെന്ന് മുൻ റിപ്പോർട്ടുകളും വ്യക്തമാക്കുന്നു. ഇതിന് പരിഹാരമായി യുവാക്കൾ കേവലം ജോലി അന്വേഷകരാകുന്നതിന് പകരം സംരംഭകത്വത്തിലേക്കും സ്വയംതൊഴിലിലേക്കും തിരിയണമെന്നും, ഇതോടൊപ്പം രാജ്യത്തെ വിദ്യാഭ്യാസ-തൊഴിൽ നയരൂപകർത്താക്കൾ ചൈനയിലെ നിലവിലെ പ്രതിസന്ധിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് അടിയന്തര മാറ്റങ്ങൾക്ക് തയ്യാറാകണമെന്നും ശ്രീധർ വെമ്പു ആവശ്യപ്പെട്ടു.
Zoho founder Sridhar Vembu warns that AI and automation pose a serious threat to traditional salaried jobs, urging India to reform its education system and promote entrepreneurship.
