ടാറ്റാ ഗ്രൂപ്പിന് കീഴിലുള്ള പ്രമുഖ ഗൃഹോപകരണ നിർമ്മാതാക്കളായ വോൾട്ടാസിന്റെ പുതിയ ചെയർമാനായി സുനിൽ ഡിസൂസ ചുമതലയേറ്റു. നിലവിലെ ചെയർമാൻ നോയൽ ടാറ്റ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നാണ് നിയമനം. ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായി തുടരുന്നതിനൊപ്പം തന്നെയായിരിക്കും അദ്ദേഹം വോൾട്ടാസിന്റെ അധ്യക്ഷ പദവിയും വഹിക്കുക.

ടാറ്റാ ഗ്രൂപ്പിന്റെ ഭരണഘടനാ ചട്ടങ്ങൾ പ്രകാരമുള്ള വിരമിക്കൽ പ്രായമായ 70 വയസ്സ് പൂർത്തിയായതിനെ തുടർന്നാണ് നോയൽ ടാറ്റ സ്ഥാനമൊഴിഞ്ഞത്. അദ്ദേഹം വോൾട്ടാസിന്റെ ചെയർമാൻ എമെറിറ്റസ് പദവിയിലേക്ക് മാറി.
ഉപഭോക്തൃ ഉൽപ്പന്ന വിപണിയിൽ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട പ്രവർത്തനപരിചയമുള്ള വ്യക്തിയാണ് സുനിൽ ഡിസൂസ. ഹിന്ദുസ്ഥാൻ യൂണിലിവർ (എച്ച്.യു.എൽ), പെപ്സികോ, വേൾപൂൾ തുടങ്ങിയ വൻകിട കമ്പനികളിൽ നിർണ്ണായക പദവികൾ വഹിച്ച ശേഷമാണ് അദ്ദേഹം ടാറ്റാ ഗ്രൂപ്പിലെത്തിയത്.
എച്ച്.യു.എല്ലിൽ നിന്ന് ടാറ്റയിലേക്ക്
മദ്രാസ് സർവ്വകലാശാലയിൽ നിന്ന് എൻജിനീയറിംഗ് ബിരുദവും കൊൽക്കത്ത ഐഐഎമ്മിൽ നിന്ന് മാനേജ്മെന്റ് ബിരുദവും നേടിയ സുനിൽ ഡിസൂസ 1993-ൽ ഹിന്ദുസ്ഥാൻ യൂണിലിവറിലൂടെയാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. തുടർന്ന് 15 വർഷത്തോളം പെപ്സികോയിൽ വിവിധ നേതൃപദവികൾ വഹിച്ചു. കമ്പനിയുടെ ഭക്ഷ്യ-പാനീയ വിഭാഗങ്ങളുടെ വാണിജ്യ പ്രവർത്തനങ്ങൾക്കും വിവിധ ഏഷ്യൻ വിപണികളിലെ ബിസിനസ്സ് വളർച്ചയ്ക്കും അദ്ദേഹം നേതൃത്വം നൽകി.
ടാറ്റാ ഗ്ലോബൽ ബിവറേജസും ടാറ്റാ കെമിക്കൽസിന്റെ കൺസ്യൂമർ പ്രോഡക്ട്സ് വിഭാഗവും ലയിപ്പിച്ചതിന് പിന്നാലെ 2020 ഏപ്രിലിലാണ് സുനിൽ ഡിസൂസ ടാറ്റാ കൺസ്യൂമർ പ്രോഡക്ട്സിന്റെ എംഡിയും സിഇഒയുമായി ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായത്.
sunil d’souza, md and ceo of tata consumer products, takes over as chairman of voltas after noel tata steps down. learn more about his background.
