രാജ്യത്തെ എല്ലാ ഒറ്റവരി എൻഎച്ച് റോഡുകളും രണ്ടുവരി പാതകളാക്കാൻ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം. റോഡുകൾക്ക് എൻഎച്ച് പദവി ലഭിക്കണമെങ്കിൽ ഇരുവശവും പാകിയ രണ്ടുവരി പാതകളായിരിക്കണമെന്നത് നിർബന്ധമാക്കുമെന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു. അതേസമയം മലമ്പ്രദേശങ്ങളിൽ ഒറ്റ വരി പാതകൾക്ക് എൻഎച്ച് പദവി നൽകുന്നതിന് തടസ്സമുണ്ടാകില്ല.
കൃത്യമായ പരിസ്ഥിതി പഠനത്തിന് ശേഷം മാത്രമായിരിക്കും ഇവ രണ്ടു വരിയാകുന്നതിനെ കുറിച്ച് ആലോചിക്കുക. മലമ്പ്രദേശങ്ങളിലെ പരിസ്ഥിതിക്ക് ദോഷമുണ്ടാക്കില്ല എന്നു ഉറപ്പു വരുത്തി മാത്രമായിരിക്കും ഇവിടങ്ങളിൽ റോഡ് വികസനം നടത്തുകയുള്ളു.
ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ നിർമാണ പദ്ധതിയിലേർപ്പെട്ടിരിക്കുകയാണ് ഇന്ത്യ. അടുത്ത 15 വർഷത്തിൽ 50,000 കിലോമീറ്റർ ഹൈവേ രാജ്യത്തെ നിർമിക്കും. ഹൈവേയുമായി ബന്ധപ്പെട്ട് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുമെന്ന് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ൻ പറഞ്ഞിരുന്നു.
2023 നവംബർ വരെയുള്ള കണക്ക് അനുസരിച്ച് ഇന്ത്യയിൽ 146,145 കിലോമീറ്റർ റോഡ് ഹൈവേ ശൃംഖലയുണ്ട്. ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് ഇവയിൽ 10% മാത്രമാണ് ഒറ്റവരി പാതകൾ. നാല് വരിയോ അതിൽ കൂടുതലോ ഉള്ള ഹൈവേ 46,179 കിലോമീറ്ററും ഇരുവശങ്ങളും പാകിയ രണ്ടു വരി പാതകൾ 85,096 കിലോമീറ്ററും ആണ്. കൂടുതൽ വാഹനങ്ങളെ വഹിക്കാൻ ശേഷിയുള്ള 6 വരി പാതകൾ, 8 വരി പാതകൾ എന്നിവ നിർമിക്കാനാണ് മന്ത്രാലയം ലക്ഷ്യംവെക്കുന്നത്.
The Ministry of Road Transport and Highways’ initiative to convert single-lane national highways into double lanes with paved shoulders, prioritizing safety and environmental sustainability.