വിജ്ഞാനം മൂലധനമാക്കി കൊണ്ടുള്ള വ്യവസായത്തിലാണ് കേരളത്തിന്റെ ഭാവിയെന്ന് വ്യവസായ-കയർ-നിയമമന്ത്രി പി രാജീവ്. മന്ത്രി സഭയുടെ അംഗീകാരം നേടിയ ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ഈ ദിശയിലേക്കുള്ള കാൽവെപ്പുകളാണ്. കെഎസ്ഐഡിസി സംഘടിപ്പിച്ച സ്കെയിലപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
കേരളത്തിലെ സ്റ്റാർട്ടപ്പുകൾ സ്കെയിലപ്പ് ചെയ്യുമ്പോൾ നേരിടുന്ന പ്രശ്നങ്ങൾ കേൾക്കാനും പരിഹരിക്കാനും നൂതന നയങ്ങൾ ആവിഷ്കരിക്കാനുള്ള ഫീഡ്ബാക്ക് ലഭിക്കുന്നതിനുമായാണ് കോൺക്ലേവ് സംഘടിപ്പിച്ചത്. സ്കെയിലപ്പ് പ്രവർത്തനങ്ങൾക്കായി മാത്രം KSIDCയിൽ ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പറഞ്ഞു.
ജൂലായിൽ നിർമിത ബുദ്ധിയിൽ അന്താരാഷ്ട്ര എഐ കോൺഫറൻസും റോബോട്ടിക്സ് റൗണ്ട് ടേബിൾ സമ്മേളനവും നടത്തും.
കേരളത്തിൽ നിന്ന് ആരംഭിച്ച് വിജയം കൈവരിച്ച സ്റ്റാർട്ടപ്പുകൾ സ്കെയിലപ്പ് ചെയ്യുന്ന പ്രവർത്തനം സംസ്ഥാനത്ത് തന്നെ നടത്തണമെന്ന് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻബില്ല പറഞ്ഞു.
സ്റ്റാർട്ടപ്പുകൾ അടക്കമുള്ള പുതിയ സംരംഭങ്ങൾക്ക് 5 കോടി രൂപ വരെ വായ്പ നൽകാനുള്ള പദ്ധതി കെഎസ്ഐഡിസി രൂപീകരിച്ചിട്ടുണ്ടെന്ന് കെഎസ്ഐഡിസി ചെയർമാൻ പോൾ ആന്റണി പറഞ്ഞു. ഇതിനു വേണ്ടിയുള്ള ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിച്ചു കൊണ്ടിരിക്കുകയാണ്.
സ്റ്റാർട്ടപ്പുകളും എംഎസ്എംഇകളും തമ്മിലുള്ള വ്യത്യാസം സംരംഭകർ കൃത്യമായി മനസിലാക്കണമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക ആവശ്യപ്പെട്ടു. സ്റ്റാർട്ടപ്പുകൾക്ക് ഏറ്റവും എളുപ്പത്തിൽ മൂലധന സ്വരൂപണം കെഎസ്ഐഡിസി, കെഎഫ്സി എന്നിവയിലൂടെയാണെന്നും അവ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
കിൻഫ്ര എംഡി സന്തോഷ് കോശി, വ്യവസായ-വാണിജ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ കെഎസ് കൃപകുമാർ എന്നിവരും സംസാരിച്ചു.
Kerala startup ecosystem and the initiatives taken by the government to promote entrepreneurship and innovation in the state.