ഇതുവരെ നേരിടാത്ത കനത്ത കുടിവെള്ള ക്ഷാമത്തിൽ വലഞ്ഞ് ബംഗളൂരു. വേനൽ കനക്കുന്നതിന് മുമ്പ് തന്നെ കുടിവെള്ള ക്ഷാമം നേരിട്ടതോടെ പ്രതിസന്ധിയിലായത് 13 മില്യൺ ആളുകളാണ്.
തെക്ക്-പടിഞ്ഞാറൻ മൺസൂണും വടക്ക്-കിഴക്കൻ മൺസൂണും കൃത്യമായി ലഭിക്കാത്തതാണ് നിലവിലെ കുടിവെള്ള ക്ഷാമത്തിനുള്ള പ്രധാന കാരണമെന്ന് വിദഗ്ധർ പറയുന്നു. കൂട്ടത്തിൽ വെള്ളത്തിന്റെ ലഭ്യത കണക്കിലെടുക്കാതെ കെട്ടിട നിർമാണ പ്രവർത്തനങ്ങൾ വ്യാപകമായി നടത്തിയതു തിരിച്ചടിയായി. മൺസൂൺ മഴ കുറഞ്ഞത് കാവേരിയിൽ വരൾച്ചയ്ക്കും ഭൂഗർഭ ജലം താഴാനും കാരണമായിട്ടുണ്ട്.
ബംഗളൂരു സിറ്റിയിലെ കുടിവെള്ള ക്ഷാമം നേരിടാൻ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര നടപടികൾ സ്വീകരിച്ച് വരികയാണ്. ഫാൽക്കൺ സിറ്റി പോലുള്ള അത്യാഡംബര റസിഡൻഷ്യൽ അസോസിയേഷനുകൾ ഡിസ്പോസിബിൾ പ്ലേറ്റും വെറ്റ് വൈപ്പുകളും ഉപയോഗിക്കാൻ അന്തേവാസികളോട് നിർദേശിച്ചതായാണ് വിവരം.
ജലസേചനം, വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന കുഴൽ കിണറുകൾ എന്നിവയുടെ പ്രവർത്തനം ബന്ധപ്പെട്ട വകുപ്പുകളായിരിക്കും നിയന്ത്രിക്കുന്നത്. സിറ്റിയിലെ എല്ലാ സ്വകാര്യ ടാങ്കുകളും ഏറ്റെടുത്ത് വെള്ളം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. വാഹനം, ബാൽക്കണി കഴുകുന്നത് ഒഴിവാക്കണമെന്നും അരബക്കറ്റ് വെള്ളം ഉപയോഗിച്ച് കുളിക്കണമെന്നും പൊതുജനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.
ശൗചാലയത്തിൽ ഹാഫ് ഫ്ലഷ് രീതിയാണ് ഉപയോഗിക്കാൻ നിർദേശിച്ചിരിക്കുന്നത്.
കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കൂടുതൽ കുഴൽക്കിണറുകൾ കുഴിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ദിവസം കുടിവെള്ളത്തിനായി ബംഗളൂരു നിവാസികൾക്ക് 500-2000 രൂപയാണ് ചെലവഴിക്കേണ്ടി വരുന്നത്.
The Karnataka state government’s intervention in private water tanker operations on residential complexes like Prestige Falcon City, amidst the water scarcity crisis in Bengaluru.