കേരളത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ തക്ക ഉൽപ്പാദന വരുമാനമില്ലെന്നു സുപ്രീംകോടതിയിൽ കേരളത്തിന് വ്യക്തമാക്കേണ്ടി വന്നു. സംസ്ഥാനത്തിൻ്റെ വരുമാന സ്രോതസ്സ് ടൂറിസവും വിവര സാങ്കേതിക വിദ്യയുമാണ് എന്നതായിരുന്നു കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബിലിന്റെ വാദം.
കേരളത്തിന്റെ കടമെടുപ്പ് പരിധിയും അധിക കേന്ദ്ര വായ്‌പയും അസാധാരണമായ രീതിയിലാണ് സുപ്രീംകോടതിയിൽ വാദപ്രതിവാദത്തിനെത്തിയത്. സുപ്രീംകോടതിക്ക് മുന്നിലേക്ക് ആദ്യമായാണ് ഇത്തരമൊരു വിഷയം എത്തുന്നതും. ഒരു സംസ്ഥാനത്തിന്റെ കഴിവുകളും, പരിമിതികളും നിരത്തി അതിനെ അതിജീവിക്കുവാനായി കേന്ദ്ര സർക്കാരിന്റെ വായ്‌പാ സഹായം എത്രത്തോളം അനിവാര്യമാണെന്ന് നീതി പീഠത്തെ ബോധ്യപ്പെടുത്താൻ കേരളത്തിനായി എന്നിടത്താണ് സംസ്ഥാനത്തിന്റെ വിജയം. ഇതിൽ നിർണായകമായ പങ്കാണ് കേരളത്തിനായി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബിൽ സുപ്രീംകോടതിയിൽ വഹിക്കുന്നതും.
കടമെടുക്കൽ ശേഷിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ചോദ്യം ചെയ്ത് കേന്ദ്രസർക്കാരിനെതിരെ കേരളം സമർപ്പിച്ച ഹർജിയിൽ വിശദമായ വാദമാണ് സുപ്രീം കോടതിയിൽ നടന്നത്. കേരളം എത്തരത്തിലുള്ള ഒരു സംസ്ഥാനമാണെന്നും, ഇനി കേരളത്തിന് മുന്നോട്ടു നീങ്ങാൻ ഫെഡറൽ സംവിധാനത്തിൽ കേന്ദ്ര സഹായം എത്തരത്തിൽ ആവശ്യമാണെന്നും കപിൽ സിബിൽ ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവർ മുമ്പാകെ ബോധ്യപ്പെടുത്തി.
സംസ്ഥാനത്തിന് സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ തക്ക ഉൽപ്പാദന വരുമാനമില്ലെന്നു കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. സംസ്ഥാനത്തിൻ്റെ വരുമാന സ്രോതസ്സ് ടൂറിസവും വിവര സാങ്കേതിക വിദ്യയുമാണ് എന്നതിൽ ഊന്നിയായിരുന്നു കപിൽ സിബിലിന്റെ വാദം. ജനസാന്ദ്രത ഏറിയ സംസ്ഥാനമായതിനാൽ വൻകിട വ്യവസായങ്ങൾ ഇവിടെ സാധ്യമല്ല. അരുണാചൽ പ്രദേശ്, ജാർഖണ്ഡ് തുടങ്ങിയ മലയോര സംസ്ഥാനങ്ങൾ നേരിടുന്ന ഭൂമിശാസ്ത്രപരമായ വെല്ലുവിളികൾ കേരളത്തിലുമുണ്ട്. ഒരു കാലത്തു കേരളം അറിയപ്പെട്ടിരുന്നത് കാർഷിക നേട്ടത്തിന്റെ പേരിലായിരുന്നെങ്കിലും, ഇപ്പോൾ അവിടെ നിന്നും വേണ്ട ഉല്പാദന വരുമാനം ഇല്ല എന്നും കപിൽ സിബിൽ നിലപാടെടുത്തു .രാഷ്ട്രീയ ഭൂപ്രകൃതി പോലെ തന്നെ സാമ്പത്തിക മേഖലയും വൈവിധ്യപൂർണ്ണമായ ഒരു രാജ്യത്താണ് നമ്മൾ ജീവിക്കുന്നതെന്ന് കപിൽസിബിൽ കോടതിയെ ബോധിപ്പിച്ചു.
“ഓരോ സംസ്ഥാനത്തിൻ്റെയും പ്രത്യേകത അതിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്വഭാവമാണ്, അതിനാൽ ഓരോ സംസ്ഥാനത്തെയും ബജറ്റ് പരിഗണനകൾ മറ്റേതൊരു സംസ്ഥാനത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. പ്രാദേശിക ഘടകങ്ങളും പ്രാദേശിക ആവശ്യങ്ങളും അതിനെ സ്വാധീനിക്കുന്നു.” ഇന്ത്യൻ ഭരണഘടന പ്രകാരം യൂണിയൻ്റെയും സംസ്ഥാനങ്ങളുടെയും അധികാരങ്ങളും ഉത്തരവാദിത്തങ്ങളും തുല്യമാണെന്ന് കപിൽ സിബിൽ ചൂണ്ടിക്കാട്ടി. അതുകൊണ്ടു തന്നെ മറ്റേതൊരു സംസ്ഥാനത്തെയും പോലെ കേരളത്തിനും അധിക കടമെടുപ്പിനു അവകാശമുണ്ടെന്നും കപിൽ സിബിൽ വാദിച്ചു.
അതുകൊണ്ടു തന്നെ കേരളത്തിന് അർഹമായ കടമെടുപ്പ് പരിധി അനുവദിക്കണമെന്നും, കേരളത്തിന് സംസ്ഥാനത്തിന്റെ നിലനിൽപ്പിനു വേണ്ട അധിക വായ്‌പ അനുവദിക്കണമെന്നും കേന്ദ്രത്തോട് നിർദ്ദേശിക്കണമെന്നും കപിൽ സിബിൽ അഭ്യർത്ഥിച്ചു. ഇത്തരത്തിലുള്ള ആദ്യത്തെ കേസാണിതെന്നും കപിൽ സിബിൽ കോടതിയുടെ ചോദ്യത്തിന് മറുപടി നൽകി. കപിൽ സിബിലിന്റെ വാദമുഖങ്ങൾ കണക്കിലെടുത്തു കേരളത്തിന് അനുകൂലമായ നിലപാടായിരുന്നു സുപ്രീംകോടതി കൈക്കൊണ്ടതും. ഈ വാദങ്ങൾ കണക്കിലെടുത്താണ് കേരളത്തിന് വായ്‌പ അനുവദിക്കുവാനും, കൂടുതൽ ചർച്ചകൾ നടത്തുവാനും കോടതി കേന്ദ്രത്തോട് നിർദേശിച്ചത്.
വാദം കേൾക്കലിന് ശേഷം ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവർ സംസ്ഥാനവും യൂണിയനും ചർച്ചകളിലൂടെ ഭിന്നത പരിഹരിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്രത്തോട് നിർദേശിക്കുകയും, ചർച്ചകൾക്ക് ശേഷം വിഷയം പരാമർശിക്കാൻ കക്ഷികൾക്ക് സ്വാതന്ത്ര്യം നൽകിക്കൊണ്ട് വിഷയം മാറ്റിവയ്ക്കുകയും ചെയ്തു.
സുപ്രീംകോടതിയുടെ നിർദേശപ്രകാരം സംസ്ഥാന ചീഫ് സെക്രട്ടറി വി വേണുവിന്റെ നേതൃത്വത്തിൽ കേന്ദ്ര ഉദ്യോഗസ്ഥ തല സംഘവുമായി ഇന്ന് നടന്ന ചർച്ചകൾ പക്ഷെ ഫലം കണ്ടില്ല.
കേരളത്തിന്റെ സാമ്പത്തിക ആവശ്യങ്ങളോട് അനുകൂല നിലപാടെടുക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടും കേരളം ആവശ്യപ്പെട്ട അധികവായ്പയായ 19000 കോടി രൂപ അനുവദിക്കാനാവില്ലെന്ന് കേന്ദ്രം ചർച്ചയിൽ നിലപാടെടുത്തു . കടമെടുപ്പ് പരിധി സംബന്ധിച്ചുള്ള ചർച്ചക്ക് ശേഷം സംസ്ഥാന ചീഫ് സെക്രട്ടറിയാണ് കേന്ദ്ര നിലപാട് അറിയിച്ചത്.
കേരളത്തിന്റെ നിയമപോരാട്ടത്തെ തുടർന്ന് 13608 കോടി അനുവദിക്കുവാൻ സുപ്രീംകോടതി കേന്ദ്രത്തിനോട് നിർദേശിച്ചിരുന്നു. അതിന് പുറമെയാണ് 19000 കോടിയുടെ അധികവായ്പയും അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടത്.
കടമെടുപ്പ് പരിധിയുടെ അകത്തുനിന്ന് താൽക്കാലികമായി കൂടുതൽ പണം എടുക്കുവാനുള്ള അനുവാദമാണ് സംസ്ഥാനം തേടിയത്. എന്നാൽ അത് കേന്ദ്രം വീണ്ടും നിഷേധിക്കുകയായിരുന്നു. ചർച്ചയിൽ ഉയർന്ന കാര്യങ്ങൾ സുപ്രീംകോടതിയെ അറിയിക്കുമെന്നും ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു.
The Supreme Court directed Kerala to clarify its economic stability, highlighting the state’s revenue sources, including tourism and technological advancements.