അര നൂറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ തലശ്ശേരി മാഹി ബൈപ്പാസ് യാഥാർത്ഥ്യമായി. കണ്ണൂർ മുഴുപ്പിലങ്ങാട് മുതൽ കോഴിക്കോട് ജില്ലയിലെ അഴിയൂർ വരെ 18.6 കിലോമീറ്റർ ദൈർഘ്യത്തിലാണ് മാഹി ബൈപ്പാസ് ആറുവരിപ്പാതയുടെ നീളം.
മുഴപ്പിലങ്ങാട്ടുനിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ ചെന്നെത്തുന്നത്. തലശ്ശേരി, മാഹി നഗരങ്ങളില്‍ പ്രവേശിക്കാതെ കണ്ണൂര്‍ ഭാഗത്തുനിന്ന് വരുന്നവര്‍ക്ക് കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ എത്തിച്ചേരാം. തലശ്ശേരിയിലെയും മാഹിയിലെയും ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള യാത്രയ്ക്ക് ബൈപ്പാസ് വഴിതുറക്കും.
1300 കോടി രൂപ ചിലവഴിച്ചാണ് 18.6 കിലോമീറ്റർ ദൂരത്തിൽ ബൈപ്പാസ് നിർമ്മിച്ചത്. തലശ്ശേരി നഗരവും മാഹിയും അനുഭവിക്കുന്ന രൂക്ഷമായ ഗതാഗത കുരുക്കിനാണ് പരിഹാരമായത്.നാല് വലിയ പാലങ്ങൾ,നാല് സബ് വേകൾ,21 അണ്ടർ പാസ്സുകൾ,ഒരു ടോൾ പ്ലാസ,റെയിൽവേ മേൽപ്പാലം എന്നിവ ഉൾപ്പെടുന്നതാണ് മാഹി ബൈപ്പാസ്.അഞ്ചരമീറ്റർ വീതിയിൽ ഇരുഭാഗത്തും സർവ്വീസ് റോഡുകളുമുണ്ട്. മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലേക്ക് 15 മിനിറ്റിനകം എത്തിച്ചേരാം.
സര്‍വീസ് റോഡുകള്‍ ഉള്‍പ്പെടെ 45 മീറ്ററാണ് ആകെ വീതി. മുഴുപ്പിലങ്ങാട്, ചിറക്കുനി, ബാലം, കൊളശ്ശേരി, ചോണാടം, കുട്ടിമാക്കൂല്‍, മാടപ്പീടിക, പള്ളൂര്‍, കവിയൂര്‍, മാഹിപ്പുഴ, അഴിയൂര്‍ എന്നിവിടങ്ങളിലൂടെയാണ് ബൈപ്പാസ് കടന്നുപോവുന്നത്. സിഗ്നലുകളിലൊഴികെ പാത എവിടേയും ക്രോസ് ചെയ്യില്ല എന്നതാണ് സവിശേഷത.
വെഹിക്കുലാര്‍ അണ്ടര്‍ പാസ് , ലൈറ്റ് വെഹിക്കുലാര്‍ അണ്ടര്‍ പാസ്, സ്മോള്‍ വെഹിക്കുലാര്‍ അണ്ടര്‍പാസ്, പെഡസ്ട്രിയന്‍ അണ്ടര്‍ പാസ് എന്നിങ്ങനെ 21 അണ്ടര്‍പാസുകളാണ് പാതയിലുള്ളത്. ബൈപ്പാസിന്റെ ഇരുഭാഗത്തും സര്‍വീസ് 5.5 മീറ്റര്‍ വീതിയിലുള്ള സര്‍വീസ് റോഡുകളുമുണ്ട്.
ബാലം പാലത്തിനും പള്ളൂർ സ്പിന്നിങ് മിൽ ജംക്‌ഷനും ഇടയിൽ കൊളശ്ശേരിക്കു സമീപമാണു ടോൾ പ്ലാസ നിര്‍മിച്ചിരിക്കുന്നത് . റോഡിന്റെ ഇരുവശത്തും രണ്ടു വരികളായി വാഹനങ്ങൾക്കു കടന്നുപോകാവുന്ന വിധത്തിലാണു ടോൾ പ്ലാസയിലെ ക്രമീകരണം. ഫാസ്റ്റ് ടാഗ് സംവിധാനം വഴിയാണു ടോൾ അടയ്ക്കേണ്ടത് തിരുവങ്ങാട് ടോള്‍ പ്ലാസ എന്നാവും ഇത് അറിയപ്പെടുക. പാതയിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ക്കുള്ള ടോള്‍ നിരക്കുകള്‍ നിശ്ചയിച്ചുകഴിഞ്ഞു. ഉത്തര്‍പ്രദേശ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്കായിരിക്കും ആദ്യഘട്ടത്തില്‍ ടോള്‍ പിരിക്കാനുള്ള താല്‍ക്കാലിക കരാര്‍. താല്‍ക്കാലിക ടോള്‍ ഗേറ്റായിട്ടായിരിക്കും തിരുവങ്ങാട് ടോള്‍പ്ലാസ പ്രവര്‍ത്തിക്കുക. ദേശീയപാത 66-ന്റെ നവീകരണം പൂർത്തിയാകുന്നതോടെ കണ്ണൂര്‍ ജില്ലയിലെ കല്യാശ്ശേരിയിൽ ടോൾ പ്ലാസ തുറക്കും. അതോടെ തലശ്ശേരി – മാഹി ബൈപാസിലെ ടോൾ പ്ലാസ ഒഴിവാക്കും.
കാര്‍, ജീപ്പ്, വാന്‍ തുടങ്ങിയ എല്‍.എം.വികള്‍ക്ക് ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് 65 രൂപയാണ് ടോള്‍ നിരക്ക്. ഇരുഭാഗത്തേക്കുമായി 100 രൂപയും ഈടാക്കും.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ പരിധിയിലെ താമസക്കാരുടെ സ്വകാര്യ വാഹനങ്ങൾക്ക് 330 രൂപ നിരക്കിൽ പ്രതിമാസ പാസ് നൽകും.
വടക്കേ മലബാറിന്റെ അഞ്ച് പതിറ്റാണ്ടിലധികം നീണ്ട സ്വപ്നമാണ് യാഥാർത്ഥ്യമായത്.സ്ഥലമേറ്റെടുക്കാൻ കഴിയാത്തതിനാൽ പദ്ധതി അനിശ്ചിതമായി വൈകുകയായിരുന്നു. 2016 ൽ ഒന്നാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെയാണ് കടമ്പകൾ മറികടന്ന് നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചത്.
1980-ലാണ് ബൈപ്പാസിന് നിര്‍മാണത്തിനായി സ്ഥലം ഏറ്റെടുക്കാനുള്ള പ്രാരംഭപ്രവൃത്തി തുടങ്ങിയത്. 1980-ല്‍ പുതുച്ചേരി സര്‍ക്കാരും കേരള സര്‍ക്കാരും സ്ഥലം അളന്ന് തിട്ടപ്പെടുത്തിയെങ്കിലും പിന്നീട് നടപടികള്‍ തടസ്സപ്പെട്ടു. കാല്‍നൂറ്റാണ്ട് പിന്നിട്ടതിന് ശേഷമാണ് സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ പുനഃരാരംഭിച്ചത് . 40 വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം 2018 ഒക്ടോബറില്‍ ദേശീയപാത 66 ഉള്‍പ്പെടെയുള്ള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ടതായി ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി അറിയിച്ചു. നവംബറില്‍ മാത്രമാണ് നിര്‍മാണഘട്ടത്തിലേക്ക് കടന്നത്. 85.5 ഏക്കര്‍ സ്ഥലം ഇതിനായി ഏറ്റെടുത്തു.
എറണാകുളം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇ.കെ.കെ. ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനായിരുന്നു നിര്‍മാണചുമതല. അയ്യായിരത്തിലേറെ തൊഴിലാളികളാണ് ദേശീയപാതയ്ക്ക് വേണ്ടി ജോലി ചെയ്തത്.
5.5 മീറ്റര്‍ വീതമുള്ള സര്‍വീസ് റോഡുകളാണ് ബൈപ്പാസിന്റെ ഇരുവശത്തുമുള്ളത്. സര്‍വീസ് റോഡുകള്‍ക്ക് വീതി കുറവായതിനാല്‍ ഈ റോഡ് വണ്‍വേ ആയിട്ടാണ് ഉപയോഗിക്കുക. കണ്ണൂര്‍ ഭാഗത്തുനിന്ന്കോഴിക്കോട്ടേക്ക് യാത്ര ചെയ്യുമ്പോഴും കോഴിക്കോട് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യുമ്പോഴും ഇടതുഭാഗത്തിലൂടെയുമാണ് യാത്ര ചെയ്യേണ്ടത്.
എല്ലാ പാലങ്ങളിലും അപ്രോച്ചുകളുണ്ടാവും. സര്‍വീസ് റോഡുകള്‍ ബൈപ്പാസുമായി ബന്ധപ്പെടുന്ന മെര്‍ജിങ് പോയിന്റുകളാണ് ഇവ. എക്സിറ്റ്, എന്‍ട്രി പോയിന്റുകളിലൂടെ മാത്രം ബൈപ്പാസിലേക്ക് കടക്കുകയോ ബൈപ്പാസില്‍ നിന്ന് സര്‍വീസ് റോഡിലേക്കോ പ്രവേശിക്കാം. യുടേണുകളോ മീഡിയന്‍ ഓപ്പണിങ്ങോ ഉണ്ടാവില്ല.
100 കിലോ മീറ്റർ ആണ് പരമാവധി വേഗപരിധി. ഹെവി വാഹനങ്ങള്‍ക്ക് 80 ആണ് വേഗപരിധി. വേഗതനിയന്ത്രണങ്ങളുള്ള മേഖലകളില്‍ വേഗപരിധി യഥാക്രമം 80, 60 എന്നിങ്ങനെയാവും. സ്പീഡ് നിയന്ത്രണ ബോര്‍ഡുകള്‍ ബൈപ്പാസിലെങ്ങും സ്ഥാപിച്ചിട്ടുണ്ട്. 15-20 മിനുട്ട് കൊണ്ട് മുഴപ്പിലങ്ങാട് നിന്ന് അഴിയൂരിലെത്താം. ബൈപ്പാസിന്റെ സമീപത്ത് മാഹിയില്‍ മാത്രം ഏകദേശം 4 കിലോ മീറ്ററിനുള്ളില്‍ ആറ് പെട്രോള്‍ പമ്പുകള്‍ക്ക് ഇതിനകം അനുമതി ലഭിച്ചുകഴിഞ്ഞു.
ടോൾ പ്ലാസകളിൽ എമർജൻസി സംവിധാനം
സര്‍വീസ് റോഡില്‍ നിന്ന് ബൈപ്പാസ് പ്രധാന പാതയിലേക്ക് കയറാനും ഇറങ്ങാനും എന്‍ട്രി, എക്സിറ്റ് പോയിന്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. അപകടമോ മറ്റ് അടിയന്തര ആവശ്യങ്ങളോ ഉണ്ടായാലും നിയമം തെറ്റിച്ച് പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നത് വലിയ അപകടങ്ങള്‍ക്കായിരിക്കും കാരണമാവുന്നത്.
ഇത്തരം സാഹചര്യങ്ങളില്‍ വിളിക്കാന്‍ ടോള്‍ പ്ലാസയില്‍ എമര്‍ജന്‍സി സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒരു എമര്‍ജന്‍സി വാഹനം, ആംബുലന്‍സ്, മെഡിക്കല്‍ സംഘം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ടോള്‍ പ്ലാസയിലുണ്ടാവുക. യാത്രക്കാര്‍ക്ക് 1033 നമ്പറില്‍ ബന്ധപ്പെട്ട് സഹായം ആവശ്യപ്പെടാം. ഏതെങ്കിലും ഘട്ടത്തില്‍ അപകടത്തില്‍പെട്ട് വാഹനം റോഡില്‍ നിന്ന് താഴേക്ക് വീണാല്‍ ഉയര്‍ത്തിയെടുക്കാനുള്ള ക്രെയിന്‍ ഉള്‍പ്പെടെയാണ് സജ്ജീകരണങ്ങള്‍.
ലെയ്ൻ ട്രാഫിക് സംവിധാനം പാലിക്കണം
ആറ് വരി പാത ആയതിനാല്‍ തന്നെ ഇതിലൂടെ കടന്നുപോവുന്ന വാഹനങ്ങള്‍ ലെയ്ന്‍ ട്രാഫിക് സംവിധാനമാണ് പിന്തുടരേണ്ടത്. ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങള്‍ റോഡിന്റെ ഏറ്റവും ഇടതുഭാഗത്തുള്ള ലെയ്നില്‍ കൂടെ മാത്രമേ പോകാന്‍ പാടുള്ളൂ. മറ്റ് വാഹനങ്ങള്‍ നടുവിലുള്ള ട്രാക്കിലൂടെയാണ് പോകേണ്ടത്. ഡിവൈഡറിനോട് ചേര്‍ന്നുള്ള ട്രാക്ക് ഫ്രീ ആക്കി ഇടണം. ഓവര്‍ടേക്കിങ്, ആംബുലന്‍സ് പോലുള്ള എമര്‍ജന്‍സി വാഹനങ്ങള്‍ എന്നിവയ്ക്കായാണ് ഈ ട്രാക്ക് ഉപയോഗിക്കേണ്ടത്. കര്‍ശനമായി ലെയ്ന്‍ ട്രാഫിക് സംവിധാനം പാലിക്കാത്തവര്‍ക്ക് ശിക്ഷ ഈടാക്കാനും സംവിധാനമൊരുക്കിയിട്ടുണ്ട്. ക്യാമറ ഉള്‍പ്പെടെ നിരീക്ഷണസംവിധാനങ്ങള്‍ ബൈപ്പാസിലുണ്ടാവും.
Newly constructed Thalassery Mahi Bypass, a six-lane road spanning 18.6 km, aimed at alleviating traffic congestion in Kerala. Discover its features, toll rates, construction history, and the convenience it offers to commuters traveling between Kannur and Kozhikode districts.