രാജ്യത്തെ എല്ലാ നഗരങ്ങളിലും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ സ്ഥാപിക്കാനുള്ള കേന്ദ്രസർക്കാർ നീക്കം തിരിച്ചടിയാകുക കേരള ബാങ്കിന്. ഈ മാസം കേന്ദ്ര കോ-ഓപ്പറേറ്റീവ് മന്ത്രി അമിത്ഷാ നാഷണൽ അർബൻ കോഓപ്പറേറ്റീവ് ഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷൻ (NUCFDC) ലോഞ്ച് ചെയ്തിരുന്നു. എല്ലാ നഗരങ്ങളിലും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ സ്ഥാപിക്കാനും അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. എല്ലാ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളിലും എടിഎം സൗകര്യം, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ്, ക്ലിയറിങ് സിസ്റ്റം, എസ്എൽആർ ലിമിറ്റ്, റീഫിനാൻസിങ് സൗകര്യങ്ങളും ഉണ്ടായിരിക്കും.
എതിർപ്പ് മറികടന്ന്
നോൺ ബാങ്കിംഗ് ഫിനാൻസ് കമ്പനിയായും അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കിംഗ് മേഖലയുടെ സ്വയം നിയന്ത്രണ സ്ഥാപനമായും പ്രവർത്തിക്കാൻ റിസർവ് ബാങ്കിൻ്റെ അംഗീകാരവും NUCFDCക്ക് ലഭിച്ചു. ജ്യോതീന്ദ്ര മെഹ്തയെയാണ് NUCFDCയുടെ ചെയർമാനായി തിരഞ്ഞെടുത്തത്. NUCFDCയുടെ ബ്രാഞ്ച് ആയിട്ടായിരിക്കും അർബൻ ബാങ്കുകൾ പ്രവർത്തിക്കുക.
NUCFDCക്ക് കീഴിൽ വരുന്ന സഹകരണ ബാങ്കുകൾ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും പ്രവർത്തിക്കുക. ഈ നീക്കങ്ങൾ തിരിച്ചടിയാകാൻ പോകുന്നത് കേരള ബാങ്കിനായിരിക്കും.
വിഷയത്തിൽ കേരളം എതിർപ്പ് അറിയിച്ചിരുന്നെങ്കിലും ഫലവത്തായില്ല. ജില്ലാ കോഓപ്പറേറ്റീവ് ബാങ്കുകൾ ലയിപ്പിച്ചാണ് കേരള ബാങ്ക് രൂപവത്കരിച്ചത്. സഹകരണ മേഖല സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലായിരിക്കണമെന്ന് ഇതിന് മുമ്പ് സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. എന്നാൽ ഇതിന് മറികടക്കാനായി രണ്ടാം യുപിഎ സർക്കാർ മൾട്ടി സ്റ്റേറ്റ് കോഓപ്പറേറ്റീവ് കൊണ്ടുവന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇപ്പോഴത്തെ നീക്കം.
കേരള ബാങ്ക് പെടുമോ?
സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലുള്ള കേരള ബാങ്ക് പോലുള്ള ബാങ്കുകളുമായി പലിശ, ലോൺ എന്നിവയുടെ വിഷയത്തിൽ കേന്ദ്രത്തിന്റെ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകൾ മത്സരിച്ചാൽ കേരള ബാങ്ക് പ്രതിസന്ധിയിലാകും.
നിലവിൽ രാജ്യത്താകമാനം 11,000 ശാഖകളുമായി 1,500 അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളാണ് ഉള്ളത്. കേന്ദ്ര സഹകരണ വകുപ്പിന്റെ കീഴിലായിരിക്കും ഇവ പ്രവർത്തിക്കുക.
ഏകദേശം 5 ലക്ഷം കോടി രൂപയുടെ ഡിപോസിറ്റാണ് ഈ ബാങ്കുകളിൽ ഉള്ളത്.
കേരളത്തിലെ കോഓപ്പറേറ്റീവ് ബാങ്കുകളിൽ 1,27,000 കോടി രൂപയുടെ നിക്ഷേപമുണ്ട്. സംസ്ഥാനത്ത് 1625 പ്രൈമറി കോഓപ്പറേറ്റീവ് ബാങ്കുകളും അവയ്ക്ക് 2700 ശാഖകളുമുണ്ട്. 390 ശാഖകളുള്ള 60 അർബൻ കോഓപ്പറേറ്റീവ് ബാങ്കുകളുമുണ്ട്. കേരള ബാങ്കിന് 769 ബ്രാഞ്ചുകളാണ് ഉള്ളത്.
കരവന്നൂർ ബാങ്ക്, പുത്തൂർ ബാങ്ക് പോലുള്ള സഹകരണ ബാങ്കുകളിലെ അഴിമതിയും മറ്റും കേന്ദ്രത്തിന്റെ തീരുമാനത്തിന് പിന്നിലുണ്ട്. സംസ്ഥാന സഹകരണ ബാങ്കുകൾക്ക് മേൽ റിസർവ് ബാങ്കും നബാർഡും നയം കടുപ്പിക്കുമ്പോഴാണ് കേന്ദ്രത്തിന്റെ നീക്കവും.
the Central Government’s initiative to establish urban cooperative banks nationwide, posing a potential challenge to Kerala Bank. Explore the implications of this decision and its impact on the cooperative banking sector.