ഇന്ത്യൻ റോഡുകളിൽ ഇലക്ട്രിക് ഓട്ടോ റിക്ഷകൾ അവതരിപ്പിക്കാൻ ഒല ഇലക്ട്രിക് (Ola Electric). രാഹി (Raahi) എന്ന പേരിലായിരിക്കും ഒല ഇലക്ട്രിക് ഓട്ടോറിക്ഷകൾ മാർക്കറ്റിൽ അവതരിപ്പിക്കാൻ പോകുന്നത് എന്നാണ് വിവരം. ഈ മാസം അവസാനം തന്നെ ഒലയുടെ ഇലക്ട്രിക് ഓട്ടോറിക്ഷകൾ വിപണിയിലെത്തും.
രാഹിയിലൂടെ വാണിജ്യ അടിസ്ഥാനത്തിലുള്ള വാഹന നിർമാണത്തിലേക്ക് കടക്കുകയാണ് ഒലയുടെ ലക്ഷ്യം. രാഹി വരുന്നതോടെ മഹീന്ദ്രയുടെ ട്രയോയ്ക്കും (Mahindra Treo), പിയാഗോയുടെ അപ് ഇ-സിറ്റി (Piaggio Ape e-city), ബജാജിന്റെ ആർഇ (Bajaj RE) എന്നിവയോടായിരിക്കും ഒലയ്ക്ക് മത്സരിക്കേണ്ടി വരിക.
വർഷങ്ങൾ നീണ്ട പരീക്ഷണങ്ങൾക്കൊടുവിലാണ് ഒല രാഹി വികസിപ്പിച്ചത്.
ബജാജ്, മഹീന്ദ്ര, പിയാഗോ തുടങ്ങിയ കമ്പനികൾ 2-3.5 ലക്ഷം രൂപയാണ് തങ്ങളുടെ ഇലക്ട്രിക് വാഹനങ്ങൾക്ക് വില നിശ്ചയിച്ചിരിക്കുന്നത്. രാഹിയുടെ വിലയും മറ്റ് വിവരങ്ങളും ഒല പങ്കുവെച്ചിട്ടില്ല. രാജ്യത്ത് ഇലക്ട്രിക് ഓട്ടോറിക്ഷ മാർക്കറ്റ് നേടുന്ന വളർച്ചയാണ് ഒലയെയും ഇതിലേക്ക് ആകർഷിച്ചത്. 2022നെ അപേക്ഷിച്ച് ഇലക്ട്രിക് ഓട്ടോറിക്ഷയുടെ വിൽപ്പനയിൽ കഴിഞ്ഞ വർഷം 66% വളർച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷം മാത്രം 5.8 ലക്ഷം യൂണിറ്റ് ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് രാജ്യത്ത് ആകമാനം വിറ്റുപോയത്.