“ഇന്ന് പവിത്രമായത് നാളെ പാഴായിപ്പോകുന്നു, അതിനാൽ അതിനെ വീണ്ടും വിശുദ്ധമാക്കാൻ ശ്രമിക്കണം,” ഈ ആശയത്തിൽ അടിയുറച്ചാണ് തെലങ്കാന ആസ്ഥാനമായുള്ള ഊർവി സസ്റ്റൈനബിൾ കൺസെപ്റ്റ്‌സ് എന്ന സ്റ്റാർട്ടപ്പ് പ്രവർത്തിക്കുന്നത്. സംരംഭകരായ മായ വിവേകും മിനാൽ ഡാൽമിയയും തുടങ്ങിയ സ്റ്റാർട്ടപ്പ്, പുഷ്പ മാലിന്യങ്ങളെ പുനരുപയോഗ ഉൽപ്പന്നങ്ങളായി മാറ്റുന്നു. അലസമായി വലിച്ചെറിയുന്ന പൂക്കൾ രാസവളങ്ങൾ, ധൂപ കുറ്റികൾ , സോപ്പുകൾ എന്നിവ പോലുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാക്കുകയാണ് ഇവർ. ഊർവിയുടെ ഉൽപ്പന്നങ്ങൾ ഹോളി വേസ്റ്റ് എന്ന ബ്രാൻഡിലാണ് നിർമ്മിച്ചിരിക്കുന്നത്.
‘ഫ്ലോ റിജുവനേഷൻ’ എന്ന പ്രക്രിയയിലൂടെയാണ് പുഷ്പ മാലിന്യങ്ങളെ പുനരുപയോഗ ഉല്പന്നങ്ങളാക്കി മാറ്റുന്നത്.
ഓരോ വർഷവും, ഏകദേശം എട്ട് ദശലക്ഷം ടൺ മാലിന്യ പൂക്കളാണ് ഇന്ത്യയിലെ നദികളിൽ വലിച്ചെറിയപ്പെടുന്നത്. പൂവുകളിൽ പ്രയോഗിക്കുന്ന കീടനാശിനികളും രാസവളങ്ങളും നദീജലത്തിൽ കലരുകയും വെള്ളം വിഷലിപ്തമാവുകയും ചെയ്യുന്നു. ഇൻ്റർനാഷണൽ ജേണൽ ഫോർ റിസർച്ച് ഇൻ അപ്ലൈഡ് സയൻസ് ആൻഡ് എഞ്ചിനീയറിംഗ് ടെക്നോളജി (IJRASET) പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഊർവി സസ്റ്റൈനബിൾ കൺസെപ്റ്റ്‌സ് എന്ന സ്റ്റാർട്ടപ്പിന്റെ ആശയം എത്ര മാത്രം സുപ്രധാനമാണ് എന്ന് ഈ പഠനം ചൂണ്ടികാട്ടുന്നു.
പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീകൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് സുഹൃത്തുക്കളായ മായയും മിനാലും പുതിയ ഒരു സംരംഭത്തെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്നത്.
ഹൈദരാബാദ് നഗരം മാത്രം പ്രതിദിനം ഏകദേശം 1,000 മെട്രിക് ടൺ പുഷ്പമാലിന്യം പുറന്തള്ളുന്നുണ്ട്. ഇതിനൊരു പരിഹാരമായിട്ടാണ് 2019 ൽ ഊർവി സസ്റ്റൈനബിൾ കൺസെപ്റ്റ്‌സ് സ്ഥാപിക്കുന്നത്. ക്ഷേത്രങ്ങളിൽ നിന്നും നാട്ടിലെ പരിപാടികളിൽ നിന്നും മറ്റുമൊക്കെ ശേഖരിക്കുന്ന പൂമാലിന്യം പുനരുപയോഗം ചെയ്യുകയാണ് തുടക്കം ചെയ്തത്. രാസവളങ്ങൾ, ധൂപം, സോപ്പുകൾ എന്നിവ പോലുള്ള പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളാക്കിയാണ് ഇവയെ മാറ്റുന്നത്. ഇതിലൂടെ സ്ത്രീകൾക്ക് തൊഴിൽ നൽകാനും സാധിച്ചു.
സെക്കന്ദരാബാദിലെ സ്കന്ദഗിരി ക്ഷേത്രത്തിൽ ഉപയോഗിച്ച പൂക്കൾ ശേഖരിക്കാൻ ആദ്യത്തെ ബിൻ സ്ഥാപിച്ചു. ഹൈദരാബാദിൽ നിന്ന് അരമണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന ഗുണ്ടപോച്ചംപള്ളി ഗ്രാമത്തിലാണ് അവർ തങ്ങളുടെ സംസ്കരണ യൂണിറ്റ് സ്ഥാപിച്ചത്. നാല് വർഷത്തിന് ശേഷം, ഊർവി 40 ലധികം ക്ഷേത്രങ്ങളുമായി പൂമാലിന്യ ശേഖരണത്തിൽ പങ്കാളികളായി.
പരിസ്ഥിതി സൗഹൃദ ഉൽപന്നങ്ങൾ വേർതിരിക്കാനും നിർമിക്കാനും തദ്ദേശീയരായ സ്ത്രീകൾക്ക് പരിശീലനം നൽകി.സ്ത്രീകൾക്ക് സൗകര്യപ്രദമായി രാവിലെ 10 മുതൽ വൈകുന്നേരം 4 വരെയാണ് ജോലിയുടെ സമയ ക്രമീകരണം.
ആരാധനാലയങ്ങൾ, വെണ്ടർമാർ, ഇവൻ്റ് പ്ലാനർമാർ, ഡെക്കറേറ്റർമാർ എന്നിവരടക്കം പുഷ്പമാലിന്യം ഉൽപ്പാദിപ്പിക്കുന്ന എല്ലാവരുമായും ഊർവി പങ്കാളികളാണ്. ഓരോ ആഴ്ചയും 1,000 കിലോഗ്രാം പുഷ്പമാലിന്യം സംസ്കരിക്കുന്നു .
ഹോളി വേസ്റ്റ് ഉൽപന്നങ്ങൾ അവരുടെ പരിസ്ഥിതി സൗഹൃദ പാക്കേജിംഗ് കൊണ്ടും പേര് കേട്ടതാണ്. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം പൂർണ്ണമായും ഒഴിവാക്കാൻ, പഴയ കൈത്തറി സാരികൾ, ദുപ്പട്ടകൾ എന്നിവയിൽ നിന്ന് തയാറാക്കിയ പൗച്ചുകളിൽ ഉൽപ്പന്നങ്ങൾ പായ്ക്ക് ചെയ്യുന്നു.
ഉൽപ്പന്നങ്ങൾക്ക് വ്യക്തിഗത അടുപ്പം സൂക്ഷിക്കാൻ അവർ പേപ്പറിൽ കൈയ്യെഴുത്ത് കുറിപ്പുകൾ ഓരോ പാക്കേജിലും അറ്റാച്ചുചെയ്യുന്നു.
ഹൈദരാബാദിലെ ICAR-നാഷണൽ അക്കാദമി ഓഫ് അഗ്രികൾച്ചറൽ റിസർച്ച് മാനേജ്‌മെൻ്റിലെ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ IDEA, സ്റ്റാർട്ടപ്പിന് ആവശ്യമായ മെൻ്റർഷിപ്പ് നൽകുന്നുണ്ട് .
മായയുടെയും മിനലിൻ്റെയും സ്റ്റാർട്ടപ്പ് WE ഹബ്ബിൽ (വിമൻ എൻ്റർപ്രണേഴ്‌സ് ഹബ്) ഇൻകുബേറ്റുചെയ്‌തിട്ടുണ്ട്. ഇത് വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യ ഇൻകുബേറ്ററുമാണ്.
2022-ലെ ഇന്ത്യ സുസ്ഥിരതാ അവാർഡ് ഊർവി സസ്റ്റൈനബിൾ കൺസെപ്റ്റ്‌സ് നേടിയെടുത്തു. 2019-ലെ ഗ്രീൻ ഇന്ത്യ അവാർഡിൽ ഇക്കോ ഐഡിയ വിഭാഗത്തിലെ ഏറ്റവും മികച്ച ഗ്രീൻ സ്റ്റാർട്ടപ്പ് അവാർഡും ലഭിച്ചു.
The inspiring journey of Maya Vivek and Minal Dalmia, founders of Oorvi Sustainable Concepts, dedicated to recycling floral waste into eco-friendly products while empowering marginalized women.