സൗദിയിൽ ജയിൽ ശിക്ഷയിൽ കഴിയുന്ന അബ്ദുൽ റഹീമിനെ വധശിക്ഷയിൽനിന്ന് ഒഴിവാക്കാനായി ക്രൗഡ് ഫണ്ടിങ് വഴി 34 കോടി രൂപ സമാഹരിച്ചത് മലപ്പുറത്തെ സ്പൈൻ കോഡ്സ് എന്ന സ്റ്റാർട്ടപ്പ് സംരംഭം. മലപ്പുറം സ്വദേശികളായ മൂന്ന് യുവാക്കൾ വികസിപ്പിച്ചെടുത്ത മൊബൈൽ ആപ്പ് വഴിയാണ് തീർത്തും സുതാര്യമായ രീതിയിൽ ക്രൗഡ് ഫണ്ടിങ് നടത്താനായത്.
ഇലക്ട്രോണിക്സ് എൻജിനീയർമാരായ ആനക്കയം സ്വദേശി ചെറുകപ്പള്ളി ഹാഷിം കിഴിശ്ശേരി, പേരാപുറത്ത് ഷുഹൈബ്, ഒതുക്കുങ്ങൽതട്ടാരത്തൊടി അഷ്ഹർ എന്നീ ബാല്യ കാല സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള സ്പൈൻ കോഡ്സ് എന്ന തിരൂർ ഡൌൺ ഹില്ലിലുള്ള സ്റ്റാർട്ടപ്പ്സംരംഭമാണ് ആപ് തയാറാക്കിയത്.
ഫെബ്രുവരി അവസാനമാണ് അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റി ക്രൗഡ് ഫണ്ടിങ്ങിനായി കസ്റ്റമെസ്ഡ് മൊബൈൽ ആപ് വേണമെന്ന് ആവശ്യപ്പെട്ട് സ്റ്റാർട്ടപ്പിനെ സമീപിച്ചത്. മാർച്ച് ഏഴിന് തന്നെ ആപ് ലോഞ്ച് ചെയ്യാനായി.
അയച്ച പണം കൃത്യമായി അവകാശികളിലെത്തി എന്ന് ഉറപ്പാക്കാനാവുന്ന ആപ്പാണ് ഇവർ തയാറാക്കി നൽകിയത്. ഇതുവരെ എത്ര രൂപ ലഭിച്ചു? തുക അയച്ചത് ഏത് സംസ്ഥാനത്തു നിന്ന് എന്നതിനപ്പുറം അയച്ചയാളുടെ ജില്ല,വാർഡ് അടക്കം ധനസഹായം നൽകിയത് ഏത് സംഘടന , വ്യക്തി എന്നു വരെ ഒറ്റ ക്ലിക്കിൽ അറിയാൻ കഴിയുന്നുവെന്നതാണ് ആപ്പിന്റെ പ്രത്യേകത.
അബ്ദുൽ റഹീം റിയാദിലെത്തിയതിന്റെ 28–ാം ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. അബ്ദുൽ റഹീം 2006 ൽ സൗദിയിൽ വീട്ടു ഡ്രൈവറായി ജോലി നോക്കുന്നതിനിടെയുള്ള അബദ്ധം മൂലം വീട്ടുടമയുടെ രോഗിയായ മകൻ മരിച്ചതാണു ജയിലിൽ അകപ്പെടാൻ കാരണം.
18 വർഷമായി ജയിലിൽ കഴിയുന്ന റഹീമിനെ തിരിച്ചു നാട്ടിലെത്തിക്കാൻ നാട്ടുകാർ ചേർന്നു നിയമസഹായ സമിതി രൂപീകരിച്ച് കഴിഞ്ഞമാസം തുടങ്ങിയ ചെറിയ ശ്രമം ലോകമെങ്ങുമുള്ള മലയാളികൾ ഏറ്റെടുത്തു. വധശിക്ഷ ഒഴിവാക്കാൻ 1.5 കോടി റിയാലാണ് (34 കോടി രൂപ) സ്പോൺസറുടെ കുടുംബം നഷ്ടപരിഹാരം ആവശ്യപ്പെട്ടത്.
കഴിഞ്ഞ 10 ദിവസമാണ് ധനസമാഹരണം ഊർജ്ജിതമായത്.ആപ്പിലൂടെ വെള്ളിയാഴ്ച 9 മിനിറ്റിനിടെ ഒരു കോടി രൂപയെത്തി. മലപ്പുറം ജില്ലയിൽ നിന്നു മാത്രം 9 കോടിയിലേറെ രൂപ ലഭിച്ചു. വ്യവസായി ബോബി ചെമ്മണൂരിന്റെ നേതൃത്വത്തിൽ അബ്ദുൽ റഹീമിനായി പ്രത്യേക യാത്ര നടത്തി സംഭാവനയായി ഒരു കോടി രൂപ ഇന്നലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കു കൈമാറി.
നീണ്ട നിയമനടപടികൾക്കു ശേഷമാണ് ദയാധനം നൽകിയാൽ മാപ്പു നൽകാമെന്ന് അനസിന്റെ കുടുംബം അറിയിച്ചത്. ഈമാസം 16ന് അകം തുക കൈമാറണം. 15നു മുൻപ് ഇന്ത്യൻ എംബസി മുഖേന തുക നൽകും.
Spine Codes, a startup in Malappuram, raised Rs 34 crore through crowdfunding to spare Abdul Rahim from the death penalty in Saudi Arabia, using a transparent mobile app developed by three young engineers.