ഐടി ജോലിക്കായി നടത്തുന്ന റിക്രൂട്ട്മന്റ് രീതികളില്‍ അടിമുടി മാറ്റവുമായി കേരളത്തില്‍ നിന്നുള്ള ഐടി കമ്പനികള്‍. മാര്‍ക്ക് അടിസ്ഥാനമാക്കി മാത്രം നിയമനം നടത്തുന്ന പരമ്പരാഗത രീതികളില്‍ നിന്ന് വ്യത്യസ്തമായി ഉദ്യോഗാര്‍ഥിയുടെ അറിവ്, നൈപുണ്യശേഷി, മാറുന്ന സാങ്കേതികവിദ്യ സ്വായത്തമാക്കാനുള്ള കഴിവ് എന്നിവയാണ് മാനദണ്ഡമാക്കുന്നത്. ഇതിനായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയേഴ്സ് IEEE, ജി-ടെക് എന്നിവ സംയുക്തമായി ഒരു മാസം നീണ്ടു നില്ക്കുന്ന ലോഞ്ച്പാഡ് കേരള-2024 എന്ന നിയമന പരിപാടി നടപ്പാക്കുന്നു. പ്രാരംഭപദ്ധതിയെന്ന നിലയില്‍ 10,000 എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളെ വിവിധ പരീക്ഷകളിലൂടെ നയിച്ച് ഐടി ജോലികള്‍ക്കായി ഇവർ ഒരുക്കും.
പ്രതിസന്ധി പരിഹാരം, സാങ്കേതിക നൈപുണ്യം, എന്നിവ ഉയര്‍ത്തുകയാണ് ലക്ഷ്യം. ബഹുരാഷ്ട്ര സംരംഭങ്ങളടക്കം നൂറിലധികം കമ്പനികളിലേക്ക് ഇതിലൂടെ നിയമനം നടക്കും.
മേയ് ആറിന് ടെക്നോപാര്‍ക്ക് തിരുവനന്തപുരത്തും എട്ടിന് ഇന്‍ഫോപാര്‍ക്ക് കൊച്ചിയിലും പത്തിന് കോഴിക്കോട് സൈബര്‍പാര്‍ക്കിലും പുതിയ മാതൃകയില്‍ നിയമന പരിപാടികള്‍ നടത്തും.
ലോഞ്ച് പാഡ് കേരള 2024 ഡോ. സജി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു .
പുതിയ രീതി ഏറെ വിജ്ഞാന പ്രദമാണെന്ന് മാത്രമല്ല, ബിരുദധാരികള്‍ക്ക് വളരെ വേഗത്തില്‍ തൊഴില്‍ ലഭിക്കുന്നതിന് ഇതിലൂടെ സാധിക്കുമെന്ന് കേരള ഡിജിറ്റല്‍ സര്‍വകലാശാല, എപിജെ അബ്ദുള്‍ കലാം ശാസ്ത്രസാങ്കേതിക സര്‍വകലാശാല എന്നിവയുടെ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് പറഞ്ഞു.
പ്രതിസന്ധിതരണം ചെയ്യുന്ന പരീക്ഷകള്‍ ഈ രീതിയുടെ പ്രത്യേകതയാണ്. ഐടി ഇതര നിയമനങ്ങള്‍ക്കും ഈ രീതി അവലംബിക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
യഥാര്‍ത്ഥ പ്രതിസന്ധിഘട്ടങ്ങള്‍ തരണം ചെയ്യുന്നതിലെ മികവ് അളക്കുന്നതിനാല്‍ ഇത് അഭിമുഖം പോലുള്ള രീതികളെ മറികടക്കുമെന്ന് ജി ടെക് സെക്രട്ടറിയും ടാറ്റ എല്‍ക്സി മേധാവിയുമായ വി ശ്രീകുമാര്‍ പറഞ്ഞു.
ഐടി മേഖലയിലെ നിയമനരീതികളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ പുതിയ രീതിയിലൂടെ കൊണ്ടുവരുമെന്ന് IEEE കേരള മേഖലയുടെ ഇന്‍ഡസ്ട്രി റിലേഷന്‍സ് മേധാവിയും ഇന്റല്‍ വെരിഫിക്കേഷന് എന്‍ജിനീയറുമായ റോണി അലക്സ് തോമസ് പറഞ്ഞു.
നിശ്ചയദാര്‍ഢ്യവും പുതിയ രീതികളുമായി പൊരുത്തപ്പെടാനുമുള്ള കഴിവുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ വരവോടെ ഐടി മേഖല ഇന്ന് നേരിടുന്ന വലിയ വെല്ലുവിളിയ്ക്ക് പരിഹാരമാകുമെന്നും അദ്ദേഹം പറഞ്ഞു.
The revolutionary changes in IT recruitment methods in Kerala, where criteria are based on knowledge and skills rather than marks alone. Explore how Launchpad Kerala-2024 aims to prepare 10,000 engineering students for IT jobs, enhancing problem-solving and technical skills.