കെ സ്മാര്‍ട്ട് പൂര്‍ണസജ്ജമാകുന്നതോടെ “സന്തോഷമുള്ള പൗരന്മാര്‍, സന്തോഷമുള്ള ജീവനക്കാര്‍” എന്ന ലക്ഷ്യം കേരളത്തിൽ പ്രാവര്‍ത്തികമാകും. ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷന്റെ അടുത്ത തലമായി വിശേഷിപ്പിക്കപ്പെടുന്ന കെ സ്മാര്‍ട്ടില്‍ അവശേഷിക്കുന്ന വിവര ശേഖരണം കൂടി ഉൾപ്പെടുത്തുന്ന ഡേറ്റാ പ്യൂരിഫിക്കേഷന്‍ പ്രവര്‍ത്തി അന്തിമ ഘട്ടത്തിലേക്ക് നീങ്ങുന്നു.
ഉപഭോക്താക്കളുടെ ഭൂമിസംബന്ധമായ രേഖകള്‍ക്ക് പുറമേ കെട്ടിടങ്ങളുടെ രേഖകള്‍ കൂടി ഉള്‍പ്പെടുത്തുന്ന ജോലികളാണിപ്പോൾ അന്തിമ ഘട്ടത്തിലെത്തിയിരിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഭൂമി, കെട്ടിടങ്ങള്‍ സംബന്ധമായ എല്ലാ സേവനങ്ങളും സുഗമമായി നടത്താനാകും.
93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 38 ലക്ഷം കെട്ടിടങ്ങളുമായി ബന്ധപ്പെട്ട 77 കോടി രേഖകളാണ് കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തിക്കൊണ്ടിരിക്കുന്നത്. പേപ്പര്‍ രഹിത ഓഫീസ് എന്ന ആശയം പൂര്‍ണമായി നടപ്പാക്കാനും ഡേറ്റാ പ്യൂരിഫിക്കേഷന്‍ പ്രോസസ് പൂര്‍ത്തിയാകുന്നതോടെയാവും.
മുഴുവന്‍ ഫീച്ചറുകളും നടപ്പിലാകുന്ന ഘട്ടത്തില്‍ പ്രഡിക്ടീവ് ഗവേര്‍ണന്‍സ് എന്ന നിലയിലേക്ക് സേവനം നല്‍കാനും കെ സ്മാര്‍ട്ടിന് കഴിയും. ഒരു പൗരന് ആവശ്യമായ രേഖകള്‍ കണ്ടറിഞ്ഞ് ആവശ്യമായ ഘട്ടത്തില്‍ ലഭ്യമാക്കുന്ന രീതിയിലെ പ്രവര്‍ത്തനമാണ് കെ സ്മാര്‍ട്ട് ഇതുവഴി വിഭാവനം ചെയ്യുന്നത്.
കെ സ്മാര്‍ട്ട് വഴി പൊതുജനങ്ങള്‍ ആവശ്യപ്പെടുന്ന രേഖകള്‍ വാട്‌സ്ആപ്പ് വഴി ലഭ്യമാക്കാന്‍ വേണ്ട വാട്‌സ്ആപ്പ് ഇന്റഗ്രേഷന്‍ പ്രോസസും പുരോഗമിക്കുകയാണ്. ഇത് നടപ്പിലാകുന്നതോടെ കെ സ്മാര്‍ട്ട് ആപ്പ് വഴി അപേക്ഷിക്കുന്ന രേഖകള്‍ കെ സ്മാര്‍ട്ട് ആപ്പിനൊപ്പം ഉപഭോക്താക്കളുടെ വാട്‌സ് ആപ്പ് നമ്പറിലും ലഭ്യമാകും.
87 മുന്‍സിപ്പാലിറ്റികളും ആറ് കോര്‍പ്പറേഷനുകളും അടങ്ങുന്ന 93 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും സേവനങ്ങള്‍ക്ക് വേണ്ട മുഴുവന്‍ രേഖകളും നിലവില്‍ കെ സ്മാര്‍ട്ടിലേക്ക് ചേര്‍ത്തു കഴിഞ്ഞു. ഡേറ്റ പ്യൂരിഫിക്കേഷന്‍ കൂടി പൂര്‍ത്തിയാകുന്നതോടെ മുഴുവന്‍ കെട്ടിടങ്ങളുടെയും ഭൂമിയുടെയും മുന്‍ ഉടമസ്ഥരുടെ വിവരങ്ങളടക്കം മുഴുവന്‍ രേഖകളും കെ സ്മാര്‍ട്ട് ആപ്പ് വഴി ലഭ്യമാകും. നേരത്തേ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ശേഖരിച്ചിരുന്ന വിവരങ്ങളിലെ അവ്യക്തതകളും അപൂര്‍ണമായ രേഖകളും അടക്കമുള്ള പ്രശ്‌നങ്ങളെല്ലാം ഡേറ്റ പ്യൂരിഫിക്കേഷന്‍ പൂര്‍ണമാകുന്നതോടെ പരിഹരിക്കപ്പെടും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മുഴുവന്‍ സേവനങ്ങളും ഒരൊറ്റ മൊബൈല്‍ ആപ്പിലൂടെ ഏതൊരു പൗരനും ലഭ്യമാവുന്ന രീതിയിലുള്ള വിപ്ലവകരമായൊരു ഡിജിറ്റല്‍ അഡ്മിനിസ്‌ട്രേഷനിലേക്കുള്ള മാറ്റം ലക്ഷ്യം വച്ചുകൊണ്ടാണ് കേരള സര്‍ക്കാര്‍, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ മുഖേന കെ സ്മാര്‍ട്ട് പദ്ധതി രൂപകല്‍പ്പന ചെയ്ത് നടപ്പിലാക്കിയത്.
നിലവില്‍ സിവില്‍ രജിസ്‌ട്രേഷന്‍ (ജനന- മരണ – വിവാഹ രജിസ്‌ട്രേഷന്‍), ബിസ്‌നസ് ഫെസിലിറ്റേഷന്‍ (വ്യാപാരങ്ങള്‍ക്കും വ്യവസായങ്ങള്‍ക്കും ഉള്ള ലൈസന്‍സുകള്‍), വസ്തു നികുതി, യൂസര്‍ മാനേജ്‌മെന്റ്, ഫയല്‍ മാനേജ്‌മെന്റ് സിസ്റ്റം, ഫിനാന്‍സ് മൊഡ്യൂള്‍, ബില്‍ഡിങ്ങ് പെര്‍മിഷന്‍ മൊഡ്യൂള്‍, പൊതുജന പരാതി പരിഹാരം എന്നീ എട്ട് മൊഡ്യൂളുകളും ‘നോ യുവര്‍ ലാന്‍ഡ്’ ഫീച്ചറുമാണ് കെ സ്മാര്‍ട്ട് വഴി സേവനങ്ങള്‍ നല്‍കാനായി ലഭ്യമായിട്ടുള്ളത്.
അടുത്ത ഘട്ടത്തില്‍ പ്ലാനിങ്ങ് മൊഡ്യൂള്‍, ഗ്രാമസഭ മീറ്റിങ്ങ് മാനേജ്‌മെന്റ്, പെന്‍ഷന്‍ സേവനങ്ങള്‍, സര്‍വേ ആന്‍ഡ് ഫോംസ്, പബ്ലിക് ഇന്‍ഫ്രാസ്ട്രക്ചര്‍, വെയിസ്റ്റ് മാനേജ്‌മെന്റ്, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങളും കെ സ്മാര്‍ട്ട് വഴി ലഭ്യമാകും. ഇന്ത്യയില്‍ ആദ്യമായി ബില്‍ഡിങ്ങ് പെര്‍മിഷന്‍ മൊഡ്യൂളിലും ‘നോ യുവര്‍ ലാന്‍ഡ്’ ആപ്പിലും ജിഐഎസ് റൂള്‍ എഞ്ചിനും ഇ-ഡിസിആര്‍ റൂള്‍ എഞ്ചിനും കെ സ്മാര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വ്യത്യസ്ത സ്ഥലങ്ങളില്‍ ഉള്ള ദമ്പതിമാര്‍ക്ക് വിവാഹ സര്‍ട്ടിഫിക്കേറ്റ് നല്‍കുന്നതിന് രാജ്യത്താദ്യമായി വീഡിയോ കെ.വൈ.സി അവതരിപ്പിച്ചതും കെ സ്മാര്‍ട്ടാണ്. കൂടുതല്‍ മൊഡ്യൂളുകള്‍ ഇത്തരത്തില്‍ സേവനങ്ങള്‍ക്കായി കൂട്ടിച്ചേര്‍ക്കാനുള്ള പ്രവര്‍ത്തികളും പുരോഗമിക്കുകയാണ്.
K Smart, Kerala’s revolutionary digital administration project, aimed at providing seamless services through a single mobile app. Discover its features and future plans.