അലവൻസ് അടക്കം ആനുകൂല്യങ്ങൾ ആവശ്യപ്പെട്ട് മിന്നൽ പണിമുടക്കിയ ജീവനക്കാരെ എയർ ഇന്ത്യ എക്സ്പ്രസ് പിരിച്ചുവിട്ടു. മിന്നൽ സമരത്തെത്തുടർന്ന് നിരവധി സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസിന് റദ്ദാക്കേണ്ടി വന്നിരുന്നു. സമരം ചെയ്ത 25 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കൂടുതൽ ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ജീവനക്കാരുടെ പണിമുടക്കിൽ എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ മുടങ്ങുന്നത് തുടരുകയാണ്. കേരളത്തിലേക്കും തിരിച്ചുമുള്ള നിരവധി ഗൾഫ് സർവീസുകൾ ഉൾപ്പെടെ ആഭ്യന്തര, വിദേശ വിമാന സർവീസുകൾ മുടങ്ങി.
പൈലറ്റുമാരടക്കം മുന്നൂറോളം കാബിൻ ക്രൂ അംഗങ്ങളാണ് കഴിഞ്ഞ ദിവസം സിക്ക് ലീവ് നൽകി മിന്നൽ പണിമുടക്ക് നടത്തിയത്. ഇവർ മൊബൈൽ ഫോണുകളും ഓഫ് ചെയ്തുവച്ചു. സേവന, വേതന വ്യവസ്ഥയിൽവന്ന മാറ്റങ്ങളിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഇതുമൂലം എയർ ഇന്ത്യ എക്സ്പ്രസിന് അടിയന്തിരമായി നൂറ് വിമാനസർവീസുകൾ റദ്ദാക്കേണ്ടി വന്നു. 15000ലധികം യാത്രക്കാരെ സർവീസ് റദ്ദാക്കൽ ബാധിച്ചിരുന്നു. ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലായി.
കണ്ണൂർ , കോഴിക്കോട്, നെടുമ്പാശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളിൽ ഗൾഫിലേക്ക് പോകാനെത്തിയ യാത്രക്കാർ കുടുങ്ങി . തിരുവനന്തപുരത്തുനിന്നു ഷാർജയിലേക്ക് പോകേണ്ട യാത്രക്കാർക്ക് ബോർഡിങ് പാസ് കിട്ടി സെക്യൂരിറ്റി ചെക്കിങ് കഴിഞ്ഞ് ഗേയ്റ്റിനടുത്ത് എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയെന്ന അറിയിപ്പ് ലഭിക്കുന്നത്.
വ്യാഴാഴ്ച ജോലിയിൽ പ്രവേശിക്കേണ്ടവർ, വീസ റദ്ദാകുന്നവർ അടക്കം ഈ വിമാനത്തിലുണ്ടായിരുന്നു. ജോലി നഷ്ടപ്പെടുമെന്നായപ്പോൾ ചിലർക്ക് ടിക്കറ്റ് റദ്ദാക്കി നാൽപതിനായിരത്തോളം രൂപ മുടക്കി ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റെടുത്തു യാത്ര തുടരേണ്ടി വന്നു. .
Air India Express faces disruptions as employees go on strike, leading to the cancellation of numerous flights and leaving thousands of passengers stranded. The airline dismisses 25 striking employees and threatens further action against others.