110 വർഷത്തെ പഴക്കമുള്ള പഴയ കാൻ്റിലിവർ റെയിൽ പാലത്തിന് പകരം രാമേശ്വരത്തു കടലിനു കുറുകെ പുതിയ പാലം നിർമിക്കുന്ന തിരക്കിലാണ് ദക്ഷിണ റെയിൽവേ. അതി വേഗതയിൽ മുന്നോട്ടു പോകുന്ന ട്രാക്കിംഗ് ജോലികൾ പൂർത്തിയാക്കുന്നതോടെ രാമേശ്വരം
തീർത്ഥാടന -ടൂറിസ്റ്റ് ദ്വീപിലേക്കുള്ള റെയിൽ ഗതാഗതം ഉടൻ തന്നെ പുനഃസ്ഥാപിക്കും.
രാജ്യത്തെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽപ്പാലത്തിന് 18.3 മീറ്റർ നീളത്തിൽ സ്പാനുകളും കടലിന് കുറുകെ 72.5 മീറ്റർ നീളമുള്ള ഒരു നാവിഗേഷൻ സ്പാനുമുണ്ട്, കൂടാതെ ഭാവിയിൽ ട്രാക്കുകളുടെ ഇരട്ടിപ്പിക്കൽ ആവശ്യമായി വന്നാൽ അധിക റെയിൽവേ ട്രാക്കിനായി ഉപഘടനയും നിർമിക്കുന്നുണ്ട്.
280 കോടി രൂപ ചെലവിൽ പാലം നിർമ്മിക്കുന്ന റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL) ജൂണിൽ നിർമ്മാണം പൂർത്തിയാക്കാൻ ആയിരുന്നു തീരുമാനം. നിർമ്മാണം കടലിനുള്ളിലായതിനാൽ ഇത് വെല്ലുവിളി നിറഞ്ഞ ജോലിയായി മാറി. അതോടെ സമയപരിധി നീട്ടിവെക്കേണ്ടി വന്നു. 2024 അവസാനത്തോടെ വാണിജ്യ ട്രെയിൻ പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്ന് ആർവിഎൻഎൽ പ്രതീക്ഷിക്കുന്നു. പുതിയ പാലത്തിൻ്റെ 2.65 ഡിഗ്രി വളഞ്ഞ വിന്യാസമാണ് പദ്ധതിയിലെ ഏറ്റവും വലിയ വെല്ലുവിളി.
കപ്പലുകൾ വരുമ്പോൾ അകന്നു മാറേണ്ട വെർട്ടിക്കൽ സ്പിൻ ഘടിപ്പിക്കുക എന്ന ശ്രമകരമായ ജോലിയാണ് നടന്നുകൊണ്ടിരിക്കുന്നത്. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ് ഓർഗനൈസേഷൻ അംഗീകരിച്ച വെർട്ടിക്കൽ ലിഫ്റ്റ് സ്പാൻ കടലിൽ 200 മീറ്റർ അകലെവരെ എത്തിച്ചിട്ടുണ്ട്.ബാക്കിയുള്ള 228 മീറ്റർ ഷിഫ്റ്റിംഗ് വരും ദിവസങ്ങളിൽ സാധ്യമാക്കുമെന്നാണ് കണക്കുകൂട്ടൽ.
കപ്പലുകൾ വരുമ്പോൾ ഈ സ്പിൻ ലംബമായി ഉയരും. ഇതുവഴി വലിപ്പമുള്ള കപ്പലുകൾക്ക് പോലും രാമേശ്വരം തീരത്തുകൂടി കടന്നുപോകാൻ കഴിയും.
മണ്ഡപം മുതൽ 1.50 കിലോമീറ്റർ വരെ ട്രാക്ക് ബന്ധിപ്പിക്കുകയും ഗുഡ്‌സ് ട്രെയിനിൻ്റെ ട്രയൽ മൂവ്‌മെൻ്റ് നടത്തുകയും ചെയ്തു. ശേഷിക്കുന്ന 0.60 കിലോമീറ്റർ ട്രാക്കും പാമ്പൻ അറ്റത്ത് നിന്ന് അപ്രോച്ച് സ്‌പാനുകൾ ആരംഭിക്കുന്നതിനൊപ്പം സ്ഥാപിക്കും.
110 വർഷം പഴക്കമുള്ള കാൻ്റിലിവർ പാലത്തിൽ വിള്ളലുകൾ കണ്ടെത്തിയതിനെ തുടർന്ന് ദ്വീപിലേക്കുള്ള ട്രെയിൻ സർവീസുകൾ 2022 ഡിസംബറിൽ താൽക്കാലികമായി നിർത്തിവച്ചു. രാമേശ്വരം ദ്വീപിലേക്കുള്ള ട്രെയിനുകൾ ഇപ്പോൾ 20 കിലോമീറ്റർ അകലെ മണ്ഡപം റെയിൽവേ സ്റ്റേഷനിൽ അവസാനിപ്പിച്ചിരിക്കുന്നു, അവിടെ നിന്ന് ഭക്തരും വിനോദസഞ്ചാരികളും ദ്വീപിലെത്താൻ ആശ്രയിക്കുന്നത് ബസ്സും, സ്വകാര്യവാഹനങ്ങളെയുമാണ്.
Southern Railway is expediting efforts to restore rail connectivity to Rameswaram with an innovative vertical lift sea bridge project. Learn about the challenges, progress, and anticipated completion of this historic initiative.