ഒരൽപം റൊമാൻ്റിക് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് അനുയോജ്യമായ മൂടൽമഞ്ഞ് നിറഞ്ഞ ഹിൽ സ്റ്റേഷനുകൾ മുതൽ ശാന്തമായ ബീച്ചുകളും ആഡംബര ഹൗസ് ബോട്ടുകളും വരെ “ദൈവത്തിൻ്റെ സ്വന്തം നാട്” എന്ന് വിളിക്കുന്ന കേരളത്തിലുണ്ട്.
സംസ്ഥാനത്തിൻ്റെ സമൃദ്ധമായ പച്ചപ്പ്, കായൽ, മനോഹരമായ ബീച്ചുകൾ എന്നിവ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കുന്ന ആറിടങ്ങൾ വിലമതിക്കുന്ന ഓർമ്മകൾ നൽകും എന്നുറപ്പ് .
മൂന്നാർ (Munnar)
മനോഹരമായ പശ്ചിമഘട്ടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ വിശാലമായ തേയിലത്തോട്ടങ്ങൾക്കും, മൂടൽമഞ്ഞ് മൂടിയ പർവതങ്ങൾക്കും, വർഷം മുഴുവനും സുഖകരമായ കാലാവസ്ഥയ്ക്കും പേരുകേട്ട മനോഹരമായ ഹിൽ സ്റ്റേഷനാണ്. ദമ്പതികൾക്ക് ഇവിടുത്തെ തേയിലത്തോട്ടങ്ങളിലൂടെ നടക്കാം, ഉയർന്ന ഉയരത്തിൽ നിന്ന് ശുദ്ധവായു ശ്വസിക്കാം. വംശനാശഭീഷണി നേരിടുന്ന നീലഗിരി തഹറിനെ കാണാൻ ഇരവികുളം ദേശീയോദ്യാനം സന്ദർശിക്കുന്നതും, ശീതകാല കൃഷിയ്ക്ക് പേര് കേട്ട കാന്തല്ലൂരും, വട്ടവടയും, കുണ്ടള തടാകത്തിലെ ബോട്ട് സവാരിയും സഞ്ചാരികൾക്കു ഏറെ പ്രിയപ്പെട്ടതാണ്.
ആലപ്പുഴ( Alappuzha / Alleppey)
‘കിഴക്കിൻ്റെ വെനീസ്’ എന്നും അറിയപ്പെടുന്ന ആലപ്പുഴ കായലുകൾക്കും, ഹൗസ് ബോട്ട് യാത്രയ്ക്കും പച്ചപ്പിനും പേരുകേട്ടതാണ്. പരമ്പരാഗത ഹൗസ്ബോട്ടുകളിലെ യാത്ര ഇവിടെ ആസ്വദിക്കാം. ഹൗസ്ബോട്ടിൻ്റെ ഡെക്കിൽ നിന്ന് സൂര്യാസ്തമയം വീക്ഷിക്കാം, അവിടെ പാകം ചെയ്ത സ്വാദിഷ്ടമായ കായൽ വിഭവങ്ങൾ ആസ്വദിക്കാം.
കോവളം (Kovalam)
വൃത്തിയുള്ള കടൽത്തീരങ്ങൾ, നീല ജലം, ശാന്തമായ അന്തരീക്ഷം എന്നിവയുള്ള കോവളം ഒരുമിച്ച് സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്കുമുള്ള പ്രശസ്തമായ ബീച്ച് ഡെസ്റ്റിനേഷനാണ്. പാരാസെയിലിംഗ്, ജെറ്റ് സ്കീയിംഗ് തുടങ്ങിയ ആവേശകരമായ ജലവിനോദങ്ങളിൽ മുഴുകാനും അവസരമുണ്ട്. വിവിധ ബീച്ച് റിസോർട്ടുകൾ സഞ്ചാരികൾക്കായുണ്ട്.
വയനാട് (Wayanad)
പശ്ചിമഘട്ടത്തിൽ സ്ഥിതി ചെയ്യുന്ന വയനാട്, പ്രകൃതിയെ സ്നേഹിക്കുകയും അതിനോടൊപ്പം ജീവിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സഞ്ചാരികളെ ആകർഷിക്കുന്നു. കൊടും കാടുകളാലും ഒഴുകുന്ന വെള്ളച്ചാട്ടങ്ങളാലും പ്രകൃതി സൗന്ദര്യത്താലും വയനാട് ചുറ്റപ്പെട്ടിരിക്കുന്നു. വയനാട് വന്യജീവി സങ്കേതത്തിലെ ഇടതൂർന്ന വനപ്രദേശങ്ങളിലൂടെയുള്ള ട്രക്കിംഗ്, ചരിത്രാതീത ശിലാചിത്രങ്ങളുള്ള പുരാതന എടക്കൽ ഗുഹ, മീൻമുട്ടി വെള്ളച്ചാട്ടം എന്നിവ വയനാടിന്റെ സൗന്ദര്യമാണ്. കാപ്പിത്തോട്ടങ്ങൾക്കിടയിലുള്ള ട്രീ ഹൗസിലോ സുഖപ്രദമായ ഹോംസ്റ്റേയിലോ ഉള്ള താമസസൗകര്യം യാത്രയെ കൂടുതൽ സവിശേഷമാക്കും.
വർക്കല (Varkala)
അറബിക്കടലിന് അഭിമുഖമായി പാറക്കെട്ടുകൾക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന വർക്കല, സമാധാനത്തിനും ശാന്തതയ്ക്കും ഒപ്പം പ്രകൃതി സൗന്ദര്യത്തിനും പേര് കേട്ടതാണ്. മനോഹരമായ കഫേകളും ബോട്ടിക് ഷോപ്പുകളും നിറഞ്ഞ മലഞ്ചെരിവിലൂടെ റൊമാൻ്റിക് പിക്നിക്കുകൾ വർക്കലയുടെ പ്രത്യേകതയാണ്. ബീച്ചിനോട് ചേർന്നുള്ള ക്ലിഫുകളാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത.
കുമരകം (Kumarakam)
വേമ്പനാട് കായലിൻ്റെ തീരത്താണ് കുമരകം സ്ഥിതി ചെയ്യുന്നത്. കായൽ സൗന്ദര്യത്തിനും ആഡംബര ഹൗസ് ബോട്ട് യാത്രയ്ക്കും പേരുകേട്ട ഇടമാണിത്. നഗരജീവിതത്തിൻ്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞുമാറാനും കായലുകളുടെ തണുപ്പിൽ വിശ്രമിക്കാനും കഴിയും.
മറ്റൊരു പ്രധാന ഇടം കുമരകം പക്ഷി സങ്കേതത്തിലൂടെയുള്ള ബോട്ട് യാത്രയാണ്. അവിടെ വിവിധ തരം ദേശാടന പക്ഷികളെ കാണാൻ കഴിയും.
The best romantic getaways in Kerala, “God’s Own Country.” From Munnar’s misty hills to Alappuzha’s serene backwaters, explore six idyllic destinations perfect for couples seeking romance and luxury.