റോഡ് ഗുണനിലവാരത്തിൽ ആഗോളതലത്തിൽ മികച്ച സ്ഥാനങ്ങൾ നേടി യുഎഇ. വേൾഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ ഏറ്റവും പുതിയ ട്രാവൽ ആൻഡ് ടൂറിസം ഡെവലപ്‌മെൻ്റ് ഇൻഡക്‌സ് 2024-ൽ അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും നൽകുന്ന മികവിൽ യുഎഇ മുൻനിര സ്ഥാനങ്ങൾ കൈവരിച്ചു.
റോഡ് ഗുണനിലവാരത്തിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തും, അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തും,
പൊതുഗതാഗത സേവനങ്ങളുടെ കാര്യക്ഷമതയിൽ ആഗോളതലത്തിൽ 10-ാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ രണ്ടാം സ്ഥാനത്തും,
തുറമുഖ സേവനങ്ങളുടെ കാര്യക്ഷമതയിൽ ആഗോളതലത്തിൽ ഒമ്പതാം സ്ഥാനത്തും അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്തുമാണ് രാജ്യം.
അന്താരാഷ്‌ട്ര ബിസിനസ്സിനും വിനോദസഞ്ചാരത്തിനുമുള്ള മത്സരാധിഷ്ഠിതവും ആകർഷകവുമായ ലക്ഷ്യസ്ഥാനമാക്കി, അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്താനുള്ള യുഎഇയുടെ ശ്രമങ്ങളെ റിപ്പോർട്ട് ശരി വയ്ക്കുന്നു . യുഎഇയുടെ ഗുണനിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
“ഈ നേട്ടങ്ങൾ വിവിധ മേഖലകളിലെ ഞങ്ങളുടെ സമീപനത്തെയും തന്ത്രപരമായ ആസൂത്രണത്തെയും പ്രതിഫലിപ്പിക്കുകയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട ഇന്നൊവേഷൻ ആൻഡ് എക്‌സലൻസ് ഹബ്ബായി മാറാനുള്ള യുഎഇയുടെ അഭിലാഷത്തെ മുന്നോട്ടു നയിക്കുകയും ചെയ്യുന്നു,” ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു.
ആഗോള സൂചകങ്ങളിൽ ഉയർന്ന റാങ്കിംഗ്, വിശ്വസനീയമായ ബിസിനസ്സ് അന്തരീക്ഷം തേടുന്ന അന്താരാഷ്ട്ര നിക്ഷേപകരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുമെന്നാണ് യു എ ഇ യുടെ പ്രതീക്ഷ .
റോഡുകൾ, പൊതുഗതാഗത സേവനങ്ങൾ, തുറമുഖ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരത്തിൽ യുഎഇ ഒരു മാനദണ്ഡമായി മാറിയിരിക്കുന്നു. ഇത് വിദേശ നിക്ഷേപം ആകർഷിക്കാനും ജിഡിപി വർദ്ധിപ്പിക്കാനും സഹായിക്കും എന്ന് ഫെഡറൽ കോംപറ്റീറ്റീവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെൻ്റർ ഡയറക്ടർ ഹനാൻ മൻസൂർ അഹ്‌ലി ചൂണ്ടിക്കാട്ടി.
UAE’s impressive infrastructure rankings in the 2024 Travel and Tourism Development Index. Learn about its top global standings in road quality, port services, and public transport efficiency.