സെൽഫ് ഡ്രൈവിംഗ് കാറുകളും ഇലക്ട്രിക് കാറുകളും അടക്കം നിരത്തിൽ സജീവമാകുന്നതോടെ രാജ്യത്തെ ട്രാഫിക് നിയമങ്ങൾ അതിനൊത്ത് പരിഷ്കരിക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനമെടുത്തു. ആധുനിക സാങ്കേതികവിദ്യകൾ റോഡ് സംവിധാനങ്ങളിൽ സമന്വയിപ്പിക്കുന്നതടക്കം പുതിയ ഫെഡറൽ ട്രാഫിക് നിയമം നടപ്പാക്കുന്നതിന് യു.എ.ഇ മന്ത്രിസഭ തിങ്കളാഴ്ച അംഗീകാരം നൽകി.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ അധ്യക്ഷതയിൽ അബുദാബിയിലെ ഖസർ അൽ വതാനിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് നിയമം അംഗീകരിച്ചത്.
ദുബായിലെ റോഡുകളിൽ സെൽഫ് ഡ്രൈവിംഗ് കാറുകളുടെ പരീക്ഷണങ്ങൾ ആരംഭിച്ചതിനെ തുടർന്നാണ് ഈ നീക്കം. സെൽഫ് ഡ്രൈവിംഗ് വാഹനങ്ങൾക്കായി പുതിയ നിബന്ധനകൾ വരും .പുതിയ നിയമം സ്മാർട്ട് ട്രാൻസ്പോർട്ടേഷൻ സൊല്യൂഷനുകളിൽ ഊന്നൽ നൽകും.
ഡ്രൈവർമാരുടെ പൊതു ബാധ്യതകൾ, ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നതിൽ നിന്ന് ഒഴിവാക്കിയ വിഭാഗങ്ങൾ, ലൈസൻസ് അനുവദിക്കുന്നതിനുള്ള വ്യവസ്ഥകൾ, ഡ്രൈവിംഗ് ലൈസൻസുകളും പെർമിറ്റുകളും സസ്പെൻഡ് ചെയ്യൽ, ഡ്രൈവിംഗ് സ്കൂളുകൾ, വാഹന ഇൻഷുറൻസ്, പരിശോധന, സ്വയം ഡ്രൈവിംഗ് വാഹനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിവ നിയമനിർമ്മാണ വ്യവസ്ഥകളിൽ ഉൾപ്പെടുന്നു.
ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച നിയമനിർമ്മാണം ആഗോള ഗതാഗത മേഖലയിലെ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതാണ്. നഗരാസൂത്രണത്തിൽ ഇവയുടെ വർദ്ധിച്ചുവരുന്ന പ്രാധാന്യം അംഗീകരിച്ചുകൊണ്ട് ഇവികളുടെയും സെൽഫ്-ഡ്രൈവിംഗ് കാറുകളുടെയും സ്വീകാര്യത സുഗമമാക്കുന്നതിനാണ് പുതുക്കിയ നിയമനിർമ്മാണം ലക്ഷ്യമിടുന്നത്.
The UAE government has updated its federal traffic law to regulate emerging transport technologies, including self-driving cars and electric vehicles, ensuring road safety and efficiency.