ക്ലാസ് മുറിയിൽ തോറ്റുപോയവർക്ക് ജീവിതത്തിൽ മുന്നേറാൻ സാധിക്കില്ല എന്ന പഴയ ചിന്താഗതികൾ പലരും ഇതിനോടകം തിരുത്തി എഴുതി കഴിഞ്ഞതാണ്. അക്കൂട്ടത്തിൽ ഒരാൾ ആണ് സഞ്ജയ് അഗർവാൾ. 20 വര്‍ഷത്തിനുള്ളില്‍ ഒരു ചെറിയ ഫിനാന്‍സ് കമ്പനിയെ അറിയപ്പെടുന്ന മുന്‍നിര ബാങ്കായി വളർത്തി ഇന്ന് ഇന്ത്യയിലെ അറിയപ്പെടുന്ന ബാങ്കർ ആയി മാറിയ ആളാണ് സഞ്ജയ്. വിദ്യാഭാസത്തിനു മുൻതൂക്കം നൽകുന്ന ഒരു കുടുംബത്തിലാണ് സഞ്ജയ് ജനിച്ചത്. സഞ്ജയ്‌യുടെ അച്ഛൻ രാജസ്ഥാൻ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിൽ നിന്നും ചീഫ് എഞ്ചിനീയറായി വിരമിച്ച ആളായിരുന്നു. അമ്മാവൻ ഡോക്ടറും. ഇങ്ങിനെ ഒരു കുടുംബത്തിലെ കുട്ടി ക്രിക്കറ്റിനോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ട് എട്ടാം ക്ലാസ്സിൽ തോറ്റുപോയപ്പോൾ ആർക്കും അതിശയം തോന്നിയില്ല.
തന്നെ ഹാർഡ് വർക്കിങ് ആക്കിയതും, ദൃഢ നിശ്ചയം ജീവിതത്തിൽ ഉണ്ടാക്കി തന്നതും ക്രിക്കറ്റ് ഉൾപ്പെടെ ഉള്ള ഗെയിമുകൾ ആണെന്ന് സഞ്ജയ് അഭിപ്രായപ്പെടുന്നു. കോളേജ് വിദ്യാഭ്യാസത്തിന്റെ സമയം എത്തിയപ്പോൾ സഞ്ജയ് തിരഞ്ഞെടുത്തത് കൊമേഴ്‌സ് ആയിരുന്നു. ഒരു മോശം തിരഞ്ഞെടുപ്പ് ആയിപ്പോയി എന്ന് ആദ്യമൊക്കെ തോന്നിയെങ്കിലും അക്കൗണ്ടിംഗ്, സ്റ്റാറ്റിസ്റ്റിക്സ്, ബിസിനസ് പ്ലാനിംഗ് എന്നിവയിൽ അദ്ദേഹം താൽപ്പര്യം കണ്ടെത്തി. പിന്നീട് 66% മാർക്കോടെ പാസാവുകയും ചെയ്തു. നീയൊരിക്കലും സച്ചിൻ ടെണ്ടുൽക്കർ ആകാൻ പോകുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ആയിരുന്നു അച്ഛൻ സഞ്ജയ്‌യെ സിഎ പഠിക്കാൻ കൊണ്ടുവിടുന്നത്.
എന്നാൽ അടുത്ത ദിവസം തന്നെ ബാറ്റും എടുത്ത് സ്റ്റേഡിയത്തിൽ കളിയ്ക്കാൻ എത്തിയ സഞ്ജയ് കണ്ടത് സ്റ്റേഡിയത്തിന്റെ ഒരു മൂലയ്ക്ക് നെറ്റ് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുക്കുന്ന കുറച്ച് വിദ്യാർത്ഥികളെ ആണ്. അന്ന് സഞ്ജയ് ആ ഗ്രൗണ്ടിൽ ഉപേക്ഷിച്ചത് ക്രിക്കറ്റ് ബാറ്റ് മാത്രം ആയിരുന്നില്ല, ഒപ്പം തന്റെ അലസത കൂടി ആയിരുന്നു. സിഎ സ്ഥാപനമായ അനിൽ ബഫ്ന ആൻഡ് കമ്പനിയിൽ ജോയിൻ ചെയ്ത ശേഷം ആണ് ഫിനാൻഷ്യൽ സ്‌റ്റേറ്റ്‌മെൻ്റുകൾ, ഓഡിറ്റുകൾ, കംപ്ലയൻസുകൾ മുതലായവ തയ്യാറാക്കുന്നതിലെ പ്രായോഗിക പരിജ്ഞാനം സഞ്ജയ് നേടിയെടുക്കുന്നത്. അവിടെ നിന്നുമാണ് ഒരു സിഎക്കാരൻ ആകണം എന്നും ബിസിനസ് ചെയ്യണം എന്നുമുള്ള ആശയം സഞ്ജയ്‌ക്ക് തോന്നുന്നത്.
രണ്ടു തവണ തോറ്റെങ്കിലും സിഎ പാസായ ശേഷം മുംബൈയിൽ കിട്ടിയ ജോലി വേണ്ടെന്നു വച്ചുകൊണ്ട് ബിസിനസ് ചെയ്യാൻ വേണ്ടി ജയ്‌പ്പൂരിൽ തന്നെ തുടരാൻ സഞ്ജയ് തീരുമാനിച്ചു. 1996 ൽ ബിസിനസ് ചെയ്യണം എന്ന് സഞ്ജയ് തീരുമാനിക്കുമ്പോൾ പ്രായം വെറും 25 വയസ്സ് ആയിരുന്നു. ആ പ്രായത്തിലുള്ള ഒരാൾക്ക് വേണ്ടി പൈസ ഇൻവെസ്റ്റ് ചെയ്യാൻ ആരും തയ്യാറായിരുന്നില്ല. അമ്മാവൻ ഉൾപ്പെടെ അഞ്ചുപേരെ പറഞ്ഞു മനസിലാക്കി കൂടെ നിർത്തി ആയിരുന്നു സഞ്ജയ് ആദ്യ വരുമാന മാർഗം കണ്ടെത്തിയത്.
അവിടെ നിന്നും നിരവധി ചെറിയ ബിസിനസുകൾ ചെയ്തു തുടങ്ങിയ സഞ്ജയ് സഹോദരിയുടെ മരണ ശേഷം ബിസിനസിൽ വെറുതെ ശ്രദ്ധ കേന്ദ്രീകരിക്കാതെ ധനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കണം എന്ന് തീരുമാനിക്കുക ആയിരുന്നു. 2000 ഓട് കൂടി എല്ലാ എല്ലാ ഫിനാൻസ് കമ്പനികളിൽ നിന്നും സഞ്ജയ് പുറത്തുകടക്കുകയും അമ്മാവൻ ഉൾപ്പെടെ NBFCകളിലെ നിക്ഷേപകർക്ക് അവരുടെ ഷെയറുകൾ തിരികെ നൽകുകയും ചെയ്തു.
എന്നാൽ അമ്മാവൻ സഞ്ജയ്ക്ക് തൻ്റെ കമ്പനിയായ എൽഎൻ ഫിൻകോ ജെംസ് പ്രൈവറ്റ് ലിമിറ്റഡ് വാഗ്ദാനം ചെയ്തു. അത് 2005-ൽ എയു ഫൈനാൻസിയേഴ്‌സ് ആയി മാറുകയായിരുന്നു. 2009-ൽ മോത്തിലാൽ ഓസ്വാൾ പ്രൈവറ്റ് ഇക്വിറ്റിയിൽ നിന്ന് 30 കോടി രൂപ സഞ്ജയ് സമാഹരിച്ചു. അതായിരുന്നു എയു എന്ന ബാങ്കിന്റെ മൂലധനം. 2017-ല്‍, സഞ്ജയ് തന്റെ കമ്പനിയെ ഫലപ്രദമായി എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കാക്കി മാറ്റി. ജയ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന് ഇന്ന് രാജ്യവ്യാപകമായി 1000-ലധികം ശാഖകളും, 30 ലക്ഷത്തിലധികം ഉപയോക്താക്കളുമുണ്ട്. ഒരു ധന സഹായവും ഇല്ലാതെ സ്വന്തം കഴിവിൽ വിശ്വസിച്ചു പൊരുതിയ സഞ്ജയ്‌യുടെ ജീവിത വിജയത്തിന്റെ കഥ ആണിത്. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം സഞ്ജയ് അഗര്‍വാളിന്റെ ആസ്തി 10,026 കോടി രൂപയിലധികമാണ്.
Discover the inspiring journey of Sanjay Agarwal, the visionary entrepreneur behind AU Small Finance Bank. From humble beginnings to remarkable growth, Agarwal’s leadership has transformed AU into a beacon of success in India’s banking sector.