തോറ്റുകൊടുക്കില്ല എന്ന് തീരുമാനിക്കുന്നിടത്താണ് നമ്മൾ വിജയം കണ്ടെത്തുന്നത് എന്ന് തെളിയിച്ച നിരവധി ബിസിനസുകാർ നമുക്ക് ചുറ്റുമുണ്ട്. സംരംഭകത്വം എന്ന സ്വപ്നത്തിലേക്ക് എത്താൻ കടന്നുവന്ന വേദനകൾ നിറഞ്ഞതും അപമാനം നേരിട്ടതുമായ വഴികളെ കുറിച്ച് പലരും പറയുന്ന മോട്ടിവേഷൻ കഥകൾ മറ്റുള്ളവർക്ക് കൂടി പ്രചോദനം തന്നെയാണ്. കഠിനാധ്വാനവും അർപ്പണ ബോധവും കൈമുതലാക്കിയ പരാജയങ്ങളെ വലിയ വിജയമാക്കി മാറ്റിയ അങ്കുഷിന്റെ ജീവിത വിജയത്തിന്റെ കഥ ആണിത്.
ഐഐടി ബിരുദധാരികൾ എന്ന് കേൾക്കുമ്പോൾ തന്നെ പലപ്പോഴും ഉയർന്ന ശമ്പളമുള്ള സ്ഥാനങ്ങളിൽ നിലവിൽ ലോകത്തിലെ ഏറ്റവും വലിയ ചില ടെക് കമ്പനികളിൽ ജോലി ചെയ്യുന്നവർ അല്ലെങ്കിൽ മികച്ച സ്ഥാനത്തിരിക്കുന്നവർ എന്ന് തന്നെയാണ് നമ്മുടെയൊക്കെ ചിന്തകൾ. മിക്ക ഐഐടിക്കാരും ഉയർന്ന ശമ്പളത്തോടെയുള്ള ജോലികൾ സ്വീകരിക്കുമ്പോൾ, കുറച്ചുപേർ സ്വന്തം കമ്പനികൾ തുടങ്ങാൻ പോകുന്നു. സ്വന്തമായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിച്ച അത്തരത്തിലുള്ള ഒരു ഐഐടി ബിരുദധാരിയാണ് അങ്കുഷ് സച്ച്ദേവ. ഐഐടി കാൺപൂർ പൂർവ്വ വിദ്യാർത്ഥിയായ അങ്കുഷ് സച്ച്ദേവ ബിരുദം പൂർത്തിയാക്കിയ ശേഷം സ്വന്തമായി ഒരു കമ്പനി ആരംഭിച്ചു.
കമ്പനി പരാജയപ്പെട്ടെങ്കിലും സച്ച്ദേവ പരാജയം സമ്മതിച്ചില്ല. ഉയരങ്ങളിലെത്തുക എന്ന ലക്ഷ്യത്തോടെ, അങ്കുഷ് സച്ച്ദേവ മറ്റൊരു സ്ഥാപനം സ്ഥാപിച്ചു അതും പരാജയപ്പെട്ടു. പിന്നീടങ്ങോട്ട് 17 സ്റ്റാർട്ടപ്പുകൾ തുടങ്ങിയെങ്കിലും അവയെല്ലാം പരാജയപ്പെട്ടു. എന്നിരുന്നാലും, തൻ്റെ പതിനെട്ടാമത്തെ ശ്രമം അങ്കുഷിന്റെ ജീവിതത്തിലേക്ക് ഭാഗ്യം കൊണ്ടുവന്നു. ഇപ്പോൾ 40000 കോടി രൂപയുടെ മൂല്യമുള്ള വിജയകരമായ സ്ഥാപനത്തിന്റെ ഉടമയാണ് അങ്കുഷ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഷെയർ ചാറ്റ് ആണ് അങ്കുഷിന് ഭാഗ്യം കൊണ്ടുവന്ന ആ കമ്പനി.
ഹിന്ദി, മലയാളം, ഗുജറാത്തി, മറാത്തി, പഞ്ചാബി, തെലുങ്ക്, തമിഴ്, ബംഗാളി, ഒഡിയ, കന്നഡ, അസമീസ്, ഹരിയാൻവി, രാജസ്ഥാനി, ഭോജ്പുരി, ഇംഗ്ലീഷ് എന്നിങ്ങിനെ 15 ഭാഷകളിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ഷെയർ ചാറ്റ് ഇപ്പോൾ ലഭ്യമാണ്. ഇന്ത്യയിലെ ചെറിയ പട്ടണങ്ങളിൽ നിന്നും നഗരങ്ങളിൽ നിന്നുമുള്ള ഉപയോക്താക്കളെ ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രാദേശിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൻ്റെ ആവശ്യകത അങ്കുഷ് സച്ച്ദേവ തിരിച്ചറിഞ്ഞതോടെയാണ് ഈ കമ്പനിയുടെ വിജയം ആരംഭിച്ചത്.
സോമർവില്ലെ സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അങ്കുഷ് കംപ്യൂട്ടർ സയൻസിൽ ബാച്ചിലർ ഓഫ് ടെക്നോളജിക്ക് ഐഐടി കാൺപൂരിൽ ചേർന്നു. 2015-ൽ ബിരുദം നേടിയ അദ്ദേഹം 2014 മെയ് മുതൽ ജൂലൈ വരെ മൈക്രോസോഫ്റ്റിൽ ഇൻ്റേൺ ചെയ്യുകയും ചെയ്തിട്ടുണ്ട്. 17 തവണ ഒരു സ്റ്റാർട്ടപ്പ് നടത്തുന്നതിൽ പരാജയപ്പെട്ടതിന് ശേഷം അങ്കുഷ് സച്ച്ദേവ ഐഐടിയിലെ തന്റെ സുഹൃത്തുക്കളായ ഫരീദ് അഹ്സൻ, ഭാനു സിംഗ് എന്നിവരുമായി ചേർന്നാണ് ഷെയർചാറ്റ് ആപ്പ് രൂപീകരിച്ചത്. 2015 ഒക്ടോബറിൽ ആണ് ഷെയർ ചാറ്റ് ആരംഭിക്കുന്നത്. 2022 ജൂൺ വരെയുള്ള കണക്കുകൾ പ്രകാരം ഇപ്പോൾ ഷെയർചാറ്റിന് ഏകദേശം 5 ബില്യൺ ഡോളർ മൂല്യമുണ്ട്, അതായത് 40,000 കോടി രൂപയിലധികം.
Explore the inspiring journey of Ankush Sachdeva, IIT Kanpur alumnus and founder of ShareChat. Discover how his perseverance led to the creation of a leading social networking platform in India.