ആഴ്ചകൾക്ക് മുമ്പാണ് കൊച്ചി കോർപ്പറേഷൻ വൈറ്റിലയിലെ സോണൽ ഓഫീസിന് സമീപം ദീർഘകാലമായി കെട്ടിക്കിടക്കുന്ന പൊതു ശൗചാലയ സമുച്ചയ പദ്ധതി ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇപ്പോൾ ഉദ്‌ഘാടനം കഴിഞ്ഞ ശൗചാലയങ്ങൾ പ്രവർത്തിക്കാത്തതിനാൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും തുറസ്സായ സ്ഥലത്ത് മൂത്രമൊഴിക്കേണ്ട അവസ്ഥയിലാണ്. മൂന്ന് യൂണിറ്റുകളുള്ള ഈ ടോയ്‌ലറ്റ് കോംപ്ലക്‌സിൻ്റെ പണികൾ മൂന്ന് വർഷം മുൻപാണ് അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് പൂർത്തിയാക്കിയത്.
പണി പൂർത്തിയായെങ്കിലും തൊഴിലാളികളുടെ അഭാവവും മറ്റ് സാങ്കേതിക കാരണങ്ങളും കാരണം കോർപ്പറേഷൻ അധികൃതർക്ക് ടോയ്‌ലറ്റ് തുറക്കാൻ കഴിഞ്ഞിരുന്നില്ല. വിവിധ കോണുകളിൽ നിന്നുള്ള ശക്തമായ ആവശ്യത്തെത്തുടർന്ന് കഴിഞ്ഞ മാസമാണ് ടോയ്‌ലറ്റുകൾ തുറന്നത്. എന്നാൽ ഉദ്‌ഘാടനം കഴിഞ്ഞ് 10 ദിവസം മാത്രമാണ് ഈ സ്ഥാപനം പ്രവർത്തിച്ചത്.
ടാങ്കുകൾ നിറഞ്ഞ് കവിഞ്ഞൊഴുകുന്നതിനാൽ ടോയ്‍ലെറ്റുകൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ലെന്ന് വൈറ്റില ഡിവിഷൻ കൗൺസിലർ സുനിത ഡിക്‌സൺ പറഞ്ഞു. ജലവിതരണം ഇല്ലാത്തതിനാൽ ശുചിമുറികൾ പ്രവർത്തിക്കുന്നില്ലെന്ന പരാതിയുമായി പ്രാദേശികതല ആക്ഷൻ കൗൺസിൽ കോർപ്പറേഷൻ സെക്രട്ടറിയെ സമീപിച്ചു.
വൈറ്റില ജംക്‌ഷനിലെ കോർപറേഷൻ ഓഫീസിലും വിവിധ സ്ഥാപനങ്ങളിലുമെത്തുന്ന നൂറുകണക്കിന് ആളുകൾക്ക് അനുഗ്രഹമായിരുന്നു ഈ പൊതു ശൗചാലയ സമുച്ചയം എന്നും കോർപ്പറേഷൻ അധികൃതർ കൃത്യമായ അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ പൂട്ടിപ്പോയെന്നും വൈറ്റില ആക്ഷൻ കൗൺസിലിലെ ടി എൻ പ്രതാപൻ ആരോപിക്കുന്നുണ്ട്. “മൂന്ന് വർഷമെടുത്തു ഈ കെട്ടിടത്തിന്റെ പണി പൂർത്തിയാക്കാൻ. ഉദ്ഘാടനം ചെയ്ത് ദിവസങ്ങൾക്കുള്ളിൽ ഇതിന്റെ വാതിലുകൾ പോലും സാമൂഹിക വിരുദ്ധർ നശിപ്പിച്ചത് ഏറെ ഖേദകരമാണ്. എങ്ങനെയാണ് അധികാരികൾക്ക് ഇത്രയും നിരുത്തരവാദപരമായ രീതിയിൽ പൊതുഫണ്ട് ദുരുപയോഗം ചെയ്യാൻ കഴിയുന്നത്?” എന്നാണ് അദ്ദേഹം ചോദിക്കുന്നത്.
വൈലോപ്പിള്ളി റോഡിന് സമീപം ആളൊഴിഞ്ഞ സ്ഥലത്ത് ഇപ്പോൾ ആളുകൾ മൂത്രമൊഴിക്കുന്നതായും പരാതിയുണ്ട്. കൊച്ചി നഗരം തുറസ്സായ മലമൂത്ര വിസർജന മുക്ത (ഒഡിഎഫ്) ടാഗ് നേടിയിരിക്കുന്നു എന്നത് എടുത്തുപറയേണ്ടതാണ് എന്നും ടിഎൻ പ്രതാപൻ പറഞ്ഞു.