1990-കളുടെ ആദ്യമാണ്. കണ്ണൂർ മോണ്ടിസോറിയിലെ സ്ക്കൂൾകാലം! ഹോസ്റ്റലിലായിരുന്നു. ശനിയും ഞായറും കഴിഞ്ഞ് യാതൊരു ഇഷ്ടവുമില്ലാതെ പയ്യാമ്പലത്തുള്ള മോണ്ടിസോറി സ്ക്കൂളിലേക്ക് പോകാനായി വീടിന് മുമ്പിലുള്ള ബസ്റ്റോപ്പിൽ നിൽക്കും. നീല പെയിന്റടിച്ച ബസ് വരും. ചക്രംപോലൊരു വട്ടത്തിൽ എൽ എന്ന ലോഗോ. മുന്നിൽ ഗ്ലാസിന് താഴെ ക്യാപിറ്റൽ ലെറ്ററിൽ എഴുതിയിരിക്കുന്ന ഒരു പേര്- അശോക് ലൈലാന്റ്! അക്കാലത്ത് എവിടേയും ലോറിയായാലും ബസ്സായാലും കൂടുതലും അശോക് ലൈലാന്റ് അല്ലേ? പിന്നെ നമ്മുടെ എവർഗ്രീൻ ടാറ്റയും!
പക്ഷെ എന്തോ അശോക് ലൈലാന്റ് അന്നു മുതലേ മനസ്സിൽ മായാതെ നിൽക്കുന്നു.
വെഹിക്കിൾ സ്ക്രാപ്പേജ് യൂണിറ്റ് തുറക്കുന്നതും, വാഹനവിൽപ്പനയിൽ 2% ഇടിവുണ്ടായതുമായി ബന്ധപ്പെട്ട് അശോക് ലൈലാന്റിന്റെ വാർത്തകൾ ഈയിടെ കണ്ടതോടെയാണ് ആ ഹെവിവെഹിക്കിൾ ബ്രാൻഡിനെക്കുറിച്ച് വീണ്ടും അന്വേഷിച്ച് തുടങ്ങിയത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ കൊമേഴ്സ്യൽ വെഹിക്കിൾ കമ്പനി. ബസ്സുകളുടെ നിർമ്മാണത്തിൽ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ കമ്പനിയും. കഴിഞ്ഞവർഷം 75-ാം വാർഷികം ആഘോഷിച്ചു, അശോക് ലൈലാന്റ്!
അശോക് ലൈലാന്റിന്റെ ഉടമസ്ഥരെ അന്വേഷിച്ചാൽ ഹിന്ദുജ ഗ്രൂപ്പിനെയാണ് കിട്ടുക. പക്ഷെ ബ്രിട്ടീഷ് ലൈലാന്റ് എന്ന മോട്ടോർ കമ്പനിയുമായി എന്ത് ബന്ധം? ലൈലാന്റിന് മുന്നിൽ അശോക് എങ്ങനെ വന്നുപെട്ടു? അത് രാജ്യം സ്വാതന്ത്ര്യം നേടിയതിന് തൊട്ടടുത്തവർഷം മുതൽ തുടങ്ങുന്ന കഥയാണ്.
പഞ്ചാബിൽ നിന്നുള്ള രഘുനന്ദൻ സരൺ (Raghunandan Saran) ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ഡൽഹിയിൽ കാർ ഡീലർഷിപ്പും അദ്ദേഹത്തിന്റെ ഫാമിലിക്കുണ്ടായിരുന്നു. സ്വാതന്ത്ര്യം കിട്ടിയതിന് പിന്നാലെ രാജ്യത്തിന് ഒരുപാട് ആവശ്യങ്ങൾ ഉണ്ടായി. അതിൽ ഏറ്റവും വലിയ പരിഗണന അടിസ്ഥാന സൗകര്യ വികസനത്തിനാണ്. ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രു, സംരംഭക മൈൻഡുള്ളവരോട് മുന്നോട്ട് വരാൻ ആവശ്യപ്പെട്ടു. അങ്ങനെ പ്രചോദിതനായാണ് രഘുനന്ദൻ തമിഴ്നാട്ടിലെത്തി ഫാക്ടറി തുടങ്ങുന്നത്.
കൃത്യമായി പറഞ്ഞാൽ 1948-ൽ ചെന്നെയ്ക്കടുത്ത് എണ്ണൂർ എന്ന സ്ഥലത്ത്, വാഹന നിർമ്മാണ കമ്പനി തുടങ്ങി. നാരായണ സ്വാമി പിള്ള എന്ന വ്യക്തിയിൽ നിന്ന് 124 ഏക്കർ സ്ഥലം വാങ്ങിയാണ് പ്ലാന്റ് പണിതത്.
അശോക് മോട്ടേഴ്സ് എന്നായിരുന്നു പേര്! ഇംഗ്ലണ്ടിലെ ഓസ്റ്റിൻ മോട്ടോർ കമ്പനിയുമായി (Austin Motor Company) അവരുടെ കാറുകൾ ഇന്ത്യയിൽ അസംബിൾ ചെയ്യാനുള്ള കരാറോടെയാണ് രഘുനന്ദൻ അശോക് മോട്ടേഴ്സ് തുടങ്ങുന്നത്. പഞ്ചാബുകാരനാണ്, വാഹന മേഖലയുമായി കുടുംബപരമായ ബന്ധമുണ്ട്, ഫ്രീഡം ഫൈറ്ററുമാണ്. അങ്ങനെയൊരാൾ സംരംഭകനായാൽ എന്താകും അവസ്ഥ? സംരംഭത്തിന്റെ രസതന്ത്രം നന്നായി രക്തത്തിൽ അലിഞ്ഞ് ചേർന്നിരുന്നു രഘുനന്ദന്. അദ്ദേഹം വേഗം തന്നെ ഒരുകാര്യം തിരിച്ചറിയുന്നു, സ്വകാര്യ യാത്രയ്ക്കായി സ്വന്തമായി വാഹനങ്ങൾ വാങ്ങാൻ പ്രാപ്തിയുള്ള ചുരുക്കം ആളുകൾക്കായി കാറുകൾ നിർമ്മിക്കുക മാത്രമല്ല ഇപ്പോൾ വേണ്ടത്.
പകരം പൊതുഗതാഗത ആവശ്യങ്ങൾക്കും ചരക്ക് നീക്കത്തിനുമുള്ള വലിയ കൊമേഴ്സ്യൽ വാഹനങ്ങളുടെ ആവശ്യകത കൂടാൻ പോവുകയാണ്. അതിലേക്കും കൂടി തിരിയണം. പിന്നെ മടിച്ചില്ല, ഓസ്റ്റിൻ A40 കാറുകളുടെ പ്രൊഡക്ഷനൊപ്പം കൊമേഴ്സ്യൽ വാഹനങ്ങൾ നിർമ്മിക്കാൻ കെൽപ്പുള്ള പാർട്ണറെ കണ്ടെത്തി! ഇംഗ്ലണ്ടിലെ തന്നെ ബ്രിട്ടീഷ് ലൈലാന്റ് കമ്പനി. അവരുമായി 7 വർഷത്തെ കരാറിലെത്തി രഘുനന്ദൻ. വെറും കരാറായിരുന്നില്ല അത്. ലോറിയുടെ പാർസുകൾ ഇറക്കുമതി ചെയ്ത് അസംബിൾ ചെയ്ത് വിൽക്കാനുള്ള സോൾ റൈറ്റാണ്, ബ്രിട്ടീഷ് ലൈലാന്റിൽ നിന്ന് ആ സംരംഭകൻ വാങ്ങിയത്. സ്വാതന്ത്ര്യം കിട്ടിയിട്ട് കേവലം രണ്ട് വർഷമേ ആയിട്ടുള്ളൂ എന്ന് ഓർക്കണം. അപ്പോഴാണ് ഇംഗ്ലണ്ടിൽ പോയി കൊമേഴ്യൽ വാഹന ഭീമന്മാരോട് മുട്ടി, കരാറുമായി വരുന്നത്. അപ്പോ എത്ര ഷാർപ്പായ ബിസിനസ്സ് അക്യുമെനായിരികും അദ്ദേഹത്തിനുണ്ടാകുക? 1949-ൽ മൂന്നര ലക്ഷം രൂപയായിരുന്നു അശോക് മോട്ടേഴ്സിന്റെ വിറ്റുവരവ്. അതേസമയം 1950-ൽ മാംഗ്ലൂർ ടൈൽ ഫാക്ടറി കോമെറ്റ് -350 ട്രക്കുകൾ നാലെണ്ണം വാങ്ങി. അശോക് മോട്ടേഴ്സ് എണ്ണൂരിലെ ആ പ്ലാന്റിൽ അംസംബിൾ ചെയ്ത് പുറത്തിറക്കിയ ആദ്യ ലൈലാന്റ് ചേസിസ് ആയിരുന്നു അത്. അതോടെ പ്രതീക്ഷയും ഭാവിസ്വപ്നങ്ങളും വാനോളം ഉയർന്നു.
ഇന്ത്യയിലെ കൊമേഴ്യൽ വാഹന മാർക്കറ്റിന്റെ വലിയ സാധ്യത സ്വപ്നം കണ്ട രഘുനന്ദൻ, 5 ടണ്ണിന് മുകളിലുള്ള ലൈലാന്റ് കോമെറ്റ് ട്രക്കുകളും ടൈഗർ കബ് ബസ്സുകളും ഇവിടെ അംസംബിൾ ചെയ്യാനുളള സജ്ജീകരണങ്ങൾ ഒരുക്കി. ഒപ്പം സൈന്യത്തിനായി ജീപ്പ് മോഡൽ വാഹനവും ഇടത്തരം കാറുകളും. ഇതിനുള്ള പ്രൊഡക്ഷൻ പ്രൊപ്പോസലുകൾ അദ്ദേഹം തന്നെ തയ്യാറാക്കി. 1953- സെപ്തംബറിൽ സർക്കാരിന് സമർപ്പിച്ചു.
പക്ഷെ എന്താ സംഭവിച്ചത് എന്നറിയാമോ? ആ വർഷം ഡിസംബറിൽ ഡൽഹിയിൽ നിന്ന് നാഗ്പൂരിലേക്ക് വരവേ, വിമാന അപകടത്തിൽ രഘുനന്ദൻ സരൺ എന്ന ആ ദീർഘദർശിയായ സംരംഭകൻ കൊല്ലപ്പെട്ടു. അശോക് മോട്ടേഴ്സിന്റെ ഫൗണ്ടർ മാത്രമായിരുന്നില്ല രഘുനന്ദൻ സരൺ. അതിന്റെ എല്ലാമെല്ലാമായിരുന്നു. സ്വന്തം കിടപ്പുമുറി ഓഫീസാക്കി തുടങ്ങി, 1948-ൽ 30 ലക്ഷത്തോളം രൂപ പലരിൽ നിന്ന് ഇൻവെസ്റ്റ്മെന്റ് സ്വരൂപിച്ച്, തമിഴ്നാട്ടിൽ വാഹന നിർമ്മാണ പ്ലാന്റ് തുടങ്ങിയ രഘുനന്ദൻ സരൺ!
ആ സംരംഭകനൊപ്പം ആ സംരംഭത്തിന്റെ സ്വപ്നങ്ങളും മരിച്ചുപോകുന്ന അവസ്ഥ! കാരണം ഒറ്റയ്ക്ക് നിന്ന് നയിച്ച, വിജയദാഹിയായ സംരംഭകനായിരുന്നു അദ്ദേഹം. അതുകൊണ്ടല്ലേ, ബോഷ്, ലൈലാന്റ്, ഓസ്റ്റിൻ തുടങ്ങിയ ആഗോള വാഹന നിർമ്മാതാക്കളെ കണ്ട് കടുത്ത വിലപേശൽ നടത്തി ഇന്ത്യയിലെത്തിച്ച് വാഹന നിർമ്മാണം നടത്താമെന്ന് ആലോചിക്കാനും അതിൽ വിജയിക്കാനുമുളള ചങ്കൂറ്റമുണ്ടായത്. കമ്മ്യൂണിക്കേഷൻ സൗകര്യങ്ങൾ വിപ്ലവം സൃഷ്ടിച്ചിട്ടും, ലോകത്തെവിടെയും പറന്നെത്താൻ മണിക്കൂറുകൾ മാത്രം മതി എന്നായിട്ടും ഈ 2024-ലും ആശയത്തെ, കുറച്ച് കാശിട്ട് ആശിച്ച സംരംഭമാക്കാൻ പറ്റുന്നില്ല! അപ്പോഴാണ് 1948-ൽ രഘുനന്ദൻ സരണിനെപ്പോലുള്ള ലക്ഷണം ഒത്ത ബിസിനസ്സുകാര് വിസ്മയം കാണിച്ചിട്ട് പോയത്.
അങ്ങനെ രഘുനന്ദൻ സരണിന്റെ വിധവ, രക്ഷാ സരൺ അശോക് മോട്ടേഴ്സിന്റെ ബോർഡ് അംഗമായി. അദ്ദേഹം തുടങ്ങിവെച്ചത് മുന്നോട്ട് കൊണ്ടുപോകണം. അത് അത്ര എളുപ്പമായിരുന്നില്ല. കമ്പനിയുടെ തുടർന്നുള്ള ഓപ്പറേഷനിൽ സർക്കാർ കൂടി പങ്കാളിയായി.
പിന്നീട് അശോക് മോട്ടേഴിസിന്റെ കഥ മാറുകയായി. രഘുനന്ദൻ സരണിന് അദ്ദേഹത്തിന്റെ എതിരാളികളിൽ പോലും ആദരവ് നേടിക്കൊടുത്തത്, ആ മനുഷ്യന്റെ നെഗോസിയേഷൻ പവറായിരുന്നു. ഇംഗ്ലണ്ടിൽ വെച്ച് ഓസ്റ്റിനുമായും ലൈലാന്റുമായും നടത്തിയ വിലപേശലുകൾ ബ്രിട്ടീഷുകാരെപ്പോലും അമ്പരപ്പിച്ചതാണ്. ആ പവറാണ് അശോക് മോട്ടേഴ്സിന് നഷ്ടമായത്. പിന്നീടെല്ലാം ചടങ്ങുപോലെ നടന്നു. 1955-ൽ ബ്രിട്ടീഷ് ലൈലാന്റ് അശോക് മോട്ടേഴ്സിന്റെ 40% ഓഹരികൾ വാങ്ങി. അശോക് മോട്ടേഴ്സിന്റെ ബോർഡ്, കമ്പനി സ്വയം ലിക്വിഡേറ്റ് ആകാനുള്ള തീരമാനമെടുത്തു. പുതിയ കമ്പനി രൂപീകരിക്കാൻ ബ്രിട്ടീഷ് ലൈലാന്റുമായി ധാരണയിലെത്തി.
അങ്ങനെ അശോക് ലൈലാന്റ് ആയി. പുതിയ മേൽവിലാസം, പുതിയ സാരഥികൾ. സ്വാതന്ത്ര്യാന്തരം പിച്ചവെച്ചു തുടങ്ങിയ ഇന്ത്യയിൽ ഒരു ബസോ, ലോറിയോ വേണമെങ്കിൽ ഇറക്കുമതി ചെയ്യണം എന്ന അവസ്ഥയിൽ നിന്ന് ഇവിടെ അസംബിൾ ചെയ്ത് നിർമ്മിക്കാനാകും എന്ന് സധൈര്യം കാട്ടിത്തന്ന രഘുനന്ദന്റെ അനന്തരാവകാശം അശോക് ലൈലാന്റിൽ നേർത്തുവന്നു.
ഒരുവശത്ത് ആർ ശേഷാസായിയെ (R. Seshasayee) പോലെയുള്ള ലോകത്തെ ഏറ്റവും മികച്ച എക്സിക്യൂട്ടീവ് ഓഫീസർമാർ അശോക് ലൈലാന്റിന്റെ സാരഥ്യത്തിലെത്തി. ഒരുകാലത്ത് ടാറ്റ പാൻഇന്ത്യൻ വാഹന ബ്രാൻഡായി നിൽക്കുമ്പോൾ, അശോക് ലൈലാന്റ് തെക്കേ ഇന്ത്യൻ വാഹന കമ്പനി ആയിരുന്നു. ശേഷാസായി എംഡിയായിരുന്ന കാലത്ത് അശോക് ലൈലാന്റ് തെക്കേ ഇന്ത്യയുടെ വാഹനം എന്ന ലേബലിൽ നിന്ന് ഇന്ത്യയാകെ വളർന്നു. ഇന്ന് 38,000 കോടിക്ക് മുകളിലാണ് അശോക് ലൈലാന്റിന്റെ വിറ്റുവരവ്!
കാർഗിൽ യുദ്ധം നടക്കുന്ന സമയം, 5000 മീറ്റർ ഉയരെയുള്ള കിഴുക്കാംതൂക്കായ മലനിരകളിലൂടെ സൈന്യത്തിന് ആയുധങ്ങളും മറ്റും എത്തിക്കാൻ പ്രയാസമായി. രാത്രിയും പകലും പട്ടാളത്തിനാപ്പം നിന്ന അശോക് ലൈലാന്റ് മെയിന്റനൻസിലും പെർഫോമൻസിലും സൈനിക വാഹനത്തിന്റെ കാവൽക്കാരായി.
തമിഴനാട്ടിലെ മാർക്കറ്റ് ഷെയറിന്റെ 80 ശതമാനവും അശോക് ലൈാൻഡിന്റെ കൈയിലായിരുന്നു. നാമക്കൽ പോലുള്ള ഇടങ്ങളിൽ ചെറുപ്പക്കാർക്ക് ഒരു തൊഴിൽ കിട്ടാൻ ഡ്രൈവിംഗ് സ്ക്കൂൾ തുടങ്ങുക പോലും ചെയ്തു ഈ വാഹനനിർമ്മാണ ബ്രാൻഡ്. അതിൽ തമിഴ്നാട്ടിലെ ഒരു ഗ്രാമത്തിലുള്ള സുമതി എന്ന സ്ത്രീയുടെ ജീവിതത്തിൽ അശോക് ലൈലാൻഡ് ചെലുത്തിയ സ്വാധീനം ആ ബ്രാൻഡിന്റെ സാമൂഹിക ഇടപെടലുകളുടെ മാതൃകയായി. ഭർത്താവ് ഉപേക്ഷിച്ച സുമതിക്ക് ജീവിക്കാൻ മറ്റ് മാർഗ്ഗമില്ലെന്നായി. അവർ നാമയ്ക്കലിലുള്ള അശോക് ലൈലാന്റ് ഡ്രൈവിംഗ് ഇന്ഡസ്റ്റ്യൂട്ടിൽ ചേർന്ന് ഹെവി വെഹിക്കിൾ ഡ്രൈവിംഗ് പഠിച്ചു.
ചെന്നെ മെട്രോ പൊളിറ്റിനിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ ഓടിക്കുന്ന ഡ്രൈവറായി സുമതി മാറി.
വിത്തിട്ട കർഷകന് വിളവെടുപ്പ് കാണാൻ സാധിച്ചെന്ന് വരില്ല! അശോക് ലൈലാൻഡിന് പിന്നേയും അവകാശികൾ മാറി മാറി വന്നു. ഒപ്പം കമ്പനി വളരുന്നുമുണ്ടായിരുന്നു. 1980-ൽ തമിഴ്നാട്ടിൽ രണ്ടാമത്തെ പ്ലാന്റ് തുറന്നു. 1987-ൽ ഹിന്ദുജ ഗ്രൂപ്പ് അശോക് ലൈലാൻഡിൽ നിക്ഷേപിക്കുന്നു. 2007-ഓടെ അശോക് ലൈലാൻഡിന്റെ മെജോറിറ്റി സ്റ്റേക്കും ഹിന്ദുജ ഗ്രൂപ്പിന്റെ കൈയിലായി. അപ്പോഴും ഒരു സംശയം ബാക്കി നിൽക്കാം. രഘുനന്ദൻ സരൺ തുടങ്ങി വെച്ച്, ലൈലാൻഡിനൊപ്പം വളർന്ന അശോക് ലൈലാൻഡിലെ ആ അശോക് എവിടെ നിന്ന് വന്നു? അശോക്, രഘുനന്ദന്റെ ഏക മകൻ! അശോക് സരൺ! സ്വന്തം മകനെ അത്രമേൽ സ്നേഹിച്ച ഒരു പിതാവിന്റെ വാൽസല്യമായിരുന്നു അശോക് മോട്ടേഴ്സ് എന്ന പേര്. ഉടമസ്ഥനും കയ്യാളുകളും മാറിയെങ്കിലും ആ മകന്റെ പേര് ഇന്ത്യയുടെ നഗര-ഗ്രാമ പ്രദേശങ്ങളിലൂടെ 75 വർഷങ്ങളായി ഓടിക്കൊണ്ടിരിക്കുന്നു, അശോക് ലൈലാന്റ് എന്ന ക്യാപിറ്റൽ ലെറ്ററിലെഴുതിയ ബ്രാൻഡ് നെയിമിൽ..
അശോക് സരണിനെ പലയിടങ്ങളിലും തിരഞ്ഞു. അശോക് ലൈലാൻഡിന്റെ ഒഫീഷ്യൽ രേഖകളിൽ ആ പേരില്ല! ഇന്റർനെറ്റിൽ പരതിയാൽ കിട്ടുക വർഷങ്ങൾക്ക് മുമ്പുള്ള രണ്ട് കോടതി വ്യവഹാരങ്ങളുടെ ഡോക്കുമെന്റിലുള്ളവ മാത്രം. അശോക് സരൺ, അശോക് ലൈലാൻഡ് എന്ന ബ്രാൻഡുമായി ബയോളജിക്കൽ ബന്ധമുള്ള ഒരാൾ ഓർമ്മപോലും അവശേഷിപ്പിക്കാതെ എവിടെയോ മറഞ്ഞിരിക്കുന്നു.
എന്‌റെ ഒരു കൗതുകവും അന്വേഷണവുമാണ്, കുട്ടിക്കാലം മുതൽ കണ്ടു വളർന്ന ഒരു ബ്രാൻഡിൽ ഒരു മനുഷ്യന്റെ പേര് ഉണ്ടാകുന്നു.. പിന്നീട് ആ കമ്പനിയിലോ അതുമായി ബന്ധപ്പെട്ടോ അയാളെവിടെയും ഇല്ലാതാകുന്നു. കമ്പനികളുടെ വളർച്ചയിൽ അതൊക്കെ സ്വാഭാവികമാണ്. എന്നാലും അശോക്! ഈ വാർത്ത കാണുന്ന ആർക്കെങ്കിലും ആ പേരുകാരനെ കണ്ടെത്താനായാൽ കമന്റ് ചെയ്യുമല്ലോ.
Discover the inspiring history of Ashok Leyland, India’s second-largest commercial vehicle company, from its founding by Raghunandan Saran in 1948 to its growth under the Hinduja Group. Learn about the legacy, challenges, and triumphs of this iconic brand.
മുന്നറിയിപ്പ്
എഡിറ്റോറിയൽ ഇൻസൈറ്റ്സ് എന്ന പ്രോഗ്രാമിനുവേണ്ടി വളരെ സൂക്ഷമമായി റിസർച്ച് ചെയ്ത് തയ്യാറാക്കിയ സ്റ്റോറികളുടെ സ്ക്രിപ്റ്റും വീഡിയോയും പൂർണ്ണമായും ചാനൽ അയാം ഡോട്ട് കോം-മിന്റെ (channeliam.com) അസെറ്റാണ്. ഈ സ്ക്രിപ്റ്റിലെ വരികളും ചില പ്രയോഗങ്ങളും വാക്യങ്ങളും channeliam.com-ന് കോപ്പി റൈറ്റ് ഉള്ള മൗലിക സൃഷ്ടികളാണ്. ഇതിനായി തയ്യാറാക്കുന്ന സ്ക്രിപ്റ്റ് പൂർണ്ണമായോ ഭാഗികമായോ പകർത്തുന്നതോ, കോപ്പി ചെയ്ത് ഉപയോഗിക്കുന്നതോ, വാക്യങ്ങളോ വാചകങ്ങളോ പകർത്തുന്നതോ പകർപ്പവകാശത്തിന്റെ ലംഘനമാണ്.