സ്റ്റാർട്ടപ്പുകൾക്കും നിക്ഷേപകർക്കും ഏറെ ആശ്വാസം നൽകികൊണ്ട് സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഏഞ്ചല്‍ ടാക്സ് നിര്‍ത്തലാക്കുന്നതായി ബജറ്റിൽ ധനമന്ത്രി നിര്‍മ്മല സീതാരാമന് പ്രഖ്യാപിച്ചു. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കും ഏഞ്ചല്‍ ടാക്സ് ഒഴിവാക്കൽ ബാധകമാക്കുമെന്നും ധനമന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. ഇതോടെ സ്റ്റാർട്ടപ്പുകളിലെ നിക്ഷേപങ്ങൾക്കുണ്ടായിരുന്ന വലിയൊരു തടസ്സമാണ് ഒഴിവാകുന്നത്.
ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികൾ ഓഫ് മാർക്കറ്റ് ഇടപാടുകളിലൂടെ ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിലൂടെ സമാഹരിക്കുന്ന മൂലധനത്തിന് നൽകേണ്ട ആദായനികുതിയാണ് ഏഞ്ചൽ ടാക്സ്. ആദായനികുതി നിയമത്തിലെ സെക്ഷൻ 56(2) VII B പ്രകാരം, ഒരു വിദേശ നിക്ഷേപകന് ഓഹരികൾ വിൽക്കുമ്പോൾ ലഭിക്കുന്ന പ്രീമിയം “മറ്റ് സ്രോതസ്സുകളിൽ നിന്നുള്ള വരുമാനം” ആയി കണക്കാക്കുകയും അതിനനുസരിച്ച് നികുതി ചുമത്തുകയും ചെയ്യുന്നു. ലിസ്റ്റ് ചെയ്യപ്പെടാത്ത കമ്പനികള്‍ ഒരു ഇന്ത്യന്‍ നിക്ഷേപകനില്‍ നിന്ന് സമാഹരിക്കുന്ന മൂലധനത്തിന് നിലവിൽ കേന്ദ്രം ഏഞ്ചല്‍ ടാക്സ് ഈടാക്കുന്നുണ്ട്. ഇഷ്യൂ ചെയ്ത ഷെയറുകളുടെ ഓഹരി വില കമ്പനിയുടെ ന്യായമായ വിപണി മൂല്യത്തേക്കാള്‍ കൂടുതലാണെങ്കില്‍ നിലവില്‍ 30 ശതമാനത്തോളം ഏഞ്ചല്‍ നികുതി നല്‍കണം.
യുപിഎ-രണ്ടാം ഭരണകാലത്ത് 2012ലെ കേന്ദ്ര ബജറ്റിലാണ് അന്നത്തെ ധനമന്ത്രി പ്രണബ് മുഖര്‍ജി ഏഞ്ചല്‍ ടാക്സ് ആദ്യമായി അവതരിപ്പിച്ചത്. നിക്ഷേപം സ്വരൂപിക്കുന്നതില്‍ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് ഈ നികുതി തടസമായതോടെ ദീർഘകാലമായി സ്റ്റാർട്ടപ്പുകൾ ഈ നികുതി എടുത്തുകളയണമെന്നു ആവശ്യമുന്നയിച്ചു വരികയാണ് .
ഏഞ്ചൽ നിക്ഷേപകരിൽ നിന്നുള്ള ഫണ്ടിംഗ് ഉൾപ്പെടെ മൊത്തം നിക്ഷേപം 10 കോടി രൂപയിൽ കവിയാത്ത സാഹചര്യങ്ങളിൽ ആദായനികുതി നിയമത്തിലെ സെക്ഷൻ 56 പ്രകാരം സ്റ്റാർട്ടപ്പുകൾക്ക് ഇളവ് നൽകാൻ 2018 ൽ സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇളവുകൾക്കായി സ്റ്റാർട്ടപ്പുകൾക്ക് ഇൻ്റർ മിനിസ്റ്റീരിയൽ ബോർഡിൽ നിന്ന് അനുമതിയും ഒരു മർച്ചൻ്റ് ബാങ്കറിൽ നിന്ന് മൂല്യനിർണ്ണയ സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിരുന്നു. ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ പ്രൊമോഷന് ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് വഴി രജിസ്റ്റര്‍ ചെയ്ത സ്റ്റാര്‍ട്ടപ്പുകളെ ഈ വ്യവസ്ഥയില്‍ നിന്ന് 2019ല്‍ കേന്ദ്രം ഒഴിവാക്കിയിരുന്നു. 2023-ൽ സർക്കാരുമായി ബന്ധപ്പെട്ട നിക്ഷേപകർ, ബാങ്കുകൾ, ഇൻഷുറൻസ് ബിസിനസിലെ സ്ഥാപനങ്ങൾ, ചില വിഭാഗത്തിലുള്ള നിക്ഷേപകർ എന്നിവരുൾപ്പെടെയുള്ള നിക്ഷേപകർക്ക് സർക്കാർ കൂടുതൽ ഏഞ്ചല്‍ ടാക്സ്ഇളവുകൾ നൽകി.
The 2024 Union Budget introduces the abolition of angel tax, providing significant relief to startups and investors. Learn about the impact of this reform and the history of angel tax in India.