ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ഏറ്റവും വലിയ പേരുകളായി നാം കേട്ടിരുന്നത് അംബാനിയും ടാറ്റയും ഒക്കെയായിരുന്നു ഒരുകാലത്ത്. എന്നാൽ ഇന്നത് മാറി. പല പ്രമുഖരും ഇവിടേക്ക് കടന്നുവന്നു. അക്കൂട്ടത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി നാം നിരന്തരം കേട്ടു കൊണ്ടിരിക്കുന്ന ഒരു പേരാണ് രവി ജയ്‌പുരിയയുടേത്. ആർജെ കോർപ്പറേഷന്റെ സ്ഥാപകനും, ചെയർമാനുമാണ് ഇദ്ദേഹം. ഇനി ആർജെ കോർപ്പറേഷൻ എന്താണ് എന്നാവും എല്ലാരും ആലോചിക്കുന്നത്. എന്നാൽ ഈ കമ്പനിക്കു കീഴിൽ പ്രവർത്തിക്കുന്ന മറ്റു രണ്ട് ഉപകമ്പനികൾ ഓഹരി വിപണി നിക്ഷേപകരെ സംബന്ധിച്ച് സുപരിചിതമായിരിക്കും- വരുൺ ബിവറേജസ്, ദേവയാനി ഇന്റർനാഷണൽ. ഇനിയും മനസിലാവാത്തവർക്കായി ഇന്ത്യയുടെ കോള കിംഗ് ആണ് രവി. റിപ്പോർട്ടുകൾ പ്രകാരം ഇദ്ദേഹത്തിന്റെ ആസ്തി 152,130 കോടി രൂപയാണ്.
മാർവാരി കുടുംബത്തിലാണ് രവി ജയ്പുരിയയുടെ ജനനം. ഡൽഹിയിലെ മഥുര റോഡിലുള്ള ഡിപിഎസ് സ്‌കൂളിലാണ് പ്രാഥമിക പഠനം. തുടർന്ന് അമേരിക്കയിൽ ബിസിനസ് മാനേജ്മെന്റ് പഠനം പൂർത്തിയാക്കി. 1985-ൽ ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹം ബോട്ടിലിംഗ് എന്ന കുടുംബ ബിസിനസിൽ ചേർന്നു. 1987-ൽ, കുടുംബ ബിസിനസ് നേരിട്ട പിളർപ്പിലൂടെ ഒരു പ്ലാന്റിന്റെ പൂർണ ഉത്തരവാദിത്വം രവിയിലെത്തി.
ഈ പ്ലാന്റ് ഉപയോഗിച്ച് അദ്ദേഹം പെപ്‌സികോയുമായി കരാറിലെത്തി. പിന്നിടങ്ങോട്ട് അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബിസിനസ് നാൾക്കുനാൾ വർധിച്ചു. ഒരു പ്ലാന്റ് വരുൺ ബിവറേജസ് എന്ന പ്രസ്ഥാനമായി. ദേവയാനി ഇന്റർനാഷണൽ, പെപ്സികോ, കെഎഫ്സി, കോസ്റ്റ കോഫി, ഡബ്ല്യുടിസിജെ ടീ എന്നിങ്ങനെ ആ പോർട്ട്‌ഫോളിയോ അതുല്യമായി തുടർന്നുകൊണ്ടേയിരിക്കുന്നു.
പെപ്സികോയുടെ (PepsiCo) ബോട്ടിലിംഗ് പങ്കാളിയായ ദക്ഷിണാഫ്രിക്കൻ കമ്പനി, ബെവ്കോയെ (BevCo) 1,320 കോടി രൂപയ്ക്ക് ഏറ്റെടുത്തതോടെയാണ് വരുൺ ബിവറേജസിന്റെ പ്രാധാന്യം വർധിച്ചത്. ഈ ഏറ്റെടുക്കൽ ആർജെ കോർപ്പറേഷനേയും, രവി ജയ്പുരിയയേയും വളർച്ചയിലേക്ക് നയിച്ചു. വരുൺ ബിവറേജസിന്റെ വിപണി മൂല്യവും ഗണ്യമായി വർധിപ്പിക്കാൻ അവർക്കായി. ഇന്ത്യയിൽ പെപ്‌സികോ കമ്പനിയുടെ പങ്കാളിയാണ് വരുൺ ബിവറേജസ്. ഈ കമ്പനി ഉൾക്കൊള്ളുന്നതാകട്ടെ ആർജെ കോർപ്പറേഷനും.
രവികാന്ത് ജയ്പുരിയ മേൽനേട്ടം നൽകുന്ന മറ്റൊരു കമ്പനി ദേവയാനി ഇന്റർനാഷണൽ ആണ്. ഇന്ത്യയിൽ KFC, Pizza Hut, Costa Coffee, WTCJ ടീ ഔട്ട്ലെറ്റുകളുടെ നിയന്ത്രണം ഈ കമ്പനിക്കാണ്. ഹെൽത്ത് കെയർ സ്ഥാപനമായ മെദാന്തയിലും, ഹോട്ടൽ ശൃംഖലയായ ലെമൺ ട്രീയിലും ജയ്പുരിയയ്ക്ക് വ്യക്തമായ പങ്കുണ്ട്.
Ravi Jaipuria, the “Cola King of India,” built a net worth of ₹152,130 crore through strategic acumen in the beverage industry. Leading Varun Beverages Limited, he became Pepsi’s key franchisee, achieving remarkable growth and global expansion.