ആഫ്രിക്കൻ രാജ്യങ്ങളിൽ എംപോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് എംപോക്സ് വ്യാപനത്തെ തുടർന്ന് ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. കോംഗോയിലും സമീപ രാജ്യങ്ങളിലുമാണ് എംപോക്സ് വ്യാപനം ഭീഷണിയാകുന്നത്.
അടിയന്തര സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ഇന്ന് ലോകാരോഗ്യ സംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഡബ്യു എച്ച് ഒ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആഫ്രിക്കൻ രാജ്യങ്ങളിൽ തുടങ്ങിയ എംപോക്‌സ് ഇപ്പോൾ ലോകത്തിന് തന്നെ ഭീഷണിയായി മാറുന്ന സാഹചര്യമുള്ളതിനാലാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇതുവരെ പതിമൂവായിരത്തിലധികം ആളുകൾക്കാണ് എംപോക്സ് സ്ഥിരീകരിച്ചത്. എംപോക്‌സ് പിടിപ്പെട്ട് 450 ലേറെ മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോംഗോയിലാണ് രോഗം കൂടുതൽ വ്യാപിച്ചിരിക്കുന്നത്. അയൽരാജ്യങ്ങളായ കെനിയ, ഉഗാണ്ട, റുവാണ്ട എന്നിവിടങ്ങളിലേക്കും എംപോക്‌സ് വ്യാപനം അതിതീവ്രമായതോടെയാണ് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
നേരത്തെ മങ്കിപോക്സ് എന്ന പേരിലായിരുന്നു ഈ വൈറസ് വ്യാപനം അറിയപ്പെട്ടിരുന്നത്. വംശീയതയും തെറ്റിദ്ധാരണയ്ക്കുള്ള സാധ്യതയുമുണ്ടെന്ന വാദങ്ങൾ വന്നതോടെ ലോകാരോഗ്യസംഘടന പേരുമാറ്റി എംപോക്സ് എന്ന് വിശേഷിപ്പിക്കുകയായിരുന്നു. മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എൺപോക്സ്. മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് രോഗം കൂടുതലായി കാണപ്പെടുന്നത്. വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്‍റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. 1970ൽ കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ ആദ്യമായി എംപോക്സ് (മങ്കിപോക്സ്) കണ്ടെത്തിയത്.
രോഗം ബാധിച്ച മൃഗങ്ങളുടെ രക്തം, ശരീര സ്രവങ്ങൾ എന്നിവ വഴിയുള്ള നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് എം പോക്സ് മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നത്. വിവിധ ഇനം കുരങ്ങുകൾ, അണ്ണാൻ, എലികൾ എന്നിവയുൾപ്പെടെയുള്ള മൃഗങ്ങളിൽ എംപോക്സ് വൈറസ് അണുബാധയുടെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. രോഗബാധിതനായ ഒരാളുടെ ശ്വാസകോശ സ്രവങ്ങളുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത്. അടുത്ത സമ്പർക്കത്തിലൂടെയും എംപോക്സ് വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരും.
പനി, തീവ്രമായ തലവേദന, നടുവേദന, പേശി വേദന, ഊർജക്കുറവ് എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. പനി വന്ന് 13 ദിവസത്തിനുള്ളിൽ ദേഹത്ത് കുമിളകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങും. മുഖത്തും കൈകാലുകളിലുമാണ് കൂടുതൽ കുമിളകൾ കാണപ്പെടുന്നത്. കൈപ്പത്തി, ജനനേന്ദ്രിയം, കൺജങ്ക്റ്റിവ, കോർണിയ എന്നീ ശരീരഭാഗങ്ങളിലും ഇവ കാണപ്പെടുന്നു.
എം പോക്സ് ഇൻകുബേഷൻ കാലയളവ് 6 മുതൽ 13 ദിവസം വരെയാണ്. ചില സമയത്ത് ഇത് 5 മുതൽ 21 ദിവസം വരെയാകാം. 2 മുതൽ 4 ആഴ്ച വരെ ലക്ഷണങ്ങൾ നീണ്ടു നിൽക്കാറുണ്ട്. മരണ നിരക്ക് പൊതുവെ കുറവാണ്.
വൈറൽ രോഗമായതിനാൽ മങ്കിപോക്സിന് പ്രത്യേക ചികിത്സ ലഭ്യമല്ല. സാധാരണയായി കുട്ടികളിലാണ് രോഗം ഗുരുതരമാകുന്നതായി കാണപ്പെടുന്നത്. രോഗ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതിനും, രോഗം മൂലമുണ്ടാകുന്ന സങ്കീർണതകൾ കൈകാര്യം ചെയ്യുന്നതിനും, ദീർഘകാല പ്രത്യാഘാതങ്ങൾ തടയുന്നതിനും എം പോക്സ് ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. എംപോക്സിന്‍റെ വാക്സിനേഷൻ നിലവിലുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നതോ സ്ഥിരീകരിച്ചതോ ആയ രോഗികളെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരും രോഗബാധിതരുടെ സ്രവങ്ങൾ കൈകാര്യം ചെയ്യുന്നവരും രോഗപ്പകർച്ച ഒഴിവാക്കാൻ ശ്രദ്ധിക്കണം.
The World Health Organization convenes an emergency committee to address the escalating global mpox outbreak, now impacting 116 countries. As the WHO declares the situation an acute Grade 3 emergency, learn about the spread, symptoms, and ongoing efforts to combat this zoonotic disease.