കഠിനാധ്വാനത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും അചഞ്ചലമായ ശക്തിയുടെ സാക്ഷ്യപ്പെടുത്തുന്ന ഹൃദയസ്പർശിയായ കഥകളാണ് ബിസിനസിൽ വിജയം കൈവരിച്ച ഓരോ സംരംഭകന്റെയും വിജയഗാഥകൾ. ജനപ്രിയ ഐസ്ക്രീം ബ്രാൻഡായ നാച്ചുറൽസ് ഐസ് ക്രീമിൻ്റെ സ്ഥാപകനായ രഘുനന്ദൻ ശ്രീനിവാസ് കാമത്തിൻ്റെതും അത്തരം ഒരു പ്രചോദനാത്മകമായ വിജയഗാഥയാണ്. എല്ലാ പ്രതിസന്ധികളെയും കീഴടക്കി കോടിക്കണക്കിന് രൂപയുടെ ബിസിനസ്സ് സാമ്രാജ്യം അദ്ദേഹം സ്ഥാപിച്ചു.
അദ്ദേഹത്തിന്റെ അച്ഛൻ കർണാടകയിൽ ഒരു ചെറിയ പഴക്കച്ചവടക്കാരനായിരുന്നു. മംഗലാപുരത്തെ ഒരു ചെറിയ ഗ്രാമത്തിൽ പഴങ്ങൾ വിൽക്കാൻ രഘുനന്ദനും പിതാവിനെ സഹായിച്ചു. പിന്നീട് പഴുത്ത പഴങ്ങൾ പറിച്ചെടുക്കാനും തരംതിരിക്കാനും സംരക്ഷിക്കാനും ഉള്ള വൈദഗ്ധ്യം രഘുനന്ദൻ പഠിച്ചു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം പിതാവിൻ്റെ ബിസിനസ്സ് ഉപേക്ഷിച്ച് 14 വയസിൽ മംഗലാപുരത്ത് നിന്ന് മുംബൈയിലേക്ക് പോയി. മുംബൈയിലെ ഒരു ദക്ഷിണേന്ത്യൻ റെസ്റ്റോറൻ്റിൽ തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്യാൻ തുടങ്ങി.
പിന്നീട് സ്വന്തമായി എന്തെങ്കിലും ബിസിനസ് ചെയ്യണം എന്ന ആഗ്രഹം രഘുനന്ദന് ഉണ്ടായി. അങ്ങനെ അദ്ദേഹം 1984 ഫെബ്രുവരി 14-ന് നാല് തൊഴിലാളികളും 10 ഐസ്ക്രീം ഫ്ലേവറുകളുമായി നാച്ചുറൽ ഐസ്ക്രീം സ്ഥാപിച്ചു. ഈ ഐസ്ക്രീം ഉണ്ടാക്കാൻ പഴം, പാൽ, പഞ്ചസാര എന്നിവ മാത്രമാണ് അദ്ദേഹം ഉപയോഗിച്ചത്. അതിനാൽ, പുതിയ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി പാവ് ഭാജി പ്രധാന വിഭവമായും ഐസ്ക്രീം ഒരു സൈഡ് ഐറ്റമായും അദ്ദേഹം വിൽക്കാൻ തുടങ്ങി. 12 രുചികളോടെ ആരംഭിച്ച സ്റ്റോർ അതിൻ്റെ സ്വാദിഷ്ടമായ രുചി കാരണം ഒരു പ്രശസ്ത ഐസ്ക്രീം പാർലറായി മാറി.
ജുഹുവിലെ തൻ്റെ ചെറിയ കടയിൽ നിന്ന് ആദ്യ വർഷം തന്നെ രഘു 500000 രൂപ വരുമാനം നേടി. പിന്നീട് ഐസ്ക്രീം കമ്പനി തുടങ്ങാൻ വേണ്ടി പാവ് ഭാജി വിൽക്കുന്നത് നിർത്തി. അതിനുശേഷം, ബിസിനസ്സ് വൈവിധ്യവത്കരിക്കപ്പെട്ടു. നിലവിൽ രാജ്യത്തുടനീളമുള്ള 135 സ്ഥലങ്ങളിൽ അദ്ദേഹത്തിന് കടകളുണ്ട്. 20 രുചികളിൽ നാച്ചുറൽ ഐസ്ക്രീം വിൽക്കുന്നുമുണ്ട്.
റിപ്പോർട്ടുകൾ പ്രകാരം, 2020 സാമ്പത്തിക വർഷത്തിൽ നാച്ചുറൽസ് ഐസ്ക്രീമിൻ്റെ റീട്ടെയിൽ വരുമാനം ഏകദേശം 400 കോടി രൂപയാണ്. കെപിഎംജി സർവേയിൽ മികച്ച ഉപഭോക്തൃ അനുഭവം നൽകുന്ന ഇന്ത്യയിലെ മികച്ച 10 കമ്പനികളുടെ പട്ടികയിലും ഇത് ഇടം പിടിച്ചിട്ടുണ്ട്. ‘ഇന്ത്യയിലെ ഐസ് ക്രീം മാൻ’ എന്ന പേരിൽ പ്രശസ്തൻ ആയിരുന്നു രഘു നന്ദൻ. ഈ വർഷം മെയ് മാസത്തിൽ ആണ് 70-ാം വയസ്സിൽ അദ്ദേഹം അന്തരിച്ചത്.
Discover the inspiring journey of Raghunandan Kamath, founder of Naturals Ice Cream, who turned his humble beginnings into a thriving multi-crore business.