മലയാളി കോഫൗണ്ടറായ ഫ്രഞ്ച് കമ്പനിയെ സാംസങ് ഏറ്റെടുത്തു. മലയാളിയായ ദീപക് പ്രകാശ് കോഫൗണ്ടറായുള്ള ‘സോണിയോ’ (sonio.ai) എന്ന ഫ്രഞ്ച് കമ്പനിയെ ആണ് സാംസങ് ഇലക്‌ട്രോണിക്സിന്റെ അനുബന്ധ കമ്പനിയായ സാംസങ് മെഡിസൺ ഏറ്റെടുത്തത്. 775 കോടി രൂപയുടേതാണ് ഇടപാട് എന്നാണ് സൂചന.
ഗർഭിണികളുടെ അൾട്രാസൗണ്ട് സ്‌കാനിങ് പ്രക്രിയ നിർമിതബുദ്ധി (എ.ഐ.) യുടെ സഹായത്തോടെ കൂടുതൽ കാര്യക്ഷമമാക്കുന്ന സോഫ്റ്റ്‌വേറാണ് സോണിയോയുടെ പ്രധാന ഉത്പന്നം. ഗർഭസ്ഥശിശുക്കളുടെ വളർച്ച കൃത്യമായി വിലയിരുത്താൻ ഈ സോഫ്റ്റ്‌വേർ സഹായിക്കുന്നു. സാംസങ് മെഡിസൺ ആകട്ടെ, ലോകത്തിലെ മുൻനിര മെഡിക്കൽ ഉപകരണ നിർമാതാക്കളാണ്. സോണിയോയെ ഏറ്റെടുക്കുന്നതോടെ ഗൈനക്കോളജി അൾട്രാസൗണ്ട് രംഗത്ത് ഉന്നത സാങ്കേതികവിദ്യ ഒരുക്കാൻ സാംസങ് മെഡിസണിന് കഴിയും.
ഏറ്റെടുക്കലിനു ശേഷവും ദീപക് പ്രകാശ് ഉൾപ്പെടുന്ന സോണിയോയുടെ ടീം തുടരും. കോഴിക്കോട് സ്വദേശിയായ ദീപക്, എറണാകുളം തൃക്കാക്കര മോഡൽ എൻജിനിയറിങ് കോളേജിൽനിന്ന് 2006-ലാണ് ബി.ടെക് (കംപ്യൂട്ടർ സയൻസ്) പൂർത്തിയാക്കിയത്. ഏതാനും കമ്പനികളിൽ ജോലിചെയ്ത ശേഷം സൂംഡെക്ക് എന്ന പേരിൽ സ്വന്തം സംരംഭത്തിന് തുടക്കം കുറിച്ചെങ്കിലും അത് വിജയിച്ചില്ല. തുടർന്ന്, 2014-ൽ പാരീസിലെത്തി ആലെഫ്ഡി, എ.ഒ.എൽ. എന്നീ കമ്പനികളിൽ പ്രവർത്തിച്ചു. നാലുവർഷം മുൻപാണ് ഫ്രഞ്ചുകാരായ സെസിൽ ബ്രോസെറ്റ്, റെമി ബെസൺ എന്നിവരുടെ നേതൃത്വത്തിൽ തുടങ്ങിയ സോണിയോ എന്ന സ്റ്റാർട്ടപ്പിൽ കോഫൗണ്ടറും ചീഫ് ടെക്‌നോളജി ഓഫീസറുമായി ചേർന്നത്.
Samsung Medicine, a subsidiary of Samsung Electronics, has acquired the French company Sonio for Rs 775 crore. Co-founded by Malayali Deepak Prakash, Sonio’s AI-driven ultrasound technology enhances fetal growth assessments.