ഫുഡ് ഡെലിവറി ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കാൻ സൊമാറ്റോ
സിഇഓ ദീപീന്ദർ ഗോയൽ (Deepinder Goyal, CEO of Zomato) കഴിഞ്ഞ ദിവസം നേരിട്ട് ഭക്ഷണ വിതരണത്തിന് ഇറങ്ങി ശ്രദ്ധ നേടിയിരുന്നു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും ആവോളം വാഴ്ത്തുകയും ചെയ്തു. എന്നാൽ ഭക്ഷണ വിതരണത്തിനിടയ്ക്ക് അദ്ദേഹത്തിനുണ്ടായ മോശം അനുഭവം ഡെലിവറി തൊഴിലാളികൾ നേരിടുന്ന ദുരനുഭവങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ലിഫ്റ്റില്ല
ഭക്ഷണവിതരണത്തിനായി ഗുരുഗ്രാമിലെ ആംബിയൻസ് മാളിൽ (Ambience Mall, Gurgaon) എത്തിയ തന്നെ ജീവനക്കാർ തടഞ്ഞു എന്നും ലിഫ്റ്റിൽ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മൂന്ന് നില സ്റ്റെപ്പ് കയറിയാണ് താൻ ഓർഡർ സ്വീകരിച്ചതെന്നും ഗോയൽ എക്സിൽ പോസ്റ്റ്
ചെയ്ത വീഡിയോയയിൽ പറയുന്നു. മാളുകളും വിതരണ സ്ഥാപനങ്ങളും ഡെലിവറി ജീവനക്കാരോട് മനുഷ്യത്വപരമായി പെരുമാറണമെന്നും വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പിൽ അദ്ദേഹം പറഞ്ഞു.
കാത്തിരിപ്പ് പടിയിൽ
ഗുരുഗ്രാം ആംബിയൻസ് മാളിലെ ഹൽദിറാമിൽ നിന്നും ഓർഡർ സ്വീകരിക്കാൻ
എത്തിയതായിരുന്നു ഗോയൽ. മാളിനകത്തേക്ക് കയറുമ്പോൾ തന്നെ സെക്യൂരിറ്റി
ജീവനക്കാർ അദ്ദേഹത്തെ തടഞ്ഞ് പുറത്തെ വഴിയിലൂടെ കയറാൻ ആവശ്യപ്പെട്ടു.
പുറത്തേക്ക് പോയ ഗോയൽ അവിടെ ലിഫ്റ്റ് ഇല്ല എന്ന് കണ്ട് തിരിച്ചു വന്ന്
ജീവനക്കാരോട് സംസാരിച്ചു. എന്നാൽ അകത്തെ ലിഫ്റ്റിൽ ഡെലിവറി ജീവനക്കാർക്ക്പ്ര വേശനമില്ല എന്നായിരുന്നു സെക്യൂരിറ്റിക്കാരുടെ വാദം. തുടർന്ന് മൂന്നാം നിലയിലുള്ള സ്ഥാപനത്തിലേക്ക് പുറത്തെ കോണിപ്പടി വഴി
പ്രവേശിക്കുകയായിരുന്നു എന്ന് ഗോയൽ പറഞ്ഞു. പടികളിൽ നിറയെ മറ്റ് ഡെലിവറി തൊഴിലാളികൾ ഭക്ഷണം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നെറ്റിസൺസിന് രോഷം
സംഭവത്തെത്തുടർന്ന് സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് രോഷപ്രകടനവുമായി
എത്തിയത്. മാളുകളിൽ മാത്രമല്ല പല ഫ്ലാറ്റുകളിലും ഡെലിവറി ഏജന്റുകൾക്ക്
ലിഫ്റ്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് ആളുകൾ പോസ്റ്റിനു താഴെ
പറയുന്നു. സിഇ നേരിട്ട് ഇറങ്ങിയത് കൊണ്ട് ഇത് വാർത്തയായെന്നും ദിവസവും
ഇത് പോലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്നവരാണ് ഇത്തരം ജീനക്കാരെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. മാൾ എന്നത് സ്വകാര്യ സ്ഥാപനമാണെങ്കിലും അതൊരു പബ്ലിക് ഇടം ആയാണ് പ്രവർത്തിക്കുന്നത്. അവിടെ എത്തുന്നവരോട് ഇത്തരത്തിൽ വിവേചനം കാണിക്കുന്നത് ശരിയല്ല എന്നും പോസ്റ്റിന് താഴെ വന്ന കമന്റുകൾ പറയുന്നു.
ഉടൻ പരിഹാരം
സംഭവം വിവാദമുണ്ടാക്കിയതിനു പിന്നാലെ ആമ്പിയൻസ് മാൾ ഡെലിവറി
ജീവനക്കാർക്ക് ഭക്ഷണം ശേഖരിക്കുന്നതിനായി പ്രത്യേക ഇടം ഒരുക്കുമെന്ന്
ഉറപ്പ് നൽകിയതായി ഗോയൽ മറ്റൊരു പോസ്റ്റിൽ പറഞ്ഞു. ഭക്ഷണം
ശേഖരിക്കുന്നതിനായി മാളിൽ തന്നെ ജീവനക്കാരെ നിർത്തുന്നതിനും
ധാരണയായിട്ടുണ്ട്. മറ്റ് മാളുകളും ഈ സമീപനം സ്വീകരിക്കണമെന്നും
ജീവനക്കാർക്കും ഉപഭോക്താക്കൾക്കും ഗുണകരമാകുന്ന പുതിയ ആശയങ്ങൾ
നിർദേശിക്കണെന്നും ദീപീന്ദർ ഗോയൽ ആവശ്യപ്പെട്ടു.
നിയമം എന്ത്
ഫുഡ് ഡെലിവറി ജീവനക്കാർ ഗിഗ് വർക്കേഴ്സ് എന്ന വിഭാഗത്തിലാണ് വരിക. ഈ
വിഭാഗത്തിൽ ഉള്ളവരെ ഇന്ത്യൻ ലേബർ നിയമമനുസരിച്ച് തൊഴിലാളികളായി
കണക്കാക്കുന്നില്ല. ഇൻഡിപ്പെൻഡൻ്റ് കോൺട്രാക്ടേർസ് എന്ന നിലയിൽ ജോലി
ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്ക് അത് കൊണ്ട് തന്നെ ഇത്തരം
വിവേചനങ്ങൾക്കെതിരെ വേണ്ട പരിരക്ഷ ലഭിക്കുന്നില്ല.
Zomato CEO Deepinder Goyal spent a day as a delivery agent, revealing the challenges faced by delivery personnel. His experience at a Gurugram mall highlights the need for improved working conditions and greater respect for gig economy workers.