റെയിൽ പാത വികസനമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ നിലവിലെ റെയിൽ പാതകളിലൂടെ 160-200 കിലോമീറ്റർ വേഗത്തിലോടുന്ന ട്രെയിനുകൾക്ക് പോകാൻ അനുമതി നൽകണമെന്നും റെയിൽ പാതകളുടെ എണ്ണം 3-4 വരിയാക്കുന്നത്തിനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. തിരുവനന്തപുരം-മംഗലാപുരം റൂട്ടിൽ മൂന്നും നാലും ലൈനുകൾ നിർമിച്ച് ഡൽഹിയിലും ബെഗളൂരുവിലും ഉള്ളതു പോലെ നമോ ഭാരത് റാപ്പിഡ് ട്രെയിൻ കൊണ്ട് വരണമെന്നും കൂടിക്കാഴ്ചയിൽ കേരളം ആവശ്യമുന്നയിച്ചു. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥതലത്തിൽ ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു.
മൂന്നും നാലും ലൈനുകളുടെ റെയിൽപാത നിർമാണത്തിനായി കേരളം സ്ഥലം വിട്ടു നൽകും. റെയിൽവേ സർവേ നടപടികൾ പുരോഗമിക്കുകയാണ്. കൂടുതൽ വേഗത്തിലോടുന്ന ട്രെയിനുകൾ കേരളത്തിന് അത്യന്താപേക്ഷിതമാണെന്നും വന്ദേ ഭാരത് സർവീസുകൾക്ക് കേരളത്തിലുള്ള സ്വീകാര്യത ഇതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ പാതകളുടെ പരിമിതF വെച്ച് കേരളത്തിൽ വന്ദേ ഭാരത് 73 കിലോമീറ്റർ വേഗതയിലാണ് ഓടുന്നത്. എന്നിട്ടു പോലും ഇന്ത്യയിൽ തന്നെ ഏറ്റവും ജനത്തിരക്കുള്ള വന്ദേ ഭാരത് ഓടുന്നത് കേരളത്തിലാണ്.
നേരത്തെ കേരളത്തിന് പത്ത് നമോ ഭാരത് ട്രെയിനുകൾ ലഭിക്കുമെന്ന് സൂചനയുണ്ടായിരുന്നു. വന്ദേ മെട്രോ എന്ന പേരിൽ രൂപകൽപ്പന ചെയ്ത ട്രെയിനുകളാണ് നിലവിൽ നമോ ഭാരത് റാപ്പിഡ് ട്രെയിൻ എന്ന പേരിൽ അറിയപ്പെടുന്നത്. വന്ദേ ഭാരത് എക്സ്പ്രസുകളുടെ മിനിപതിപ്പാണ് ഇവ. 160 കിലോമീറ്റർ ആണ് പരമാവധി വേഗം.
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ നേരത്തെ വന്ദേ മെട്രോയ്ക്കായി 10 റൂട്ടുകൾ ശുപാർശ ചെയ്തിരുന്നു. ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ പാസഞ്ചർ / മെമു ട്രെയിനുകൾക്ക് പകരമാകും നമോ ഭാരത് ട്രെയിനുകൾ ഓടുക. തിരുവനന്തപുരം ഡിവിഷന് കീഴിൽ, കൊല്ലം-തൃശൂർ, കൊല്ലം-തിരുനെൽവേലി, തിരുവനന്തപുരം-എറണാകുളം, ഗുരുവായൂർ-മധുര എന്നീ സർവീസുകൾ ലഭ്യമാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്തേക്കുള്ള സർവീസുകളിൽ ഒന്ന് കോട്ടയം വഴിയും മറ്റൊന്ന് ആലപ്പുഴ വഴിയുമായിരിക്കും.
Kerala’s Chief Minister Pinarayi Vijayan met with Union Railway Minister Ashwini Vaishnav to discuss the enhancement of railway infrastructure, including introducing high-speed trains and constructing additional rail lines. Discover the latest updates on Kerala’s railway development plans.