രാജ്യത്ത് ആദ്യമായി രക്ഷിതാക്കൾക്കുള്ള പാഠപുസ്തകങ്ങൾ പ്രസിദ്ധീകരിച്ച് കേരളം. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തെ പിന്തുണയ്ക്കാൻ രക്ഷിതാക്കളെ പ്രാപ്തരാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വളരുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ എന്ന തലക്കെട്ടിലുള്ള പുസ്തകം വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. വിദ്യാർഥികളുടെ സമഗ്ര വികസനം ഉറപ്പാക്കി രക്ഷിതാക്കളും വിദ്യാലയങ്ങളും കുട്ടികളും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
പ്രീപ്രൈമറി, ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാർഥികളുടെ രക്ഷിതാക്കൾക്കായി ഓരോ വിഭാഗത്തിനും പ്രത്യേക പുസ്തകവും ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്കായി ഒരു പുസ്തകവും ചേർത്ത് നാല് പുസ്തകങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
ഓരോ വിഭാഗത്തിലേയും കുട്ടികളുടെ രക്ഷിതാക്കൾക്ക് കുട്ടികളുടെ വളർച്ച, പഠനാവശ്യങ്ങൾ തുടങ്ങിയവ എങ്ങനെ സമീപിക്കണം എന്നതിനെ കുറിച്ച് വിശദമായ മാർഗനിർദേശം പുസ്തകങ്ങളിൽ അടങ്ങിയിരിക്കുന്നു. കുട്ടികളുടെ ശാരീരിക വളർച്ചയെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃത്യമായ അവബോധം നൽകും. വിദ്യാർഥികളുടെ ജീവിത നൈപുണ്യം, ലൈംഗിക വിദ്യാഭ്യാസം, ആരോഗ്യം, ലഹരി ഉപയോഗ സാധ്യത, സാമൂഹിക-പാരിസ്ഥിതിക ബോധം തുടങ്ങിയവ സംബന്ധിച്ച നിർദ്ദേശവും ഉള്ളടക്കത്തിലുണ്ട്.
സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ രക്ഷിതാക്കൾക്ക് ബോധവൽക്കരണവും നടത്തും.