റോദ എന്ന വാക്കിന് തടസ്സം എന്നാണ് അർത്ഥം. തടസ്സങ്ങളില്ലാതെ ട്രേഡിങ്ങ് ചെയ്യാം എന്ന ആശയത്തോടെയാണ് 2010ൽ സെറോദ (സീറോ തടസ്സം) എന്ന സ്റ്റോക് ബ്രോക്കറിങ് സ്ഥാപനവുമായി നിഖിൽ കാമത്തും സഹോദരൻ നിധിൻ കാമത്തും രംഗത്തെത്തുന്നത്. 14 വർഷങ്ങൾക്കു ശേഷം രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക് ബ്രോക്കറിങ് സ്ഥാപനമാണ് സെറോദ.
ഇന്ത്യൻ സംരംഭക ലോകത്തേക്ക് യുവത്വത്തിന്റെ ചുറുചുറുക്കുള്ള ആശയങ്ങളുമായി കടന്നു വന്ന വ്യക്തിത്വമാണ് നിഖിൽ കാമത്ത്. 37ാം വയസ്സിൽ അദ്ദേഹം എത്തിപ്പിടിച്ച നേട്ടങ്ങൾ ആശ്ചര്യം ഉളവാക്കുന്നതാണ്. 2024ലെ ഫോർബ്സ് ധനികരുടെ പട്ടിക പ്രകാരം 25730 കോടി രൂപയാണ് അദ്ദേഹത്തിന്റെ ആസ്തി. ഈ നേട്ടം കാമത്തിന്റെ അതുല്യ നേതൃപാടവത്തിന്റേയും ഉൾക്കാഴ്ചകളുടേയും സമർപ്പണത്തിന്റേയും ഫലമാണ്. കോൾ സെന്റർ ജീവനക്കാരൻ എന്ന നിലയിൽ ആരംഭിച്ച യാത്രയാണ് ഇന്ന് സംരംഭക ലോകത്തെ അദ്ഭുതത്തിൽ എത്തിനിൽക്കുന്നത്.
ബെംഗളൂരു ബോയ്,
പത്തിൽ നിർത്തിയ പഠിത്തം
ബെംഗളൂരുവിൽ ജനിച്ച കമ്മത്ത് പത്താം തരം ആയപ്പോഴേക്കും സ്കൂളിൽ പോകുന്നത് നിർത്തി. ചെറുപ്രായത്തിൽ തന്നെ നിഖിൽ പണമുണ്ടാക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ചുകൊണ്ടേയിരുന്നു. അങ്ങനെയാണ് കോൾ സെൻ്റർ ജീവനക്കാരനിൽ നിന്നും സ്റ്റോക് മാർക്കറ്റ് ലോകത്തേക്ക് നിഖിൽ എത്തുന്നത്. ട്രേഡിങ്ങിലെ ആദ്യപാഠങ്ങൾ ഭാവിയിലെ വലിയ സാമ്രാജ്യങ്ങളിലേക്കുള്ള ആദ്യ പടി കൂടിയായി.
കോടികളുടെ ആസ്തി ഉള്ളപ്പോഴും അവ ധൂർത്തടിച്ചു കളയുന്ന സ്വഭാവക്കാരനല്ല നിഖിൽ. ബിൽ ഗേറ്റ്സും വാറൻ ബഫറ്റും ചേർന്ന് ആരംഭിച്ച ഗിവിങ് പ്ലെഡ്ജ് എന്ന ചാരിറ്റബിൾ കാംമ്പെയ്നിലേക്ക് വൻ തുക സംഭാവനയായി നൽകി 2023ൽ നിഖിൽ മാതൃകയായി. സാമൂഹ്യ വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും നിഖിൽ നൽകുന്ന പിന്തുണ വലുതാണ്. ഇന്ത്യയിലെ സ്റ്റോക് ട്രേഡിങ്ങിന്റെ തലവര മാറ്റിയതിനൊപ്പം ഈ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടിയാണ് നിഖിലിനെ വേറിട്ടു നിർത്തുന്നത്.
സെറോദയ്ക്കൊപ്പം ഇൻവെസ്റ്റ്മെന്റ് മാനേജ്മെൻ്റ് സംരംഭമായ ട്രൂ ബീക്കണിന്റെ സ്ഥാപകൻ കൂടിയാണ് നിഖിൽ കാമത്ത്. ചിലവു ചുരുക്കിയുള്ള നിക്ഷേപ മാർഗങ്ങൾ തുറന്നു തരുന്ന സംരംഭം ടെക്നോളജിയെ എല്ലാവർക്കും വേണ്ടിയുള്ള സാമ്പത്തിക സേവനങ്ങൾക്ക് കൃത്യമായ രീതിയിൽ ഉപയോഗപ്പെടുത്തുന്നതിന്റെ തെളിവാണ്.
2024 ഫോർബ്സ് സമ്പന്ന പട്ടികയിൽ 1062ാം സ്ഥാനത്തുള്ള നിഖിൽ കാമത്തിന്റെ ആസ്തി 25730 കോടി രൂപയാണ്. 18ാം വയസ്സിൽ മാരുതി സെൻ ഉപയോഗിച്ചിരുന്ന നിഖിലിന്റെ ഗാരേജിൽ ഇന്ന് ഓഡി ഏ6ഉം പോർഷെ ബോക്സ്റ്റർ എസ് കൺവേർട്ടിബിളും അടക്കം നിരവധി വാഹനങ്ങളുമുണ്ട്.
Discover Nikhil Kamath’s rise to becoming India’s youngest billionaire. From humble beginnings to co-founding Zerodha, his journey showcases resilience, innovation, and a commitment to democratizing stock trading in India.