സ്ത്രീശാക്തീകരണത്തിൽ എന്നും മുൻപന്തിയിലുള്ള സംസ്ഥാനമാണ് കേരളം. ആ ചരിത്രത്തിലേക്ക് പുതിയ അധ്യായം എഴുതി ചേർക്കുകയാണ് കൊച്ചി വാട്ടർ മെട്രോ. മെട്രോ ഫെറികളുടെ പൈലറ്റുമാരായി മൂന്ന് വനിതകളെ നിയമിച്ചാണ് രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോ ചരിത്രമെഴുതുന്നത്. ഏ. അരുണിമ, ആർ. എസ്. ലക്ഷ്മി, എസ്. സ്നേഹ എന്നീ മൂന്ന് ചുണക്കുട്ടികളാണ് കൊച്ചി വാട്ടർ മെട്രോ ഫെറി നിയന്ത്രിക്കുന്ന പൈലറ്റുമാരായി എത്തിയിരിക്കുന്നത്.
ട്രെയിനി ലസ്കാർസ് ആയി പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്ന മൂവർസംഘം ഒരു വർഷത്തിനുള്ളിൽ മുഴുവൻ സമയ പൈലറ്റുമാരാകും. വാട്ടർ മെട്രോയിൽ മാത്രമല്ല സാധാരണ ബോട്ട് സർവീസുകളിൽ പോലും പൈലറ്റ് സ്ഥാനത്ത് പുരുഷ മേധാവിത്വമുള്ള സാഹചര്യത്തിലാണ് ഇവരുടെ വരവ് വേറിട്ടു നിൽക്കുന്നത്. അരുണിമയും ലക്ഷ്മിയും സ്നേഹയും ഇന്ത്യയിൽത്തന്നെ ജനറൽ പർപ്പസ് റേറ്റിങ് കൺവേഷൻ കോഴ്സ് പാസ്സാകുന്ന ആദ്യ വനിതകൾ കൂടിയാണ്. കേരള മെരിടൈം ബോർഡിന്റെ പരിശീലനം പൂർത്തിയാക്കിയ ഇവർ ഒരു വർഷത്തെ വാട്ടർ മെട്രോ ട്രെയിനിങ്ങിനു ശേഷം നൂറ് യാത്രക്കാരുള്ള ഫെറിയുടെ പൈലറ്റായി മാറും. നിലവിൽ ഹൈകോർട്ട്-വൈറ്റില റൂട്ടിലെ അംഗങ്ങളാണ് ഇവർ.
കൊല്ലം സ്വദേശിനിയായ അരുണിമ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിനു ശേഷമാണ് കൊച്ചി വാട്ടർ മെട്രോയ്ക്ക് കീഴിൽ ലസ്കാർ ലൈസൻസ് നേടിയത്. രാജ്യത്തെ ആദ്യ വാട്ടർ മെട്രോയെ എന്നും അത്ഭുതത്തോടെയാണ് കണ്ടിരുന്നത് എന്ന് അരുണിമ പറഞ്ഞു. ട്രെയിനിങ് ആരംഭിച്ചപ്പോൾ കപ്പലുകളിലും മറ്റും കാണുന്ന ഹൈടെക് സന്നാഹങ്ങൾ ആ അത്ഭുതം വർധിപ്പിച്ചു. ജലഗതാഗതത്തെക്കുറിച്ച് വാട്ടർ മെട്രോയിൽ എത്തുന്നതിനു മുൻപ് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ലെന്ന് തിരുവനന്തപുരം സ്വദേശിയായ ലക്ഷ്മി പറഞ്ഞു. ലക്ഷ്മിയും എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കിയതാണ്. സുരക്ഷിതമായ ഫെറി നിയന്ത്രണത്തോടൊപ്പം ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിൽ അവ നീക്കുന്നതും ഇപ്പോൾ പഠിക്കുന്നു.
ബോട്ട് ക്രൂവിൽ ചേരാനുള്ള സ്ത്രീകളുടെ താത്പര്യം വാട്ടർ മെട്രോ അധികൃതർക്കും പ്രചോനദമാകുന്നു. സ്ത്രീ ശാക്തീകരണത്തിലുള്ള മെട്രോയുടെ നിലപാടാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വനിതകളെ ഈ രംഗത്തേക്ക് കൊണ്ടു വരികയാണ് ലക്ഷ്യമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിലാദ്യമായി ജിപിആർ കൺവേഷൻ കോഴ്സ് ആരംഭിച്ച സംസ്ഥാനവും കേരളമാണ്.
ഇന്ത്യയിലെ ആദ്യ വനിതാ മെർച്ചന്റ് നേവി ഓഫീസർ ക്യാപ്റ്റൻ രാധിക മേനോൻ കൂടുതൽ വനിതാ പൈലറ്റുമാരെ കൊണ്ടുവരാനുള്ള കൊച്ചി വാട്ടർ മെട്രോയുടെ പ്രവർത്തനങ്ങളെ സ്വാഗതം ചെയ്തു.
Kochi Water Metro Ltd. is training its first women pilots, Arunima A, Lekshmi RS, and Sneha S, to operate electric-hybrid ferries. Discover their inspiring journey and the impact of their groundbreaking achievement on India’s marine transport sector.