എസി കോച്ചും വമ്പൻ സൗകര്യങ്ങളോടും കൂടി വേഗത്തിലോടുന്ന എത്രയോ പുതിയ ട്രെയിനുകളാണ് ഇന്ത്യയിലുള്ളത്. എന്നാൽ വൃത്തിയുടെ കാര്യം വരുമ്പോൾ ഇന്ത്യൻ റെയിൽവേ എന്നു കേട്ടാൽ ഇന്നും മൂക്ക് പൊത്തി നെറ്റിചുളിക്കുന്നവർ തന്നെയാണ് നമ്മളിൽ പലരും. അത്തരക്കാർക്ക് മൂക്ക് പൊത്തി നെറ്റി ചുളിക്കാൻ ഒരു കാരണം കൂടി കിട്ടിയിരിക്കുകയാണ് ഇപ്പോൾ. കമ്പിളിപ്പുതപ്പാണ് ആ കാരണം.
ഇന്ത്യയിലെ ഒട്ടുമിക്ക ട്രെയിനുകളിലേയും എസി കോച്ചുകളിൽ പുതപ്പും തലയണയും വിരിപ്പും നൽകാറുണ്ട്. എന്നാൽ ഇതെല്ലാം അലക്കിയതാണോ, വൃത്തിയുള്ളതാണോ എന്നെല്ലാം എങ്ങനെ അറിയും? അതറിയാൻ കൂടിയാണ് വിവരാവകാശ നിയമം. ഈയിടെ ഇന്ത്യൻ എക്സ്പ്രസ് പത്രം വിവരാവകാശ നിയമപ്രകാരം നടത്തിയ അപേക്ഷയിൽ ഉപയോഗിക്കുന്ന പുതപ്പുകൾ എത്ര തവണ കഴുകാറുണ്ട് എന്ന ചോദ്യം ഉന്നയിച്ചു. വൃത്തി ലേശം കൂടിപ്പോയോ ചേട്ടാ എന്ന മട്ടിൽ മാസത്തിൽ ഒരു തവണ എന്ന ഉത്തരമാണ് റെയിൽവേ നൽകിയത്.
ഉന്തും തള്ളുമില്ലാതെ അത്യാവശ്യം വൃത്തിയിലും വെടിപ്പിലും ഒപ്പം സുരക്ഷിതമായും യാത്ര ചെയ്യാം എന്നു കരുതിയാണ് പലരും കൂടിയ നിരക്കായിട്ടും എസി ടിക്കറ്റുകൾ എടുക്കുന്നുണ്ടാകുക. അങ്ങനെ ടിക്കറ്റ് എടുക്കുന്നവരെ അമ്പരിപ്പിക്കുന്ന മറുപടിയാണ് റെയിൽവേയുടേത്. ദൂരയാത്രകളിൽ എസി കോച്ചിൽ പുതപ്പില്ലാതെ സഞ്ചരിക്കുന്നത് ബുദ്ധിമുട്ടാണ്. അത്തരം യാത്രകളിൽ പുതപ്പ് കൈവശം വെക്കുന്നത് പ്രായോഗികവുമല്ല. ഈ സാഹചര്യത്തിലാണ് റെയിൽവേയുടെ മറുപട് വാർത്തയായത്.
യാത്രക്കാർക്കു നൽകുന്ന വെള്ള വിരിപ്പ് ഓരോ ഉപയോഗത്തിനു ശേഷവും കഴുകാറുണ്ട് എന്ന് റെയിൽവേ പറയുന്നു. എന്നാൽ കമ്പിളിപ്പുതപ്പ് മാസത്തിൽ ഒരിക്കൽ മാത്രമാണ് കഴുകുന്നത്. പുതപ്പുകൾ മാസത്തിൽ രണ്ട് തവണയെങ്കിലും കഴുകേണ്ടതാണ്. എന്നാൽ ഇതിനാവശ്യമായ ക്രമീകരണങ്ങൾ നിലവിലില്ലെന്നും റെയിൽവെ വ്യക്തമാക്കി.
എസി കോച്ചിൽ നൽകുന്ന പുതപ്പുകൾ, വിരികൾ, തലയിണ എന്നിവയ്ക്ക് യാത്രക്കാരിൽ നിന്ന് നിരക്ക് ഈടാക്കാറുണ്ടോ എന്ന ചോദ്യത്തിന് ഇതെല്ലാം ട്രെയിൻ നിരക്കിന്റെ ഭാഗമാണെന്നാണ് റെയിൽവേയുടെ മറുപടി.
Concerns about hygiene on Indian Railways arise due to infrequent cleaning of wool blankets, posing health risks from allergens and pathogens. Best practices for safe travel are advised.